കുറച്ചുകാലം മുമ്പാണ്. എന്നു പറഞ്ഞാൽ ഏകദേശം ഒരു നൂറു കൊല്ലം മുമ്പ്. ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് തറവാട്ടിലെ കാരണവർ അച്യുതൻ പിള്ള വക്കീലാണന്ന്. എലഞ്ഞാക്കോടത്ത് എന്നും എടയാളി എന്നും പേരുണ്ടായിരുന്ന ആലുവയിലെ തന്നെ മറ്റൊരു പുരാതന നായർ തറവാട്ടിലെ അംഗമായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് ഏതോ ഒരു സായിപ്പിന്റെ കൂടെ കൂടി ഇംഗ്ലീഷ്‌ഭാഷ പഠിച്ച്, അന്നത്തെ മജിസ്ട്രേറ്റ് പരീക്ഷ പാസ്സായി, ആലങ്ങാട്ട് കച്ചേരിയിൽ വക്കീൽ ജോലി ആരംഭിച്ച്, പിന്നീട് ശ്രീമൂലം പ്രജാസഭാ മെമ്പറായും ആലുവാ നഗരസഭാ ഉപാദ്ധ്യക്ഷനായും തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. ആലുവയ്ക്കടുത്ത തിരുവാലൂർ എന്ന ഗ്രാമത്തിലെ കുന്നത്ത് മൂലകുടുംബത്തിൽനിന്നും പാർവതി എന്ന പെൺകുട്ടിയെ കല്യാണം കഴിച്ച അദ്ദേഹം ഭാര്യയുമൊത്ത് ഇന്നത്തെ പറവൂർ കവലയ്ക്ക് കിഴക്കു ഭാഗത്തേക്ക് താമസം മാറി. പിന്നീടാണ് അദ്ദേഹം അവിടെ, ഇന്നത്തെ ഷാഡി ലെയ്‌നും ഫ്രെണ്ട്സ് ലെയ്‌നും ഇടയ്ക്കുള്ള ഒരേക്കർ അറുപത്തി ഒൻപത് സെന്റ് സ്ഥലത്തിനു നടുവിലായി ഓടിട്ട വലിയ വീടും പടിപ്പുരയുമൊക്കെ പണിത് ഞങ്ങളുടെ തറവാട് സ്ഥാപിക്കുന്നതും അവിടുത്തെ കാരണവരായി മാറുന്നതും. നായർ റെഗുലേഷനും മന്നത്തു പദ്മനാഭനുമൊക്കെ മുമ്പേതന്നെ മരുമക്കത്തായത്തിന്റെ തല തല്ലിപ്പൊളിച്ച് മക്കത്തായം ഞങ്ങളുടെ തറവാട്ടിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിനൊക്കെ മുമ്പേതന്നെ ഹരിജനങ്ങളെ ഞങ്ങളുടെ തറവാട്ടിനകത്തു കയറ്റി കരക്കാരുടെ മുഴുവൻ എതിർപ്പും ആവോളം സമ്പാദിച്ചിരുന്നു ആ ക്രാന്തദർശി.