Wednesday, May 29, 2024

നൂറ്റാണ്ടിന്റെ മഹാപ്രളയം: ഒരു മെലോഡിയന്റെ ഓർമ്മക്കുറിപ്പ്‌

ഭാഗം 1. കേളികൊട്ട്


ഇടവം പകുതിയാവാനൊന്നും നിന്നില്ലഅവളിങ്ങു പോന്നുരണ്ടായിരത്തി പതിനെട്ടിലെ കാലവർഷത്തിന്റെ കാര്യമാണീ പറയുന്നത്‌കുംഭച്ചൂടിലും മീനച്ചൂടിലും വിയർത്തു വലഞ്ഞ മലയാളിക്കും സന്തോഷമായികാടായകാടൊക്കെ വെട്ടിവെളുപ്പിച്ചിട്ടുംതോടായ തോടൊക്കെ നികത്തി കൊട്ടാരക്കെട്ടുകൾ പണിഞ്ഞിട്ടുംപുഴയായ പുഴയൊക്കെ കൈയ്യേറി നഗരം പണിതുയർത്തിയിട്ടും അവൾ പിണങ്ങിയില്ലല്ലോഭാഗ്യംഅങ്ങനെ മേയ്‌മാസം തീരാൻ കാത്തുനിൽക്കാതെ വന്ന ഇടവപ്പാതി പക്ഷെജൂണും ജൂലൈയും കഴിഞ്ഞ്‌ ഓഗസ്റ്റായിട്ടും നിർത്താൻ ഭാവമില്ലെന്നു കണ്ടപ്പോൾ, മലയാളിക്കെന്തോ പന്തികേട്‌ തോന്നാൻ തുടങ്ങി: 'ഇവളിത്തവണ രണ്ടും കൽപ്പിച്ചാണോയെന്തോ പുറപ്പെട്ടിട്ടുള്ളത്‌!'


മലയാളിയുടെ ആശങ്ക ശരി വെയ്‌ക്കുമാറ്‌ മഴ കൂടുതൽ കൂടുതൽ കനക്കാൻ തുടങ്ങിയത്‌ ഓഗസ്‌റ്റ്‌ ആദ്യ ആഴ്ച്‌ കഴിഞ്ഞതോടെയാണ്‌‌ഒൻപതാം തീയതി ആയപ്പോഴേക്കും പുഴയായ പുഴയിലൊക്കെ വെള്ളം പൊങ്ങാൻ തുടങ്ങിഇടമലയാർ അണക്കെട്ടുകൂടി തുറന്നതോടെ ആലുവക്കാരുടെ പെരിയാറും, 'കുളിരും കൊണ്ട് കുണുങ്ങി നടക്കലൊക്കെഅവസാനിപ്പിച്ച്,‌ ഒരു രൗദ്രഭാവം കൈക്കൊള്ളാൻ തുടങ്ങിമണപ്പുറം പിന്നെയും പൂർണമായും മുങ്ങിയതോടെ ആലുവാത്തേവരുടെ ആറാട്ട്‌ നാലാമതും നടന്നുഎന്നു മാത്രമല്ല,  ആറാട്ട്‌ ഒരുജലസമാധിയിലേക്കെന്നോണം‌ നീളുകയും ചെയ്‌തുജനം ശിവരാത്രിക്കാലത്തെപ്പോലെ ആൽത്തറയിലേക്കൊഴുകാനുംപുതിയ കാലത്തെഭാഷയിൽ പറഞ്ഞാൽ, 'സെൽഫിയെടുത്ത്‌ അർമ്മാദിക്കാനുംതുടങ്ങിപോലീസിന്‌ ഗതാഗതം നിയന്ത്രിക്കൽ ഒരു തീരാത്തലവേദനയായി


അങ്ങനെയിരിക്കെഅങ്ങ്‌ ഇടുക്കിയിലും കാര്യങ്ങൾ കനക്കുകതന്നെയായിരുന്നുജലനിരപ്പ്‌ 2397 അടിയെന്ന മാന്ത്രികസംഖ്യയും കടന്ന് മുകളിലേക്ക്‌ കയറാൻ തുടങ്ങിയതോടെചെറുതോണി ഡാമിന്റെ ഷട്ടറുകൾ നാലെണ്ണം തുറന്നുഅഞ്ചര-ആറു മണിക്കൂറുകൾ കൊണ്ട്‌ ഇങ്ങനെ തുറന്നുവിട്ട വെള്ളംകൂടി ആലുവയിലെത്തുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും പറഞ്ഞ്‌ചാനലായ ചാനലെല്ലാംകൂടി പുരപ്പുറത്തുകയറി ചെണ്ടകൊട്ടാനും ജനമാകെ ആശങ്കപ്പെടാനും തുടങ്ങിഇതിനിടയിൽ നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ലാൻഡിംഗുകൾ ഒൻപതാം തീയതി വ്യാഴാഴ്ച ഉച്ചയായപ്പോഴേക്കും നിർത്തിവെച്ചിരുന്നുപക്ഷെപറഞ്ഞ സമയവും അതിന്റെ ഇരട്ടിയും കഴിഞ്ഞിട്ടും ആലുവയ്‌ക്ക്‌ ഒരു ചുക്കും സംഭവിച്ചില്ലപുഴ അതിന്റെ രൗദ്രഭാവം വിടാതെ നേരേ അറബിക്കടലിലേക്ക്‌ ഒഴുകിമറഞ്ഞുവിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പൂർണ തോതിൽ പുനരാരംഭിച്ചുഇതോടെ ജനമാകെ ചാനലുകാരുടെ തന്തയ്‌ക്കു വിളിക്കാൻ തുടങ്ങിആലുവക്കാരന്റെ അഹന്ത ഹിമാലയത്തിനും മുകളിലേക്ക് ‌കയറുകയും ചെയ്‌തു. 'ഇടുക്കിയോടും ഇടമലയാറിനോടുമൊക്കെ പോയിപണിനോക്കാൻ പറആലുവക്കാരനോടാണ്‌  അവന്റെയൊക്കെ കളി!' എന്നായി ചങ്ങാതിയുടെ മട്ട്‌



Periyar River, at 16:02 Hours on 9th August 2018. Though threatened the residents of Aluva town, she retreated mercifully soon. But, only to come back with a vengeance, in just a week! View from the Melody Apartments, Siva Temple Road, Thottakkattukara, Aluva.


ആഗസ്‌തിലെ രണ്ടാമത്തെ ആഴ്ചകൂടി കഴിഞ്ഞിട്ടും മഴ നിർത്താനുള്ള ഭാവമൊന്നും കാണിച്ചില്ലഡാമുകളായ ഡാമുകളിലെല്ലാം ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നുകൊണ്ടേയിരുന്നുഅവസാന തുള്ളിയും സംഭരിച്ച്‌വെച്ച്അതുമുഴുവൻ കാശാക്കി മാറ്റാമെന്ന് ചിന്തിച്ചിരുന്ന സംസ്ഥാന വൈദ്യുതി ബോർഡ്‌ അപ്പൊഴുംഇടുക്കിയുടെ കാര്യത്തിൽ, 2400 അടി എന്ന മറ്റൊരുമാന്ത്രികസംഖ്യയിൽ കടിച്ചുതൂങ്ങി കിടന്നുഅങ്ങനെയങ്ങനെആഗസ്റ്റ് ‌പതിനഞ്ചായപ്പോഴേക്കും വീണ്ടും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിയായിസ്വാതന്ത്ര്യദിനാഘോഷത്തിന്റെ ശോഭ കെട്ടു പോയെങ്കിലും ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിലും തൊട്ടു മുമ്പിലുള്ള ചെറിയ കവലയിലും തോരാമഴയത്ത്‌ ദേശീയപതാക കണ്ണീരിൽ കുതിർന്നെന്നപോലെ വിറങ്ങലിച്ചുനിന്നുഅന്ന് ഇടുക്കി സംഭരണിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഒന്നിനു പിറകെ ഒന്നായി മുഴുവൻ തുറന്നിട്ടും സംഭരണിയിലെ ജലനിരപ്പ്‌ താഴാൻ കൂട്ടാക്കിയില്ലഒഴുക്കി കളയുന്നതിലും കൂടുതൽ വെള്ളം സംഭരണിയിലേക്ക്‌ വന്നുകൊണ്ടേയിരിക്കുകയായിരുന്നുഇടുക്കിയുടെ മാത്രം കഥയായിരുന്നില്ല ഇത്‌സംസ്ഥാനത്തൊട്ടാകെ 33 ഡാമുകൾ അതിന്റെയൊക്കെ സംഭരണികളിലെ വെള്ളം തുറന്നു വിടുകയായിരുന്നുസംസ്ഥാനമൊട്ടാകെ ഇത്തവണ യഥാർത്ഥ പ്രളയത്തെ മുമ്പൊരിക്കലുമില്ലാത്തവിധം മുഖാമുഖം കാണാൻ തുടങ്ങി. 


