Wednesday, April 7, 2010

ഒരു സാധാരണ ചരമവൃത്താന്തം

                                                                                                     എൺപത്തിയേഴു വയസായ ഒരാൾ മരിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഏതു പ്രായത്തിലും ആർക്കും എപ്പോൾ വേണമെങ്കിലുംമരിക്കാവുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇക്കഴിഞ്ഞ മാർച്ച് ഏഴാം തീയതി മരിച്ച ഭാരതി പേരമ്മയുടെ കാര്യത്തിലും അതിനു വ്യത്യാസമൊന്നും ഇല്ല. എന്റെ അമ്മയുടെ ചേച്ചിയാണ് ഭാരതിപേരമ്മ. ചേച്ചിയെന്നാൽ സ്വന്തം ചേച്ചിയല്ല, വല്യമ്മയുടെ മകൾ. ഈ വല്യമ്മയെ അനിയത്തിമാരുടെ മക്കളെല്ലാം പേരമ്മ എന്നാണ് വിളിച്ചിരുന്നത്. ആ ഓർമ്മ നിലനിർത്താനായിരുന്നു, മകളും ഞങ്ങളെക്കൊണ്ട് ഭാരതി പേരമ്മ എന്ന് വിളിപ്പിച്ചത്.

ചേടത്തി-അനീത്തിമാരുടെ മക്കളിൽ ആദ്യം ഉദ്യോഗസ്ഥ ആയ ഭാരതി പേരമ്മയായിരുന്നു എന്റെ അമ്മയേയും മറ്റ് അനിയത്തിമാരെയും ഇടയ്ക്കെങ്കിലും സിനിമയ്ക്കൊക്കെ കൊണ്ടുപോയിരുന്നതും വെളിയിൽനിന്നും മസാലദോശ വാങ്ങിക്കൊടുത്തിരുന്നതും. സിനിമയും മസാല ദോശയുമൊക്കെ ആഡംബരത്തിന്റെ മേലാപ്പ് പുതച്ചിരുന്ന സമയവും, അച്ചടക്കത്തോടെ വളർന്നിരുന്ന നായർ തറവാടുകളിലെ പ്രായമായ പെൺകുട്ടികൾക്ക് ആൺ‌തുണയില്ലാതെ പുറത്തിറങ്ങി നടക്കാൻ നിയന്ത്രണങ്ങൾ ഒരുപാടുണ്ടായിരുന്ന കാലവും. അധ്യാപകവൃത്തിക്ക് എല്ലാ മാന്യതയും സമൂഹം ചാർത്തി കൊടുത്തിരുന്ന ആ കാലത്ത്, തോട്ടയ്ക്കാട്ടുകര ഗവ. എൽ.പി.സ്കൂളിലെ ടീച്ചറുംകൂടി ആയിരുന്ന ഭാരതിപ്പേരമ്മയുടെ കൂടെ കുട്ടികളെ അയക്കാൻ കാരണവന്മാർക്കും വല്യ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയങ്ങനെ, ഉത്സവത്തിന് പോണമെങ്കിലും സർക്കസിന് പോകണമെങ്കിലും, അനീത്തിക്കുട്ടികൾക്ക് ഭാരതിച്ചേച്ചി വേണമെന്നതായിരുന്നു അവസ്ഥ.


അനീത്തിക്കുട്ടികളൊക്കെ വളർന്ന് വലുതായി ഉദ്യോഗസ്ഥരും വല്യവല്യ ഉദ്യോഗസ്ഥരുടെ ഭാര്യമാരും ആയതോടെയായിരിക്കണം, എന്തിനും ഏതിനും ഭാരതിച്ചേച്ചി കൂടിയേ കഴിയൂ എന്ന അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. മാത്രമല്ല, കൂട്ടുകുടുംബവ്യവസ്ഥിതി അന്യംനിൽക്കുകയും പുതിയ സമ്പ്രദായങ്ങൾ ചുവടുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ചേച്ചിമാർക്ക് മറ്റു ശാഖകളിലെ അനിയത്തിമാരുടെമേൽ സ്വാഭാവികമായി നിലനിന്നിരുന്ന അധീശത്വത്തിനും കുറവു വന്നു കാണണം. ഒരുപക്ഷെ, മുതിർന്ന ചേച്ചിയെന്ന നിലയിൽ ഉപദേശിക്കാനും ശാസിക്കാനും തനിക്കുള്ള ധാർമീക അധികാരം വിട്ടുകൊടുക്കാൻ ചേച്ചിയും തയ്യാറല്ലായിരുന്നു എന്നും കൂട്ടാം. ടീച്ച‌റൊക്കെ ആയിരുന്നുവെങ്കിലും, തന്റെ വീക്ഷണകോണിലൂടെ കിട്ടുന്ന കാഴ്ചകൾ മാത്രമാണ് സത്യവും ന്യായവും എന്നും മറ്റുള്ളവരുടേതിന് ന്യൂനതകളുണ്ടെന്നും ഉള്ള വിശ്വാസവും ഏതൊരാളെയും പോലെ അവരേയും നയിച്ചിരിക്കാം. ഏതായാലും ഭാരതിച്ചേച്ചി വരുന്നു എ ന്നു കേട്ടാൽ, അതോടൊപ്പമുണ്ടായിരുന്ന ‘ഹായ്’ പിന്നെപ്പിന്നെ പോയ മട്ടായി. അനിയത്തിമാർക്കും അനിയന്മാർക്കും മക്കളും അവർക്ക് മക്കളും ഉണ്ടാവുകയും, അവരെല്ലാം പഠിച്ച് പഠിച്ച് വല്യ ‘യോഗ്യ‘രാവുകയും ചെയ്ത അവസരത്തിലെ അവസ്ഥ പിന്നെ പറയണോ?

