എൺപത്തിയേഴു വയസായ ഒരാൾ മരിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഏതു പ്രായത്തിലും ആർക്കും എപ്പോൾ വേണമെങ്കിലുംമരിക്കാവുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇക്കഴിഞ്ഞ മാർച്ച് ഏഴാം തീയതി മരിച്ച ഭാരതി പേരമ്മയുടെ കാര്യത്തിലും അതിനു വ്യത്യാസമൊന്നും ഇല്ല. എന്റെ അമ്മയുടെ ചേച്ചിയാണ് ഭാരതിപേരമ്മ. ചേച്ചിയെന്നാൽ സ്വന്തം ചേച്ചിയല്ല, വല്യമ്മയുടെ മകൾ. ഈ വല്യമ്മയെ അനിയത്തിമാരുടെ മക്കളെല്ലാം പേരമ്മ എന്നാണ് വിളിച്ചിരുന്നത്. ആ ഓർമ്മ നിലനിർത്താനായിരുന്നു, മകളും ഞങ്ങളെക്കൊണ്ട് ഭാരതി പേരമ്മ എന്ന് വിളിപ്പിച്ചത്.
ചേടത്തി-അനീത്തിമാരുടെ മക്കളിൽ ആദ്യം ഉദ്യോഗസ്ഥ ആയ ഭാരതി പേരമ്മയായിരുന്നു എന്റെ അമ്മയേയും മറ്റ് അനിയത്തിമാരെയും ഇടയ്ക്കെങ്കിലും സിനിമയ്ക്കൊക്കെ കൊണ്ടുപോയിരുന്നതും വെളിയിൽനിന്നും മസാലദോശ വാങ്ങിക്കൊടുത്തിരുന്നതും. സിനിമയും മസാല ദോശയുമൊക്കെ ആഡംബരത്തിന്റെ മേലാപ്പ് പുതച്ചിരുന്ന സമയവും, അച്ചടക്കത്തോടെ വളർന്നിരുന്ന നായർ തറവാടുകളിലെ പ്രായമായ പെൺകുട്ടികൾക്ക് ആൺതുണയില്ലാതെ പുറത്തിറങ്ങി നടക്കാൻ നിയന്ത്രണങ്ങൾ ഒരുപാടുണ്ടായിരുന്ന കാലവും. അധ്യാപകവൃത്തിക്ക് എല്ലാ മാന്യതയും സമൂഹം ചാർത്തി കൊടുത്തിരുന്ന ആ കാലത്ത്, തോട്ടയ്ക്കാട്ടുകര ഗവ. എൽ.പി.സ്കൂളിലെ ടീച്ചറുംകൂടി ആയിരുന്ന ഭാരതിപ്പേരമ്മയുടെ കൂടെ കുട്ടികളെ അയക്കാൻ കാരണവന്മാർക്കും വല്യ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയങ്ങനെ, ഉത്സവത്തിന് പോണമെങ്കിലും സർക്കസിന് പോകണമെങ്കിലും, അനീത്തിക്കുട്ടികൾക്ക് ഭാരതിച്ചേച്ചി വേണമെന്നതായിരുന്നു അവസ്ഥ.