ഭാഗം 2. തിരപ്പുറപ്പാട്


ആലുവയിലും സ്ഥിതിഗതികൾ വ്യത്യസ്ഥമായിരുന്നില്ലപതിനഞ്ചാം തീയതി നേരം പരപരാ വെളുക്കുന്നതിനും വളരെ മുമ്പുതന്നെപുഴയിൽ ജലനിരപ്പ് ‌ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞുകൊണ്ട്‌ പോകുന്നത്‌‌ രണ്ടു തവണ ഞങ്ങൾ അവ്യൿതമായി കേട്ടിരുന്നുഅന്ന് ഉച്ചകഴിഞ്ഞതോടെ പെരിയാർ കരകവിഞ്ഞ്ഞങ്ങളുടെ ഫ്ലാറ്റായ മെലഡിയുടെ മുന്നിലുള്ള ശാന്തി ലെയിനിലൂടെ കുത്തിയൊഴുകാൻ തുടങ്ങിമഴയ്‌ക്ക്‌ എന്നിട്ടും ശമനമുണ്ടായിരുന്നില്ലകാണെക്കാണെ  ഒഴുക്ക്‌ ഭയാനകമായ തോതിൽ വർദ്ധിച്ചു വന്നുജലനിരപ്പും അതിനൊപ്പം സാവധാനം ഉയരാൻ തുടങ്ങിഅന്നു വൈകുന്നേരം ഞങ്ങളുടെ ഓഫീസ്‌ മുറിയിൽ യോഗം ചേർന്ന് ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തിറോഡിനെക്കാളും വളരെ ഉയരത്തിലായതിനാൽ ഫ്ലാറ്റിന്റെ ഗ്രൗണ്ട്‌ ഫ്ലോറിൽപ്പോലും വെള്ളമെത്താൻ സാദ്ധ്യത ഇല്ലെന്നായിരുന്നു പൊതുവെ  യോഗത്തിലെ വിലയിരുത്തൽഎങ്കിലും പ്രദേശത്തെ താഴ്‌ന്ന പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞതിനാൽഫ്ലാറ്റിലേക്ക്‌ സമീപവാസികൾ അഭയം തേടി വരാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ ആരെങ്കിലും വന്നാൽഅവർക്കു വേണ്ടി കുറച്ച്‌ കുടിവെള്ളവും ബ്രെഡ്ഡും പായയുമൊക്കെ കരുതാനും തീരുമാനമെടുത്ത്‌‌ ഞങ്ങൾ പിരിഞ്ഞു


പുഴവെള്ളം റോഡിലേക്ക്‌ കയറിയതോടെ കെ.എസ്‌..ബിപ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നുട്രാൻസ്‌ഫോർമറിനടിയിൽ സ്ഥാപിച്ചിട്ടുള്ള വലിയ ഫ്യൂസ്‌കാരിയറുകളിൽ വെള്ളമെത്താൻ സാധ്യതയുള്ളതുകൊണ്ട്‌അടുത്തെങ്ങും കറന്റ്‌ വരില്ലെന്നും മനസ്സിലായിഎങ്കിലും ജെനറേറ്റർ ഉണ്ടായിരുന്നതിനാൽ അതും ഞങ്ങളെ ബാധിച്ചിരുന്നില്ലപക്ഷെരാത്രിയായതോടെ വെള്ളം മെലഡിയുടെ ഗേറ്റും കടന്ന് കാർപാർക്കിംഗ്‌ സ്‌പേയ്‌സിലേക്ക്‌ വന്നുപതിനൊന്നരയ്‌ക്ക്‌ ഞാൻ താഴെ പോയി നോക്കുമ്പോൾ കാറുകളുടെ ടയറിന്റെ അടിഭാഗം മുങ്ങാൻ തുടങ്ങിയിരുന്നുഇങ്ങനെ പോയാൽ ഫ്ലാറ്റിന്റെ ഇലൿട്രിക്‌ റൂമിലേക്കും വെള്ളം കയറിയേക്കുമെന്ന് ഭയന്ന് രാത്രി പന്ത്രണ്ടോടെ ജെനറേറ്ററും ഞങ്ങൾ ഓഫ്‌ ചെയ്‌തുഎങ്കിലും നാട്ടുവെളിച്ചമുണ്ടായിരുന്നതുകൊണ്ട്‌ പുറത്തെ കാഴ്ചകൾ മങ്ങിയാണെങ്കിൽപ്പോലും ദൃശ്യമായിരുന്നുമഴ ശമനമില്ലാതെ അപ്പോഴും തുടർന്നുരാവിലെയാകുമ്പോഴെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങുന്ന കാഴ്ചകാണാൻ പറ്റുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ കിടന്നുഉറക്കം ദൂരെയെങ്ങോ നിന്ന് ഞങ്ങളെ കളിയാക്കി ചിരിച്ചു



 മയക്കത്തിനിടയിലാണ്‌ താഴെ നിന്ന് എന്തൊക്കെയോ ഒച്ചകൾ കേൾക്കാൻ തുടങ്ങിയത്‌ഞാനും ദേവീസും ചാടിയെണീറ്റ്‌ ജനലിലൂടെ നോക്കുമ്പോൾ വലിയൊരു വള്ളത്തിൽ കുറേയാളുകൾ ശാന്തി ലെയ്‌നിലൂടെ തോട്ടയ്‌ക്കാട്ടുകര ഭാഗത്തേക്ക്‌ രക്ഷപെടാൻ ശ്രമിക്കുകയാണ്‌ശൿതമായ ഒഴുക്കിൽപ്പെട്ട്‌ ആടിയുലയുമ്പോൾ വള്ളം മറിയുമെന്ന് ഭയന്ന് ഉറക്കെ നിലവിളിക്കുന്ന സ്‌ത്രീകളെയും കുട്ടികളെയുമാണ്‌ ആ മങ്ങിയ വെളിച്ചത്തിലും ഞങ്ങൾ തെളിഞ്ഞു കണ്ടത്‌ഉള്ളിലിരുന്ന് വള്ളം നിയന്ത്രിക്കുന്നവരെ കൂടാതെപുറത്ത്‌ കഴുത്തറ്റം വെള്ളത്തിൽ ഇരുവശവും ഇറങ്ങിനിന്നും വഞ്ചി മറിയാതിരിക്കാൻ ഏതൊക്കെയോ ചെറുപ്പക്കാർ കഠിനപരിശ്രമം നടത്തുന്നുണ്ടായിരുന്നുവാവിട്ടുനിലവിളിക്കുന്നവരെ അതിലും ഉച്ചത്തിൽ ശബ്‌ദമെടുത്ത്‌ ഇവരെല്ലാംകൂടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ശബ്‌ദമാണ്‌‌ ഞങ്ങളാ കേട്ടത്‌അപ്പോൾ സമയംരാത്രി 12:50പിന്നീട്‌ 3:30നും സമാനമായ കാഴ്ച ഞങ്ങൾക്കു മുന്നിൽ അരങ്ങേറിവെള്ളം രണ്ടു മീറ്ററോളം ഇനിയും പൊങ്ങാനാണ്‌ സാധ്യതയെന്നും അവരിൽ ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നുരണ്ടു മീറ്ററെന്നാൽ ഒത്ത ഒരാളിലും കൂടുതൽ പൊക്കമെന്നോർത്തപ്പോൾ എന്റെയുള്ളിലുണ്ടായിരുന്ന പ്രതീക്ഷയും അസ്‌തമിക്കാൻ തുടങ്ങി



By 5’O clock in the evening on the 15th of August, 2018, the River Periyar breached its banks, and started inundating the whole town and nearby villages, with all its rage. View from our apartment in the Melody Apartments, Thottakkattukara, Alwaye.