പക്ഷെ, സ്വന്തം ജീവിതവും ഭാരതി പേരമ്മയെ ആവർത്തിച്ചാവർത്തിച്ച് ചതിക്കുകയായിരുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം പോലും അവശേഷിപ്പിക്കാതെ, ചെറുപ്പത്തിൽ തന്നെ ഭർത്താവിനെ മരണം കൂട്ടിക്കൊണ്ടുപോയി. ചന്ദ്രൻ ചേട്ടന്റെ കാലിൽ ചെറിയൊരു മുറിവിന്റെ രൂപത്തിൽ വന്ന വിധി, പിന്നീട് ‘സെപ്റ്റിക്കെ’ന്ന രാക്ഷസനായി വളരുകയായിരുന്നു എന്നാണെന്റെ ഓർമ്മ. സ്വന്തം കുട്ടികൾക്ക് കൊടുക്കാൻ വെച്ചിരുന്ന സ്നേഹവും വാത്സല്യവും നാട്ടിലുള്ള എല്ലാകുട്ടികൾക്കുമായി പലമടങ്ങ് വീതിച്ചു നൽകി അവർ. ഇല്ലാത്തവർക്ക് വാരിക്കോരി കൊടുക്കാൻ ഒരിക്കലും അവരുടെ കൈ മടിച്ചിട്ടില്ല. പുസ്തകമായും യൂണിഫോമായും ഫീസായുമെല്ലാം അതു പലപല കൈകളിലേക്കും ഒഴുകി. ഈ നിയന്ത്രണമില്ലാത്ത ദാനശീലവും പക്ഷെ, ആ പാവത്തിന് ദോഷമേ ചെയ്തുള്ളു എന്നത് വേറേ കാര്യം. സ്വന്തം വീട്ടിൽ, ഒപ്പം താമസിക്കുന്ന സഹോദരീപുത്രനുമായി കോടതി വ്യവഹാരം വരെ അതു നീണ്ടു എന്നു പറയുമ്പോൾ അതിന്റെ കാഠിന്യം ഊഹിക്കാമല്ലോ.

ഇങ്ങനെയൊക്കെ ആയിരുന്നാലും, ‘ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പെ‘ന്ന നിലപാടിൽനിന്ന് അവരെ പിന്നോക്കം കൊണ്ടുപോകാൻ ഈ ദൌർഭാഗ്യങ്ങൾക്കൊന്നും കഴിഞ്ഞില്ല എന്നത് അവരുടെ ഭാഗ്യമോ നിർഭാഗ്യമോ? എൺപത്തിയേഴാം വയസ്സിൽ പറവൂർ കവലയിലേക്ക് ഒറ്റക്ക് പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോഴാണെങ്കിലും റോഡിലേക്ക് വേച്ചുപോകുമ്പോഴാണെങ്കിൽ‌പ്പോലും ഒരു കൈ സഹായവുമായി ആരെങ്കിലും ചെന്നാൽ, ഒരു നിമിഷം നിന്ന്, അവരുടെ മുഖത്തേക്കൊന്ന് നോക്കി സൌ‌മ്യമായി ചിരിച്ച്, സഹായം നിരസിക്കുകയായിരുന്നു അവസാനം വരെയും പാവത്തിന്റെ രീതി. എന്തെങ്കിലും കാരണമുണ്ടാക്കി ചേച്ചിയെ പ്രകോപിപ്പിക്കുവാൻ വേണ്ടി കുറുമ്പ് പറയുന്ന അനിയത്തിമാരോട് സ്ഥിരം അവർ പറഞ്ഞിരുന്ന ഒരു വാചകമുണ്ട്: ‘അതേയ്, എന്നോട് വേണ്ട; ഇത് കുന്നത്തെ ഭാരതിയാ! ‘കുന്നത്തെ’ എന്ന ആ ഒറ്റവാക്കിൽ ഒരു തറവാട്ടുകാരണവരുടെ അധീശത്ത്വം മുഴുവനായും മുഴങ്ങിയിരുന്നു. രണ്ടോ മൂന്നോ തലമുറയിൽ‌പ്പെട്ട ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകുകയും ഒരു നാടിന്റെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത കുന്നത്ത് ഭാരതി അമ്മ ടീച്ചറുടെ ചരമവൃത്താന്തം പിറ്റേദിവസത്തെ ഒരു പത്രത്തിന്റേയും ചരമപ്പേജിൽ‌പ്പോലും വന്നില്ല. നാലഞ്ച് ദിവസം കഴിഞ്ഞ് ഏതോ ഒരു പത്രത്തിലെ ചരമ കോളത്തിൽ വന്നതാണെങ്കിൽ ഏകദേശം ഇങ്ങനെയും:

“ചാമപറ‌മ്പ്. പരേതനായ മൂട്ടൂപ്പടിക്കൽ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ കെ. ഭാരതി അമ്മ (87) അന്തരിച്ചു. അധ്യാപികയായിരുന്നു. ശവസംസ്കാരം നടത്തി”

പാവം ഭാരതി പേരമ്മ. ജീവിതം അവരെ ചതിച്ചു; പലതവണ. ഇപ്പോൾ മരണവും.

3 comments:

കുഞ്ഞിക്കുട്ടന്‍ said...

aadaranjalikal

sanchari said...

it touched me a lot..i thought several times he same last sentence of ur article abt my grandpa

Jayan said...

Thanks a lot, Kunjikkuttan and Sanchari, for the comments. Sorry for the exceptional delay in replying. Hope you understand...