ഭാഗം 3. പലായനം




The water level had been steadily increasing all the night, and by 6:30 am on the 16th, it reached our car parking area. And by the afternoon, Shanthi Lane in front of our flat was about 8-10 feet deep under water. The flooding had reached an unprecedented level. View from our apartment.


പതിനാറാം തീയതി രാവിലെ നോക്കുമ്പോഴും വെള്ളത്തിന്റെ ഗതി മുകളിലേക്ക്‌തന്നെ എന്നു കണ്ടതോടെ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചുരാവിലെ ഒൻപതു മണിക്ക്‌ ഫ്ലാറ്റിൽ താമസമുണ്ടായിരുന്ന മുഴുവൻ കുടുംബങ്ങളിലേയും പ്രതിനിധികൾ ജോസ്‌ സാറിന്റെയും ലൈലയുടേയും ഫ്ലാറ്റായ C5ൽ സമ്മേളിച്ചു. F9ലെ സന്ദീപാണ്‌‌‌ കാര്യങ്ങൾ എല്ലാവരുടേയും മുമ്പിൽ ഒരു സംശയത്തിനും ഇടകൊടുക്കാത്ത വിധം സ്‌പഷ്ടമാക്കിയത്‌മാതൃഭൂമിയിലെ റൂണിസന്ദീപിനേയും ക്ഷമയേയും കാര്യങ്ങളുടെ ഗൗരവം അതിനോടകംതന്നെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നുകാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നുഎത്രയും പെട്ടന്ന് രക്ഷപെട്ടേ മതിയാകൂസംവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊന്നും അവിടെ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല


E9ലെ ടിക്കു (വിനോദ് - ബിന്ദു കോശിമാരുടെ മകൻ പ്രദീഷിന്‌ അങ്ങനെയൊരു വിളിപ്പേരുണ്ടെന്നൊക്കെ ഞാൻ അന്നാണ്‌ മനസ്സിലാക്കുന്നത്‌ഒൻപതു വർഷം ഒരു കൂരയ്‌ക്കു കീഴിൽ പാർത്തിട്ടും!) പേപ്പറും പേനയുമെടുത്ത്‌ഫ്ലാറ്റിൽ അപ്പോഴുള്ള മുഴുവൻ ആളുകളുടേയും ഒരു ലിസ്‌റ്റുണ്ടാക്കിഅൻപത്തിയൊൻപതു പേരാണ്‌ അന്നാ ലിസ്‌റ്റിൽ കയറിപ്പറ്റിയത്‌അതിൽനിന്നും ചെറിയ കുട്ടികളുള്ളവരേയും പ്രായാധിക്യമുള്ളവരേയും പ്രത്യേകം വേർതിരിച്ചെടുത്ത്‌‌ ഒരു മുൻഗണനാ ക്രമത്തിനും രൂപം കൊടുത്തു. B6ലെ *അനുരാജിന്റെയും ഐശ്വര്യയുടെയും അഞ്ചുമാസം പ്രായമായ കുഞ്ഞുവാവ അമയ്‌, B1ലെ  കുറിപ്പെഴുതുന്ന അമ്മാനയുടെ 90 വയസ്സുള്ള അമ്മ തുടങ്ങിയവരൊക്കെ അങ്ങനെ ആദ്യലിസ്‌റ്റിൽ തന്നെ ഇടം പിടിച്ചു. C2ൽ താമസിക്കുന്ന *ഡോ. തോമസ്സിന്റെ അപ്പാർട്ട്‌മെന്റിലും വയോവൃദ്ധനായ ഒരു അച്ഛനുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അവസാന ലിസ്‌റ്റുകളിലേക്ക്‌ പിൻവാങ്ങാൻ സന്നദ്ധനായി.  


ഒഴിഞ്ഞു പോകുന്നവരെല്ലാം അത്യാവശ്യം‌ വേണ്ട മരുന്നുകൾകാശ്‌ആഭരണങ്ങൾകുടിവെള്ളംബിസ്‌കറ്റ്‌ഒന്നുരണ്ട്‌ ജോഡി ഡ്രസ്സ്ടോർച്ച്‌ എന്നിവ ഒരു ബാഗിൽ കരുതുവാനും തീരുമാനമായിഉടൻ തന്നെ  ഭാഗത്ത്‌ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരുമായി ബന്ധപ്പെടുകയും അവരോട്‌ തങ്ങളെക്കൂടി രക്ഷപ്പെടുത്തുവാൻ അഭ്യർത്ഥിക്കുകയും ചെയ്‌തു


ആദ്യ ബോട്ടുകൾ പത്തരയോടെതന്നെ രക്ഷാപ്രവർത്തനത്തിന്‌ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ലിസ്‌റ്റിൽ പേരുള്ളവർ B1ലും ഫസ്‌റ്റ്‌ ഫ്ലോറിലെ കോറിഡോറിലുമായി തമ്പടിച്ചുവെങ്കിലും  കാത്തിരിപ്പ്‌ നീണ്ടുനീണ്ടു പോയിഇതിനിടയിൽ നമുക്കു ലഭ്യമായ വിവരങ്ങളെല്ലാം നമ്മുടെ തൊട്ടടുത്ത അയൽവാസിയായ ബഷീർസാറിന്റെ (Retd. Executive Engineer, PWD) കുടുംബത്തിനുംഅവർ അവരുടെ അയൽവാസിയായ സോമസുന്ദര മേനോൻ സാറിന്റെ (Retd. Superintendent of Police) കുടുംബത്തിനും കൈമാറിക്കൊണ്ടിരുന്നുഅവരും നമുക്കൊപ്പം രക്ഷപെടാനുള്ള തീരുമാനത്തിലെത്തിയിരുന്നു.  



15:25 Hrs. on 16 August 2018. The Deluge of the Century has brought the whole landscape eight-ten feet deep under its waters. We desperately waiting for the Rescue boats to arrive. Scene from our apartment.


അങ്ങനെ രക്ഷപെടാനുള്ള അവസാന പ്രതീക്ഷയും നിരാശയിലേക്ക് ‌നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്വൈകുന്നേരം നാലരയോടെആദ്യ ബോട്ട്‌ മെലഡിയുടെ തെക്കുവശത്തുള്ള ഗേറ്റ്‌ കടന്ന് അകത്തേക്ക്‌ വന്നത്‌മഴയ്‌ക്കും അതിശൿതമായ കുത്തൊഴുക്കിനും അപ്പൊഴും ഒരു ശമനവുമുണ്ടായിരുന്നില്ലഅതുകൊണ്ടുതന്നെ സാമാന്യം വലിയ വഞ്ചിയും അതിൽ നാലഞ്ച്‌ തുഴക്കാരും ഉണ്ടായിട്ടുകൂടി ഒരു ട്രിപ്പിൽ നാലോ അഞ്ചോ പേരെ മാത്രമേ കയറ്റുവാൻ കഴിയുമായിരുന്നുള്ളുഏതായാലും പത്തുപന്ത്രണ്ട്‌ ട്രിപ്പുകളിലായി എല്ലാവരും ഒരു വിധം കരപറ്റിഅവിടെ നിന്ന് പലരും പല വഴിക്കായി യാത്രചിലർ ബന്ധുഗൃഹങ്ങളിലേക്ക്‌ചിലർ സുഹൃത്തുക്കളുടെ വീട്ടിലേക്ക്‌അങ്ങനെയങ്ങനെആരെങ്കിലും റിലീഫ്‌ ക്യാമ്പിലെത്തിയോ എന്തോഅങ്ങനെയൊരു അറിവ്‌ എനിക്ക്‌ ഏതായാലും കിട്ടിയിട്ടില്ലതലേദിവസം വൈകുന്നേരം നാട്ടുകാർക്ക്‌ അഭയം കൊടുക്കുവാൻ തയ്യാറെടുത്തിരുന്നവർ പിറ്റേന്നായപ്പോഴേക്കും സ്വയം അഭയാർത്ഥികളായെന്ന്‌ ചുരുക്കം


പലായനം ചെയ്യുന്ന നിസ്സഹായരായ മനുഷ്യരെ സഹായിക്കാൻ ആലുവയിൽനിന്നുമുള്ള മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമുണ്ടായിമെട്രോയ്‌ക്കുള്ള വൈദ്യുതി വിതരണം ചെയ്യേണ്ട കളമശ്ശേരിയിലെ സബ്‌സ്റ്റേഷനിൽ വെള്ളം കയറിയിരിക്കുകയാണ്‌.  കലൂരെ സബ്‌സ്‌റ്റേഷനിലും പ്രശ്‌നങ്ങൾ തന്നെ‌സിഗ്‌നൽ സംവിധാനവും മൊത്തത്തിൽ താറുമാറായിരിക്കുന്നുഎന്നിട്ടും മെട്രോയിലെ സാങ്കേതിക വിദഗ്‌ധർ ഉണർന്നുപ്രവർത്തിച്ചുവളരെവളരെ സാവധാനമെങ്കിലും മാനുവലായി നിയന്ത്രിച്ച്‌ ട്രെയിൻ ഓടാൻ തുടങ്ങിയാത്ര തികച്ചും സൗജന്യവും


പ്രായാധിക്യത്തിന്റെ അസ്‌കിതകളും മഴയും തണുപ്പുംഎങ്ങോട്ടെന്നില്ലാതെയുള്ള പലായനത്തിന്റെ ആശങ്കകളും എല്ലാം കൂടിചേർന്നതു കൊണ്ടാകാംഎന്റെ അമ്മ തോട്ടയ്‌ക്കാട്ടുകര ജംഗ്‌ഷനിൽ എത്തിയപ്പോഴേക്കും അനിയന്ത്രിതമായി വിറയ്‌ക്കാൻ തുടങ്ങിഞാൻ കൂടെയില്ലഞാൻ പിന്നീടുള്ള ഏതോ ഒരു ട്രിപ്പിൽ വരാനിരിക്കുന്നതേയുള്ളുഎട്ടുവർഷംമുമ്പ്‌ അശനിപാതംപോലെ പതിച്ച അതികഠിനമായൊരു ദുരന്തത്തിൽനിന്നും കഷ്‌ടിച്ച്‌ കരകയറി വരുന്നതേയുണ്ടായിരുന്നുള്ളു എന്റെ ദേവീസ്‌അവളാകെ പകച്ചുപോയിആരൊക്കെയോ നിർദ്ദേശിച്ചതനുസരിച്ച്‌ തല തോർത്തിനനഞ്ഞ ഡ്രസ്സെല്ലാം അവിടവെച്ചുതന്നെ മാറ്റി ഉണങ്ങിയവ ധരിപ്പിച്ച്മറ്റൊരു പുതപ്പുകൊണ്ട്‌ പുതപ്പിക്കുകയും കൂടി ചെയ്‌തപ്പോഴേക്കും അമ്മ പക്ഷെസാധാരണനിലയിലേക്ക്‌ തിരിച്ചു വന്നു ബഹളങ്ങൾക്കിടയിലാണ്‌‌ A4ലെ രമാദേവിയും ദിവാകരനും അവളുടെ മുമ്പിൽ രണ്ടു മാലാഖമാരെപ്പോലെ പ്രത്യക്ഷപ്പെട്ടത്‌സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു ഓട്ടോറിക്ഷയിൽ അമ്മയും ദേവീസും രമയും മെട്രോ സ്‌റ്റേഷനിലേക്ക്‌ പുറപ്പെട്ടെങ്കിലും ദിവാകരൻ എനിക്കായി ജംഗ്‌ഷനിൽ കാത്തുനിന്നുപുറകേ തന്നെ ഞാനും ജംഗ്‌ഷനിൽ എത്തുകയും ഞങ്ങളെല്ലാവരുംകൂടി മെട്രോയിലും ഓട്ടോയിലുമൊക്കെയായി അവരുടെ എറണാകുളംവെണ്ണലയിലുള്ള കൊട്ടാരസദൃശമായ വില്ലയിൽ എത്തുകയും ചെയ്‌തുഒന്നുംരണ്ടുമല്ലപന്ത്രണ്ട്‌ ദിവസങ്ങളാണ്‌ ഞങ്ങളവിടെ കഴിഞ്ഞത്‌അതും അതിഥികളായല്ലകുടുംബാംഗങ്ങളായിത്തന്നെ.  


സംഭവബഹുലങ്ങളായിരുന്നു മറ്റു പലരുടേയും യാത്രകളുംഅനുരാജിന്റെ കുഞ്ഞുവാവ കയറിയ വള്ളം കഠിനമായി ആടിയുലയുകയും ഗുരുതരമാകുമായിരുന്ന ഒരു അപകടത്തിൽനിന്നു കഷ്‌ടിച്ച്‌ രക്ഷപെടുകയുമായിരുന്നുടിക്കുവും സന്ദീപും നമ്മുടെ മുകളിൽ സൂചിപ്പിച്ച അയൽവാസികളും കയറിയ അവസാന ട്രിപ്പ്‌അന്തോണീസ്‌ പുണ്യാളന്റെ കപ്പേള കഴിഞ്ഞതോടെ മറിയുക തന്നെ ചെയ്‌തുഭാഗ്യത്തിന്‌ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ചെറുപ്പക്കാർ പാഞ്ഞെത്തുകയും എല്ലാവരേയും കഴുത്തറ്റമുള്ള കുത്തൊഴുക്കിൽനിന്ന് വീണ്ടും വള്ളത്തിൽ കയറ്റി കരയ്‌ക്കെത്തിക്കുകയും ചെയ്‌തു!


ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയുടെ ശൗര്യത്തിനു മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ലാത്തവരും ഉണ്ടായിരുന്നു നമ്മുടെ മെലഡിയിൽ! G11ലെ ശശിച്ചേട്ടനും രാജിച്ചേച്ചിയും (ചേച്ചിവിളി ബഹുമാനം കൊണ്ടു മാത്രമാണ്‌പ്രായംകൊണ്ടല്ല); C5ലെ ജോസ്‌ സാറും ലൈലയുംപിന്നെ C8ലെ *ജയചന്ദ്രനുംഇവർ അഞ്ചുപേരും അന്ന് A5 കാൻഡിൽ ലൈറ്റ്‌ ഡിന്നറൊക്കെയായി കൂടിയെങ്കിലും പാതിരയായതോടെ ഭയപ്പെടുത്തുന്ന തരത്തിൽ വെള്ളത്തിന്റെ ഇരച്ചുകയറലുണ്ടാവുകയും‌തങ്ങളുടെ തീരുമാനം മാറ്റാൻ നിർബന്ധിതരാവുകയും ചെയ്‌തുഅങ്ങനെ ജയചന്ദ്രൻ ഒഴികെ നാലുപേരും പതിനേഴാം തീയതി മെലഡി വിട്ടു


ഭാഗം 4. പുനരുത്ഥാനം


കലിയടങ്ങിയ കാലവർഷംമലയാളിയെ ഒരു പാഠം പഠിപ്പിച്ചതിന്റെ സംതൃപ്‌തിയോടെ ഒരു ദിവസം കൂടി പിടിച്ചുനിന്നിട്ട്‌ പിൻവാങ്ങാൻ തീരുമാനിച്ചുജയചന്ദ്രന്റെ ആത്മവിശ്വാസത്തെയും തന്റേടത്തെയും തകർക്കണ്ടെന്നും അവൾക്ക്‌ തോന്നിക്കാണുംഅങ്ങനെ മലവെള്ളം പിൻവാങ്ങിയെങ്കിലും മലയാളിയുടെ കഷ്‌ടകാലം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളുവെള്ളമിറങ്ങിയ ഇടങ്ങളിലെല്ലാംഅത്‌ നാടാകട്ടെ, റോഡാകട്ടെ, പറമ്പാകട്ടെ, പാടമാകട്ടെ, മുറ്റമാകട്ടെ, വീടാകട്ടെഎല്ലായിടവും കണങ്കാലിനു മുകളിലും ചിലയിടങ്ങളിൽ മുട്ടറ്റവും കട്ടച്ചെളി അടിഞ്ഞിരിക്കുന്നു!


മെലഡിയിലും സ്ഥിതിഗതികൾ ഒട്ടും വ്യത്യസ്ഥമായിരുന്നില്ലവെള്ളം ഇറങ്ങിത്തുടങ്ങിയ  ആദ്യദിനത്തിൽത്തന്നെഅതായത്‌ പത്തൊൻപതാം തീയതി ഞായറാഴ്ചമെലഡിയിലേക്കെത്തിയ സന്ദീപിനും ക്ഷമയ്‌ക്കും ബിന്ദുവിനും ടിക്കുവിനും സാനുവിനും മുന്നിൽ അനാവൃതമായത്,‌ മനംമടുപ്പിക്കുന്ന കാഴ്ചകളാണ്‌കാർ-പാർക്കിംഗിൽ ആകെ കണങ്കാലിനു മുകളിൽ വഴുവഴുക്കുന്ന കട്ടച്ചെളിഅവിടെ പാർക്ക്‌ ചെയ്‌തിരുന്ന കാറുകൾക്ക്‌ മുകളിൽ വരെ വെള്ളമെത്തിയതിന്റെ പാടുകൾ, ചുറ്റുമുള്ള ചുമരിലും കാറുകളുടെ മുകളിലും പ്രകടംജനറേറ്ററിന്റെ ഉള്ളിലും ചെളി തന്നെതെക്കുപടിഞ്ഞാറു വശത്തെ കൂറ്റൻ പമ്പുകൾ സ്ഥാപിച്ചിരുന്ന മുറിയിലാകെ ചെളിസീവേജ്‌ ട്രീറ്റ്‌മന്റ്‌ പ്ലാന്റിന്റെ കാര്യവും തഥൈവ. 75,000 ലിറ്റർ വെള്ളം കൊള്ളുന്ന ഫയറിന്റെയും 50,000 ലിറ്റർ കൊള്ളുന്ന ഡൊമെസ്‌റ്റിക്‌ വാട്ടറിന്റെയും 25,000 ലിറ്റർ കൊള്ളുന്ന കുടിവെള്ളത്തിന്റെയും ഭൂഗർഭ ടാങ്കുകൾ മലിനജലം കലർന്ന് ഉപയോഗശൂന്യമായിരിക്കുന്നുഗ്രൗണ്ട്‌ ഫ്ലോറിനുള്ളിലേക്ക്‌ സാഹസികമായി കടന്നാൽ അവിടെയും ചെളിരണ്ടു ലിഫ്റ്റിന്റെയും പിറ്റുകളിലും (Lift Wells) വെള്ളക്കെട്ട്‌ഇലൿട്രിക്‌ റൂമിലെ ട്രാൻസ്‌ഫോർമറും ഐസൊലേറ്ററുകളും മറ്റുപകരണങ്ങളും പവർ മീറ്ററുകളിൽ പകുതിയും വെള്ളം കയറി ഉപയോഗശൂന്യമായിരിക്കുന്നുഗ്രൗണ്ട്‌ ഫ്ലോറിൽനിന്നും മുകളിലേക്കുള്ള സ്റ്റെയർകേസിന്റെ ആദ്യ നാലു പടികൾ വരെ വെള്ളമെത്തി പൂർണമായും മുങ്ങിയതിന്റെ പാടുകൾചുരുക്കിപ്പറഞ്ഞാൽ, എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ട തീർത്തും നിരാശാജനകമായ ദുരവസ്ഥ‌!


മനുഷ്യനായി പിറന്ന ആരും തൊണ്ട വരണ്ട്സർവാംഗം തളർന്ന്തകർന്നുപോകുന്ന  അവസ്ഥ പക്ഷെരണ്ടു പേരെ മാത്രം അണുവിട ബാധിച്ചില്ലഅറ്റ്‌ലാന്റിക് കടലിലേയും അറബിക്കടലിലേയും ഇന്ത്യൻമഹാസമുദ്രത്തിലേയും കൂറ്റൻ തിരമാലകളെ മെരുക്കി അതിനിടയിലൂടെ പടുകൂറ്റൻ സമുദ്രയാനങ്ങളെ വിദൂര തുറമുഖങ്ങളിലേക്കു നയിക്കുന്ന അവർക്കിത്തങ്ങൾ നിത്യേന അഭിമുഖീകരിക്കുന്നതു പോലുള്ള ഒരു സാധാരണ വെല്ലുവിളി മാത്രമായേ തോന്നിക്കാണുകയുള്ളുഅതുമാത്രം പോരല്ലോമേലനങ്ങി പണിയെടുക്കാനുള്ള സന്നദ്ധതയും വേണമല്ലോമർച്ചന്റ്‌ നേവിയിലെ ചീഫ്‌ എഞ്ചിനീയറായ സാനു പോളിന്റെയും (C3), സെക്കൻഡ്‌ എഞ്ചിനീയറായ *ജയചന്ദ്രന്റെയും ജനിതകത്തിൽ ഇവയെല്ലാം വേണ്ടുവോളം ഉണ്ടായിരുന്നിരിക്കണം‌അവരിലെ നാവികന്റെ ചൈതന്യം സടകുടഞ്ഞെണീറ്റു


പുതിയ മോട്ടോർ പമ്പുകൾ എത്തിഅവ പ്രവർത്തിക്കാനുള്ള ഊർജവുമായി മൊബൈൽ ജനറേറ്റർ ദിവസ വാടകയ്‌ക്ക്‌ വന്നുചെളി കോരി മാറ്റാനുള്ള ഷവലുകളും കോരികകളും ചൂലുകളും സാനിറ്ററി ലോഷനുകളും കൈയുറകളും ഗംബൂട്ടുമെത്തിസന്ദീപും ക്ഷമയും ബിന്ദുവും ടിക്കുവുംഉച്ച കഴിഞ്ഞതോടെ A2ലെ വർക്കിച്ചേട്ടന്റെ മകൻ റെജിയുംസാനുവിനും ജയചന്ദ്രനുമൊപ്പം ചെളികോരി മാറ്റുന്നതിലും മറ്റും വ്യാപൃതരായിആദ്യത്തെ ദിവസം ശാന്തി ലെയ്‌നിൽ കെട്ടിക്കിടക്കുന്ന വെള്ളം തന്നെ‌ അകത്തേക്ക്‌ പമ്പ്‌ ചെയ്‌ത്‌ കുറേ ഭാഗത്തെ ചെളി കളഞ്ഞു


പിറ്റേ ദിവസമായപ്പോഴേക്കും കെയർ-ടേക്കർ വേണുവും അവരോടൊപ്പം ചേർന്നുതലയിലൊരു കെട്ടുമായി ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയുമായി വേണുവുമെത്തിയതോടെസാനു കിഴക്കമ്പലത്തുനിന്നും റെജി മറ്റെവിടെയോനിന്നുമൊക്കെയായി സംഘടിപ്പിച്ചെത്തിച്ച ഉത്തരേന്ത്യൻ ഭായിമാരുംആത്മാർത്ഥതയോടെ കളം നിറഞ്ഞാടിചെളി മിക്കവാറും പോയതോടെ ഭൂഗർഭ ടാങ്കുകളും തുടർന്ന് ഓവർഹെഡ്‌ ടാങ്കുകളും ശുചിയാക്കാനാരംഭിച്ചുക്ഷമയുടെ അച്ഛൻ നാരായണൻകുട്ടിച്ചേട്ടനും മുഴുവൻ സമയവും മെലഡിയിൽ നിന്ന്അദ്ദേഹത്തിന്റെ മുഴുവൻ വൈദഗ്‌ധ്യവും നമുക്കായി സംഭാവന ചെയ്‌തുട്രാൻസ്‌ഫോർമർ സ്ഥാപിച്ച‌ തോമസും സുഷേണന്റെ നേതൃത്വത്തിൽ ഇലൿട്രീഷ്യന്മാരുടെ ഒരു സംഘവും അവരുടെ സേവനവും നമുക്കായി മാറ്റിവച്ചുഇലൿട്രിക്‌ റൂമിലെ ഉപകരണങ്ങൾ ശ്രദ്ധയോടെ ക്ലീൻ ചെയ്‌ത്‌ഹാലൊജൻ ലാമ്പുകളും ബ്ലോവറുകളുമൊക്കെ ഉപയോഗിച്ച്‌ അവ ഡ്രൈയാക്കിമെഗെർ ടെസ്റ്റ്‌ ചെയ്‌ത്‌ പ്രവർത്തനസജ്ജമാക്കികെ.എസ്‌..ബിയുടെ ഭാഗത്തു നിന്നും മഹനീയമായ സഹകരണമുണ്ടായിവേണുവിന്‌ അവരുമായുള്ള നല്ല ബന്ധമായിരുന്നു  സഹകരണത്തിനു പിന്നിലെ പ്രേരണയെന്നതും വ്യൿതംഗ്യാസ്‌ റെറ്റിക്കുലേഷനു പ്രത്യേകിച്ച്‌ തകരാറൊന്നും സംഭവിച്ചിട്ടില്ലാതിരുന്നതിനാൽ അടുക്കളയിൽ തീപുകയുമെന്നായി (ഇതാണ്‌ ഭാഷയുടെ ഒരു തമാശപുകയൊന്നുമില്ലെങ്കിലും അങ്ങനെ പറഞ്ഞാലേ മലയാളം ശുദ്ധമാകൂ!). എല്ലാവരുടേയും എല്ലാദിവസത്തെയും ഭക്ഷണ കാര്യങ്ങളിൽ ക്ഷമയും സന്ദീപും ടിക്കുവും മാറിമാറി ശ്രദ്ധ പുലർത്തിചില ദിവസങ്ങളിലെ ഭക്ഷണമെത്തിക്കൽ നാരായണൻകുട്ടിച്ചേട്ടൻ ഏറ്റെടുത്തുഏതായാലും അതുകൊണ്ട്‌ നേരം തെറ്റിവന്ന ഈയുള്ളവനും കിട്ടിഒരു ദിവസം വെജിറ്റബിൾ ബിരിയാണിയും മറ്റൊരുദിവസം പൊതിച്ചോറുംകല്യാണവീട്ടിലെ കാരണവരെപ്പോലെ ജോസ്‌സാറും എല്ലായിടവും എല്ലായ്‌പ്പോഴും ചുറ്റിനടന്നുമിക്കവാറും ഒരു ഹോസും കൈയിലെടുത്ത്‌ സാറുംഒരു തെർമോസ്‌ ഫ്ലാസ്‌കും അതിൽ നിറയെ ആവിപറക്കുന്ന കട്ടൻ ചായയുംസ്‌നാൿസുമായി ലൈലയും എല്ലാവർക്കും ഊർജം പകരാനായി കൂടെ നിന്നുഇരുപത്തിമൂന്നാം തീയതി മർച്ചന്റ് നേവിയിലെ തന്നെ മറ്റൊരു സെക്കൻഡ്‌ എഞ്ചിനീയറായ C7ലെ ഉണ്ണികൃഷ്‌ണനും കൂടി എത്തിയതോടെ കാര്യങ്ങൾ‌ ഒന്നുകൂടി ഒരു ഉഷാറായി. 


അങ്ങനെഎല്ലാരുംകൂടി ഒത്തുപിടിച്ചപ്പോൾ മലപോലെ വന്ന പ്രതിബന്ധങ്ങൾ എലിപോലെ ചുരുങ്ങിഇരുപത്തിയാറാം തീയതി വൈകുന്നേരത്തോടെ കെ.എസ്‌..ബിയുടെ കറന്റ്‌ മെലഡിയിൽ തിരിച്ചെത്തിതൊട്ടടുത്ത ദിവസംഅതായത്‌ ഇരുപത്തിയേഴാം തീയതി, പാസഞ്ചർ ലിഫ്റ്റ്‌ പ്രവർത്തനസജ്ജമായിഇതിനിടയിൽ മലയാളിയുടെ ദേശീയോത്സവമായ ഓണദിവസവും (25/8) പിറ്റേന്നത്തെ ഞായറാഴ്ചയും പോലും (26/8) മെലഡിയിലെ പുനരുത്ഥാന പ്രവർത്തനങ്ങൾക്ക്‌ തടസ്‌സമുണ്ടായില്ലഉത്സവവും അവധിയുമെല്ലാം മാറ്റിവെച്ച്‌, വേണുവും മിനിയുമെല്ലാം വന്നുപോയി


അങ്ങനെ വെള്ളവും വെളിച്ചവും കറന്റും ഗ്യാസും ലിഫ്റ്റും വന്നതോടെ മെലോഡിയൻസ്‌ ഓരോരുത്തരായി തിരികെ കൂടണയാൻ തുടങ്ങിരമയോടും ദിവാകരനോടും യാത്ര പറഞ്ഞ്‌ഇരുപത്തിയാറാം തീയതി, ഞായറാഴ്ചഞങ്ങളും മെലഡിയിൽ തിരികെ ചേക്കേറി


ഭാഗം 5. ഉദ്യോഗപർവം


പതിനാലാം തീയതി രാവിലെ സെക്യൂരിറ്റി ഡ്യൂട്ടിക്ക് വന്ന സുരേഷ്‌ പിറ്റേന്ന് രാവിലെ പോകാനൊരുങ്ങുമ്പോഴാണ്,‌ പകരം വരേണ്ട ജയന്റെ സന്ദേശമെത്തുന്നത്‌"വീടിനടുത്ത്‌ വരെ വെള്ളമെത്തിയിരിക്കുന്നുകാര്യങ്ങളൊക്കെ ഒന്നു ശരിയാക്കിയിട്ട്‌ ഉച്ചയോടെ എത്താംഅതുവരെ ഒന്ന് ഡ്യൂട്ടിയിൽ തുടരണം". മനസ്സില്ലാമനസ്സോടെയാണെങ്കിലും സുരേഷ്‌ സമ്മതിച്ചുപതിനഞ്ചാം തീയതി ഉച്ചയായിട്ടും ജയൻ എത്തുന്ന ലക്ഷണമൊന്നുമില്ലസുരേഷാണെങ്കിൽ, ഉറക്കംനിന്ന്‌ ക്ഷീണിച്ചിരിക്കുന്നുവീട്ടിൽ പോകാതെ പറ്റില്ലെന്നായിഒടുവിൽ എല്ലാവരുടെയും അഭ്യർത്ഥന പ്രകാരംഒന്നു വീട്ടിൽ പോയി വിശ്രമിച്ചിട്ട്‌ സന്ധ്യയോടെ തിരിച്ചെത്താം എന്ന് സമ്മതിച്ച്‌ സുരേഷ്‌ പോയിഅപ്പോഴേക്കും പുഴ കരകവിഞ്ഞൊഴുകി പല പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങിയിരുന്നുഎങ്കിലും സുരേഷ്‌ വാക്കു പാലിക്കാതിരുന്നില്ലസന്ധ്യ കഴിഞ്ഞപ്പോഴേക്കും വെള്ളം നീന്തിയാണെങ്കിലും ആള്‌ സ്ഥലത്തെത്തിഅപകടത്തെ തുടർന്ന് പണ്ട്‌ കാലിനേറ്റ പരിക്കുംകാലിനുള്ളിലെ സ്‌റ്റീൽറോഡുമൊന്നും വാക്കുപാലിക്കുന്നതിൽനിന്ന് സുരേഷിനെ പിന്തിരിപ്പിച്ചില്ലപതിനാറാം തീയതി വൈകുന്നേരം മറ്റു മെലോഡിയൻസിനൊപ്പംഅവസാന ബോട്ടുകളിലൊന്നിൽ കരപറ്റിയെങ്കിലുംഅന്നും സുരേഷിന്‌ വീട്‌ പിടിക്കാൻ കഴിഞ്ഞില്ലപിന്നെ പ്രദേശങ്ങളിലൊന്നും കറന്റില്ലാതിരുന്നതുകൊണ്ടും ഫോൺ ചാർജ്‌ ചെയ്യാൻപറ്റാതിരുന്നതുകൊണ്ടുമൊക്കെ ആകാം കുറേ ദിവസത്തേക്ക് സുരേഷിനെപ്പറ്റി ‌വിവരമൊന്നും ഉണ്ടായിരുന്നില്ലഎങ്കിലും ഒടുവിൽ സുരേഷ്‌ തന്നെ അപ്പോൾ വൈറ്റിലയിലായിരുന്ന ശശിച്ചേട്ടനുമായി ഫോണിൽ ബന്ധപ്പെടുകയുംവിവരം ശശിച്ചേട്ടനിൽനിന്നും പകർന്നു കിട്ടിയ ക്ഷമ തുടർന്ന് സുരേഷിനെ തിരികെ വിളിക്കുകയും ചെയ്‌തുഅതേത്തുടർന്ന് പിറ്റേ ദിവസം തന്നെ ഡ്യൂട്ടിക്ക്‌ വരാൻ അദ്ദേഹം സന്നദ്ധനായിഅങ്ങനെ ഓഗസ്‌റ്റ്‌ മുപ്പതാം തീയതി രാവിലെതന്നെ സുരേഷ്‌ ഡ്യൂട്ടിയിൽ പ്രവേശിച്ചു


പമ്മിപ്പമ്മി മുറ്റത്തെത്തിയ വെള്ളം അപ്പോൾ തന്നെ ഇറങ്ങിപൊയ്‌ക്കൊള്ളുമെന്നാണ്‌ മറ്റെല്ലാരെയും പോലെ ജയനും കരുതിയത്‌പക്ഷെ, കാണെക്കാണെ വെള്ളംസാവധാനമാണെങ്കിലും കയറുകതന്നെയാണെന്നു കണ്ടപ്പോഴാണ്‌ ജയൻ വീട്ടിൽത്തന്നെ തുടരാൻ നിർബന്ധിതനായത്‌കരുമാലൂര്,‌ പുഴയിൽനിന്നും അധികം ദൂരമില്ലതാനും വീട്ടിലേക്ക്‌അങ്ങനെ നോക്കിനിൽക്കെ വെള്ളം വീടിനെ വിഴുങ്ങുമെന്നു കണ്ടപ്പോൾജയന്റെ മുന്നിലും മറ്റുപോംവഴികൾ ഒന്നുമുണ്ടായിരുന്നില്ലതട്ടാംപടിയിലെ റിലീഫ്‌ ക്യാമ്പിലേക്ക്‌ മാറുകതന്നെമൂവായിരത്തഞ്ഞൂറു പേർക്കൊപ്പം ജയനും ഭാര്യയും അവിടെ ചിലവഴിച്ചത്‌ പത്തുപന്ത്രണ്ട്‌ ദിവസമാണ്‌പിന്നെ സ്വന്തം വീട്‌ ചെളി കോരിമാറ്റി വൃത്തിയാക്കിയെടുക്കുന്നതിന്റെ ബദ്ധപ്പാടുകൾഎങ്കിലും ക്ഷമ ഒന്നുരണ്ടുതവണ വിളിച്ചപ്പോഴേക്കും ജയനും ഡ്യൂട്ടിക്ക്‌ വരാൻ തയ്യാറായിഅങ്ങനെമുപ്പത്തിയൊന്നാം തീയതി രാവിലെ ജയനും സെക്യൂരിറ്റി ഡ്യൂട്ടിക്ക്‌ ഹാജർ


പതിനഞ്ചാംതി ഡ്യൂട്ടി കഴിഞ്ഞു പോയ മിനിയെ കാത്തിരുന്നതും വീടിനടുത്തെത്തിക്കഴിഞ്ഞ വെള്ളക്കെട്ടു തന്നെപതിനാറാംതി മെലഡിയിലേക്ക്‌ വരാതിരുന്നതുകൊണ്ട്‌ കഴുത്തറ്റം വെള്ളത്തിലുള്ള നീന്തലും ബോട്ടിൽ കയറിപ്പറ്റലുമൊന്നും വേണ്ടിവന്നില്ല മിനി‌ക്ക്‌. 22ആം തീയതി ബുധനാഴ്ച മുതൽ തന്നെ മിനി ജോലിക്ക്‌ വരികയുംഓണവും വിഷുവുമൊന്നും നോക്കാതെതന്നെ ശുചീകരണപ്രവർത്തനങ്ങളിൽ സർവാത്മനാ പങ്കെടുക്കുകയും ചെയ്‌തുഅങ്ങനെ ഫ്ലാറ്റിന്റെ തെക്കുഭാഗത്ത്‌ ജോലിചെയ്യുന്നതിനിടയിലാണ്‌ അവിടെ കിടക്കുന്ന പൈപ്പിന്റെ കഷ്‌ണമോ മറ്റോ എടുക്കാനായി സാനു അങ്ങോട്ടെത്തുന്നത്‌സാനു ചൂണ്ടിക്കാണിച്ച പൈപ്പെടുത്ത്‌ അത്‌ കൈമാറാനായി നീങ്ങിയതേയുള്ളുമിനി ഒരു നിമിഷം മുമ്പ്‌ നിന്നിരുന്ന സ്ഥലത്ത് മുകളിൽനിന്ന് എന്തോ വന്ന് വീണുവീഴുന്ന വീഴ്ചയ്‌ക്കിടയിൽ അത്‌ സാനുവിന്റെ ചുമലിലും ഒന്ന് സ്‌പർശിക്കാതിരുന്നില്ലസാക്ഷാൽ മൂർഖൻപാമ്പിന്റെ ഒരു ചെറിയ പതിപ്പായിരുന്നു അതെന്ന്അതിന്റെ കുഞ്ഞു പത്തിയിലെ Vആകൃതിയിലുള്ള വര കണ്ടപ്പോഴാണ്‌‌ അവർക്ക്‌ തീർച്ചയായത്‌


പതിനാറാംതി അവസാന ബോട്ടുകളിലൊന്നിൽ കരപറ്റിയ കെയർടേക്കർ വേണുഅവിടെനിന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ടോറസ്‌ ട്രക്കുകളിലൊന്നിൽ വലിഞ്ഞു കയറിമംഗലപ്പുഴപ്പാലത്തിനടുത്തുള്ള സെമിനാരിപ്പടിയിലിറങ്ങിഅവിടെനിന്നും ശ്‌മശാനം കടന്ന് യു.സികോളേജിലെത്തി, വെളിയത്തുനാട്ടിലേക്ക്‌ നടന്നുജ്യോതിനിവാസ്‌ സ്‌കൂളിനടുത്തെത്തിയപ്പോൾ അവിടെയും പ്രളയജലവും കുത്തൊഴുക്കും പ്രളയത്തിൽ മുങ്ങിയതോടെ വേണുവിന്റെ ഫോണിന്റെ കാര്യത്തിലും ഒരു തീരുമാനമായി


 രാവിലെ പോയ കെട്ടിയോനെ സന്ധ്യകഴിഞ്ഞിട്ടും കാണുന്നില്ലഫോൺ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ലപോരാത്തതിന്‌ നാടങ്ങും പ്രളയത്തിന്റെ അശുഭവാർത്തകളുംവേണുവിന്റെ സഹധർമ്മിണി അടുത്ത്‌ ആരംഭിച്ച റിലീഫ്‌ക്യാമ്പിൽ പോയി അന്വേഷിച്ചതോടെ സുഹൃത്തുക്കളും പരിഭ്രാന്തരായിഅങ്ങനെയിരിക്കെയാണ്‌ വലിച്ചു കെട്ടിയിരിക്കുന്ന വടത്തിൽ പിടിച്ച്‌ വേണു ഒരുവിധം അക്കരെയെത്തുന്നതും വീടുപിടിക്കുന്നതുംതോർത്തുടുത്ത്‌, തലയിലൊരു കെട്ടുമായി ചിരിച്ചുകൊണ്ട്‌ വരുന്ന 'മാവേലി'യെ കണ്ടതോടെ അങ്ങനെ അവിടെയും സമാധാനമായി


ഭാഗം 6. ബാക്കിപത്രം

 

അങ്ങനെപ്രളയത്തിലാറാടിയ ആഗസ്‌റ്റിനെ പിന്നിലാക്കി നമ്മൾ സെപ്‌തംബറിലേക്ക്‌ കാലെടുത്തു വെക്കുമ്പോൾമെലഡിയിലെ ജീവിതം മിക്കവാറും സാധാരണനില പ്രാപിച്ചു കഴിഞ്ഞുസീവേജ്‌ ട്രീറ്റ്‌മന്റ്‌ പ്ലാന്റും ജനറേറ്ററുമെല്ലാം പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നുമെയ്യുംമനവുമൊത്ത്‌ മെലോഡിയൻസെല്ലാം ഒന്നായിരിക്കുന്നുവിദൂരദേശങ്ങളിലുള്ളവർ പോലും പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ ഗ്രൗണ്ട്‌സീറോയിലുള്ളവർക്ക്‌ ആത്മവിശ്വാസവും പ്രചോദനവും നൽകിക്കൊണ്ടേയിരിക്കുന്നു


എങ്കിലും യാഥാർത്ഥ്യങ്ങൾ യഥാർത്ഥ്യങ്ങളായിത്തന്നെ നിലനിൽക്കുമല്ലോമെലഡിയിൽ പാർക്ക്‌ ചെയ്‌തിരുന്ന ഇരുപതോളം കാറുകളും പത്തോളം ഇരുചക്രവാഹനങ്ങളും തീർത്തും ഉപയോഗശൂന്യമായിഅവയെല്ലാം 'ടോട്ടൽ ലോസ്സായി' (total loss) കണക്കാക്കിഅവയുടെ ഡിക്ലയേഡ്‌ മൂല്യം (IDV) കസ്‌റ്റമറിനു തന്ന് ക്ലെയിമുകൾ തീർപ്പാക്കാനാണ്ഇൻഷുറൻസ്‌ കമ്പനികൾ പൊതുവായി തീരുമാനിച്ചിരിക്കുന്നത്‌ എന്നാണ്‌ നിലവിലുള്ള വർത്തമാനംഎന്റെ രണ്ടുവർഷം പഴക്കമുള്ള 'ക്വിഡ്ഡി'ന്റെ (Kwid) കാര്യത്തിൽ അതാണുണ്ടാവുകയെന്ന്ഇന്നു രാവിലെ 'റെനോ'യിൽനിന്ന് എനിക്ക്‌ ഫോൺസന്ദേശം ലഭിക്കുകയുമുണ്ടായിപുതിയകാറ്‌ ബുക്ക്‌ ചെയ്യുന്നവർക്ക്‌ മുപ്പതിനായിരം രൂപയുടെ ഒരു ഡിസ്‌കൗണ്ടും അവർ (Renault) പ്രഖ്യാപിച്ചിട്ടുണ്ട്‌


മെലഡി വിട്ട്‌ വെളിയിലെ വിശേഷങ്ങളിലേക്കു പോയാൽ നാടെങ്ങുംറോഡുകളിൽനിന്നും വീടുകളിൽനിന്നും കടകളിൽനിന്നും ചെളികോരി മാറ്റലും മറ്റു ശുചീകരണ പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുന്നതേയുള്ളുതോട്ടക്കാട്ടുകരയുടെ  ഭാഗത്ത്‌ ഇന്നും ആകെ തുറന്നിരിക്കുന്നത്‌ നവ്യബേക്കറി മാത്രംപോസ്‌റ്റ്‌ ഓഫീസുപോലും പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ലബേബിയുടെ ഫോട്ടോസ്‌റ്റാറ്റ്‌ കടയും കുഞ്ഞുമോന്റെ സെന്റ്‌ ആൻസ്‌ പ്രൊവിഷൻ സ്‌റ്റോറുമൊക്കെ തുറക്കാൻ ഇനിയും ഒരുപാട്‌ ദിവസങ്ങൾ വേണ്ടിവരുംകടകളിലെ മാലിന്യവും ചെളിയും റോഡുകളിൽകുന്നുകൂട്ടിയിരിക്കുന്നത്‌ നീക്കം ചെയ്യാൻ ജെ.സി.ബികൾ വിശ്രമമില്ലാതെപണിയെടുക്കുന്നുആഴ്ചകളായി കെട്ടിക്കിടക്കുന്നജൈവവും അജൈവവുമായ മാലിന്യങ്ങളുടെ രൂക്ഷഗന്ധം നാടെങ്ങും ദുർഗ്ഗന്ധപൂരിതമാക്കിയിരിക്കുന്നു


കെ.എസ്‌.ആർ.ടി.സിയും റെയിൽവേയും സ്വകാര്യ‌ ബസ്സുകളും ദിവസങ്ങൾക്കു മുമ്പേ തന്നെ പൂർണ്ണതോതിൽ സർവീസ്‌ തുടങ്ങിയിരുന്നുനെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനസർവീസുകളും ഇരുപത്തിയൊൻപതു മുതൽ പൂർണതോതിൽ പുനരാരംഭിച്ചു


നമ്മുടേതു പോലെ ഇത്ര വേഗം താമസയോഗ്യമായ ഫ്ലാറ്റുകൾ കേരളത്തിൽ വേറെ ഏതെങ്കിലും ഉണ്ടാകുമോസംശയമാണ്‌കൈയ്യും മെയ്യും മറന്ന് ഉടമസ്ഥന്മാരും താമസക്കാരും വാടകക്കാരും ജോലിക്കാരുമെല്ലാം ഒന്നായതാണ്‌ നമ്മുടെ വിജയംഅതിന്റെ നടുനായകസ്ഥാനത്ത്‌ നിൽക്കാൻ സാനുവിനെയും ജയചന്ദ്രനെയും പോലുള്ള കപ്പിത്താന്മാരെ കിട്ടിയതാണ്‌ നമ്മുടെ പുണ്യംമതത്തിന്റേയും ജാതിയുടേയും രാഷ്‌ട്രീയ വിശ്വാസങ്ങളുടേയും സാമ്പത്തികകാര്യങ്ങളുടേയുമൊക്കെ പേരിൽ വിഘടിക്കാതിരുന്നതാണ്‌ നമ്മുടെ സൗഭാഗ്യംനമ്മളിപ്പോൾ ഒരു കെട്ടിടത്തിൽ താമസിക്കുന്ന പത്തുമുപ്പത്‌ കുടുംബങ്ങളല്ലമറിച്ച്‌ഒരൊറ്റ കുടുംബമാണ്‌


വാൽക്കഷ്‌ണം:



Our Melody Apartments, as seen from Santhi Lane. River Periyar, Aluva Metro Station, Marthandavarma Bridge etc. in the background. Picture taken on 1st April, 2019

എന്റെ അറിവിൽ പെട്ട കാര്യങ്ങൾ മാത്രമാണിവിടെ പങ്കുവെച്ചത്‌നിങ്ങൾക്കും ഒട്ടേറെ അനുഭവങ്ങൾ ഇതുപോലെ പങ്കുവെയ്‌ക്കാനുണ്ടാകുംഅവയൊക്കെ അറിയാവുന്ന ഭാഷയിൽ അനുബന്ധമായി ഇവിടെ കുറിച്ചാൽമെലഡിയിലെവരും തലമുറകളിലെ ചരിത്രകുതുകികൾക്ക്‌ അതൊരു അനുഗ്രഹമാകുംതൊണ്ണൂറ്റിയൊൻപതിലെ (1924) വെള്ളപ്പൊക്കത്തെപ്പറ്റി മുത്തശ്ശിമാരിൽനിന്നും നമ്മൾ കേട്ടിട്ടുള്ള കഥകൾ ഓർക്കുന്നില്ലേനാളെ മുത്തശ്ശിമാരാവാൻ പോകുന്നമെലഡിയിലെ ഇന്നത്തെ കൗമാരക്കാർക്കും ആശ്രയിക്കാവുന്ന ഒരുരേഖയായിരിക്കും അത്‌


തൊണ്ണൂറു വയസ്സു കഴിഞ്ഞ അമ്മയേയുംകൊണ്ട്‌ എങ്ങോട്ടു പോകുമെന്ന് പകച്ചുനിന്ന എന്നോട്‌, 'ഞങ്ങൾ പോകുന്നിടത്തേക്ക്‌ പോന്നോളൂഎന്നു പറഞ്ഞ ബിന്ദുവിനേയും, 'ഞങ്ങൾ ഒപ്പമുണ്ട്‌ ചേട്ടാഎന്നു പറഞ്ഞ്‌ സമാധാനിപ്പിച്ച സന്ദീപിനേയുംകൂടി സ്‌മരിക്കാതെ  കുറിപ്പ്‌ അവസാനിപ്പിക്കാൻ എനിക്കാവില്ലതെറ്റുകൾ മനുഷ്യസഹജമാണ്‌ കുറിപ്പിലും അബദ്ധങ്ങൾ കയറിപ്പറ്റിയിട്ടുണ്ടാകാംമനഃപൂർവമല്ലെങ്കിൽകൂടി ഏതെങ്കിലും പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്‌വ്യൿതിപരമായ വിവരങ്ങൾ അനുവാദം ചോദിക്കാതെ പ്രസിദ്ധപ്പെടുത്തിയത്‌ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവരോടും ക്ഷമചോദിക്കുന്നു


കുറിപ്പ്‌:

* താൽക്കാലിക താമസക്കാർ.


[The Deluge of the Century: Memoirs of a Melodian, is a recollection of a common man, who had survived the great flooding that devastated almost the whole of Kerala State in southern India in August, 2018. As a resident of an apartment that overlooked the Periyar river, he could witness the steady rise of the water closely. The language used here is Malayalam.]







No comments: