ജീവിതത്തിന്റെ സായാഹ്നത്തിലേക്കു കടന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മകഥാപരമായൊരു കുറിപ്പാണിത്. മാത്രമല്ല, അത്യന്തം ശോകപര്യവസായിയും. അതുകൊണ്ടുതന്നെ ഇതു വായിച്ച് മെനക്കെടേണ്ട കാര്യം സാധാരണ ഗതിയിൽ
നിങ്ങൾക്കില്ല. പക്ഷെ, നിങ്ങൾ പുതുതലമുറ ഇൻഷുറൻസ്
കമ്പനികളിലേതിലെങ്കിലുമൊന്നിൽ സ്വന്തം ജീവിതമോ മക്കളുടെ ജീവിതമോ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ, ഒരുപക്ഷെ, ഇതു വായിച്ചാൽ അത് ഉപകരിച്ചേക്കാം.
ഞാനെന്റെ കഥയിലേക്കു കടക്കട്ടെ. നേരത്തെ സൂചിപ്പിച്ചപോലെ മധ്യകേരളത്തിലെ ഒരുപുരാതന നായർ തറവാട്ടിലാണ് ജനനം. ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി, പി.എസ്.സി പരീക്ഷ എഴുതി സർക്കാരാഫീസിൽ ജോലി നേടി, കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു നായർ പെൺകുട്ടിയെ ‘പേരുകേൾപ്പിക്കാതെ’തന്നെ കല്യാണവും കഴിച്ച്, ചെറിയൊരു
ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചവൻ. പരന്ന വായനയുടെ അസുഖം ഉണ്ടായിരുന്നതുകൊണ്ടുതന്നെ ചെറുപ്പത്തിലേ അല്പം ആദർശത്തിന്റെ അസ്കിതയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ. സാധാരണപോലെ അതു പക്ഷെ, ഒരു ‘കമ്മ്യൂണിസ്റ്റ് ലൈൻ‘ ആയിരുന്നില്ല. നാടിനെയും നാട്ടുകാരെയും ഒക്കെ നേരേയാക്കിയേ അടങ്ങൂ എന്നൊന്നും അതുകൊണ്ടുതന്നെ ഒരു വാശിയും ഉണ്ടായിരുന്നുമില്ല. പക്ഷെ, സ്വയം തിന്മയിൽ നിന്ന് വിട്ടു നിൽക്കണം എന്നൊരു തോന്നൽ.
വിവേകാനന്ദസാഹിത്യസർവസ്വത്തിന്റെയൊക്കെ സ്വാധീനം നല്ലപോലെ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം, ‘നന്മയ്ക്ക് നന്മ - തിന്മയ്ക്ക് തിന്മ‘എന്നതാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം എന്നങ്ങ് ധരിച്ച് വശായി. ചുരുക്കിപ്പറഞ്ഞാൽ, ക്ഷേത്രങ്ങളിൽ ഇരിക്കുന്ന ദൈവങ്ങളുടെ പ്രസാദത്തിലുമുപരി മനുഷ്യന്റെ പ്രവൃത്തിയാണ് ഒരുവൻ അനുഭവിക്കേണ്ടിവരുന്ന അനുഭവങ്ങളുടെയൊക്കെ പിറകിൽ എന്നൊരു വിശ്വാസം കേറി തലയ്ക്കങ്ങ് പിടിച്ചു.
ജോലി ലഭിച്ചതാണെങ്കിലോ, ശമ്പളേതര വരുമാനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച പൊതുമരാമത്ത് വകുപ്പിലും! ഏതായാലും, ‘അങ്ങനെ കിട്ടുന്ന കാശ്‘ വേണ്ട എന്നുതന്നെയങ്ങ് വെച്ചു. കോൺട്രാക്റ്റർമാർ പ്രവൃത്തികളിൽനിന്നും ഉണ്ടാക്കുന്ന ലാഭത്തിന്റെ ചെറിയൊരു അംശമാണതെന്നും അത് കൈപ്പറ്റുന്നതിൽ വലിയ അധാർമികതയൊന്നും ഇല്ലെന്നും
ഉപദേശിച്ച സഹപ്രവർത്തകരോട് യോജിക്കാൻ എനിക്കു പറ്റില്ലായിരുന്നു. അങ്ങനെയെങ്കിൽ, റോഡിലെ ഗട്ടറുകളിൽ വീണു മരിക്കുന്ന ഗർഭിണികളുടെയും
ബൈക്ക്‌യാത്രക്കാരുടെയുമൊക്കെ മരണത്തിലും ചെറിയൊരു പങ്ക് അത് നമുക്ക് സമ്മാനിക്കുന്നുണ്ട് എന്ന വിശ്വാസമായിരുന്നു അതിന്റെ അടിസ്ഥാനം. പിന്നീട് മറ്റൊരു
പൊതുമേഖലാസ്ഥാപനത്തിലേക്ക് ഞാൻ പി.എസ്.സി ടെസ്റ്റെഴുതിത്തന്നെ മാറിയെങ്കിലും ഈ സ്വഭാവങ്ങളൊന്നും ഉപേക്ഷിച്ചുമില്ല. മാത്രമല്ല, ഏതൊരു സർക്കാരോഫീസിൽ
ചെന്നാലും നമുക്കു കിട്ടുന്ന മനംമടുപ്പിക്കുന്ന അനുഭവം എന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന് എന്നിൽനിന്നും ഉണ്ടാകരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. (1)
വിവാഹാനന്തരം വലിയ താമസമില്ലാതെതന്നെ ഞങ്ങൾക്കൊരു പുത്രൻ ജനിച്ചു.(2) അപ്പോഴാണ് എന്റെ സഹോദരി, ലത “ചേട്ടാ, നമുക്കിവനെ ‘ബിലെ’ എന്നു വിളിച്ചാലോ?”
ഞങ്ങളുടെ ബിലെ, ചെറിയ കുട്ടിയായിരിക്കുമ്പോള്‍ . |
എന്നു ചോദിച്ചത്.ഞാനും ലതയും ചെറിയ കുട്ടികളായിരിക്കുമ്പോൾ, ഞങ്ങളുടെ സുരുഅമ്മാവൻ, ‘കുട്ടികളുടെ വിവേകാനന്ദൻ’ എന്നൊരു സചിത്രബാലസാഹിത്യകൃതി
ഞങ്ങൾക്ക് സമ്മാനിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ അച്ഛനമ്മമാർ അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്നതായി അതിൽ വായിച്ച് മനസ്സിൽ പതിഞ്ഞ പേരാണത്. അതുകൊണ്ടുതന്നെ എനിക്കോ അമ്മയ്ക്കോ ഒന്നും രണ്ടാമതൊന്ന് ആലോചിക്കേണ്ടിപ്പോലും വന്നില്ല, അവനെ അങ്ങനെ വിളിക്കാൻ. ജനനസർട്ടിഫിക്കറ്റിലും മറ്റും പിന്നീട് ‘ശരത് മേനോൻ. കെ‘(3) എന്ന് വിസ്തരിച്ച് ചേർത്തുവെങ്കിലും വീട്ടിൽ എല്ലാവർക്കും അവൻ ‘ബിലെ’ ആയിരുന്നു. അപ്പൂക്കയ്ക്കും അമ്മൂമ്മയ്ക്കും അത് ‘ബിലെക്കുട്ട‘നും, അച്ചയ്ക്കും അമ്മ്യ്ക്കും ചിലപ്പോൾ ‘ബിൽസു’വും,അമ്മായിക്ക് അത് ‘ബിലൂച്ചും’ ഒക്കെ ആവുമെന്നു മാത്രം.
നേരത്തെ പറഞ്ഞ ആദർശത്തിന്റെ അസുഖം കാരണമാവാം, ഇവനെ നാട്ടുനടപ്പുള്ള എൽ.കെ.ജി, യൂ.കെ.ജി മുതലായ കോപ്രായങ്ങൾക്കൊന്നും അയക്കേണ്ടതില്ലഎന്നായിരുന്നു എന്റെ തീരുമാനം. നിഴൽപോലെ കൂടെ ജീവിക്കുന്ന ഭാര്യ, എന്റെ
[അച്ചേടേം അമ്മേടേം പൊന്നാംകട്ട] |
‘ദേവീസി‘നും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ ചേർക്കുന്നതു
വരെയെങ്കിലും കൊച്ച്, മണ്ണിലും ചെളിയിലും കളിച്ച് തിമിർത്ത്, പ്രകൃതിയോടിണങ്ങി
വളരട്ടെ എന്നായിരുന്നു എന്റെ ചിന്ത. അഞ്ചു വയസ്സ് തികഞ്ഞതിനുശേഷം സ്കൂളിൽ ചേർക്കാൻ നേരത്തും അവനെ നാട്ടിലെ സർക്കാർ സ്കൂളിൽ മലയാളം മീഡിയം ഒന്നാം ക്ലാസ്സിൽ ചേർക്കാൻ എനിക്ക് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.(4) ‘കോമ്പെറ്റീഷന്റെ കാലമാണ്, വളർന്ന് വലുതാവുമ്പോൾ അവൻ മറ്റു കുട്ടികളോട് പൊരുതാൻ കഴിവില്ലാതെ പരാജയപ്പെടേണ്ടിവരും’ എന്നൊക്കെ ഉപദേശിച്ചിരുന്നവരോട് ഞാൻ പറഞ്ഞിരുന്നത്, ‘അവൻ ഡോക്ടറോ എഞ്ചിനീയറോ മാനേജരോ ഒന്നും ആവണ്ട, ഒരു നല്ല മനുഷ്യനായി വളരട്ടെ’ എന്നായിരുന്നു. പിന്നീട് നഗരത്തിലേക്ക് താമസം മാറ്റിയപ്പോഴും ആ പ്രദേശത്തെ സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഒരു കോൺവെന്റ് സ്കൂളിൽ തന്നെ അവനെ ചേർക്കാനും സാധിച്ചു. ഇതിനിടയിൽ ഞാനും എന്റെ ദേവീസും കൂടി മറ്റൊരു തീരുമാനവും എടുത്തിരുന്നു: ‘മക്കളായി ഇനിയൊരാൾകൂടി വേണ്ട; ഒരെണ്ണമുള്ളതിനെ പറ്റിയാൽ ദൈവം നന്നായി തരട്ടെ; അല്ലെങ്കിൽ വിധി എന്താണോ തരുന്നത്, അതനുഭവിക്കാം‘ ഇതായിരുന്നു ആ തീരുമാനം.
ഏതായാലും, ആ തീരുമാനത്തിലൊന്നും ദുഃഖിക്കേണ്ടി വന്നില്ല പിന്നീടങ്ങോട്ട്. എല്ലാ ക്ലാസ്സിലും എന്റെ കൊച്ച് ഒന്നാമനായിത്തന്നെ പഠിച്ചു പാസ്സായി. പ്രൊഫിഷ്യെൻസിക്കുള്ള
സമ്മാനം എല്ലാക്കൊല്ലവും അവനുതന്നെ ആയിരുന്നു. മാത്രമല്ല, ഇവനു കൊടുക്കുന്ന സമ്മാനത്തിന്, ഇന്ന ക്ലാസ്സിലെ ‘ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച കുട്ടിക്കുള്ള പ്രൈസ്’ എന്നുള്ള പേരു മാറ്റി, ‘ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച സൽസ്വഭാവിയായ കുട്ടിക്കുള്ള സമ്മാനം’ എന്നാക്കി തിരുത്താൻ വരെ ആ സ്കൂളിലെ ഹെഡ് മിസ്‌ട്രെസ്സ് ശ്രദ്ധിച്ചിരുന്നു എന്നുള്ളതാണ് വസ്തുത! പാഠ്യവിഷയങ്ങളിലെല്ലാംതന്നെ ദേവീസിന്റെ ശ്രദ്ധ എട്ടാം
ക്ലാസ്സു വരെയെങ്കിലും നല്ലപോലെയുണ്ടായിരുന്നു എന്നതും വാസ്തവം. പഠിപ്പിക്കാനായില്ലെങ്കിലും രാവിലെ ഉറക്കമുണർന്ന്, അവന്റെ കൂടെത്തന്നെ ചെലവഴിച്ചു അവൾ പിന്നീടും പത്താം ക്ലാസ്സു വരെയെങ്കിലും. എന്റെ ശ്രദ്ധ, അവനിൽ കാരുണ്യം, ദയ, സാഹിത്യാഭിരുചി മുതലായ സദ്ഗുണങ്ങൾ വളർത്തുന്നതിലായിരുന്നു. ഓരോ പരീക്ഷ കഴിയുമ്പോളും പിറന്നാളിനുമൊക്കെ അച്ചയുടെ വക സമ്മാനം ഏതെങ്കിലുമൊരു
പുസ്തകമായിരിക്കും. ഏതെങ്കിലും മഹാൻമാരുടെ ജീവചരിത്രമോ കുട്ടികൾക്ക് വിരസത സമ്മാനിക്കുന്ന അതുപോലത്തെ മറ്റുവല്ല ഗ്രന്ഥമോ ഒന്നുമല്ല, ടാർസനോ, ഡ്രാക്കുളയോ
ഒക്കെപ്പോലെയുള്ള എന്തെങ്കിലും. അവൻ നാലിലോ അഞ്ചിലോ ഒക്കെ പഠിക്കുമ്പോൾത്തന്നെ അവനെ മടിയിൽ പിടിച്ചിരുത്തി, ലാറി കോളിൻസും ഡോമിനിക് ലാപ്പിയറും ചേർന്നെഴുതിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ‘ പൊടിപ്പും തൊങ്ങലും ചേർത്ത് കുറേശ്ശെ കുറേശ്ശെ വായിച്ചുകൊടുത്തിരുന്നതും അവനത് അതീവ താത്പര്യത്തോടെ
കേട്ടിരുന്നതും ഞാനിന്നും സന്തോഷത്തോടെ ഓർക്കുന്ന ഒരു കാര്യമാണ്. സ്കൂൾ വിട്ടു വന്നാൽ കളിയും എനിക്കു നിർബന്ധമായിരുന്നു. പരീക്ഷാദിവസങ്ങളിൽപ്പോലും ‘പോയി കളിച്ചിട്ടു വന്ന് പഠിക്കെടാ, ചെക്കാ‘ എന്നേ ഞാൻ പറയാറുള്ളൂ. കായികവും മാനസികവുമായ ഉല്ലാസം സ്വഭാവരൂപീക്രണത്തിനെയും സഹായിക്കും എന്നുള്ളതായിരുന്നു എന്റെ വിശ്വാസം.
അങ്ങനെ നാലിലോ അഞ്ചിലോ പഠിക്കുന്ന അവസരത്തിലാണ് ഒരു ദിവസം വൈകുന്നേരം പനിയും ചെറിയ ശ്വാസംമുട്ടുമായി അവൻ സ്കൂൾ വിട്ടു വന്നത്. സ്കൂളിൽ കളിക്കുന്ന സമയത്തെപ്പൊഴോ ഷർട്ടിലും ബനിയനിലും ആകെ ചെളി തെറിച്ചെന്നും, അപ്പോൾ കൂട്ടുകാർ ആരോ ഉപദേശിച്ചതനുസരിച്ച് ഷർട്ടും ബനിയനും ഊരി, പൈപ്പിലെ വെള്ളത്തിൽ കഴുകി അപ്പോൾത്തന്നെ അതിട്ടുകൊണ്ടു വീണ്ടും ഓടിക്കളിച്ചതായിരുന്നു ആ അസുഖത്തിന്റെ കാരണമെന്നും മനസ്സിലായി. ശ്വാസംമുട്ട് ആദ്യമായി വരികയാണ്. ഏതായാലും അത് കൂടുതലാവണ്ട എന്നു വിചാരിച്ച് വൈകുന്നേരം തന്നെ നഗരത്തിൽ സാധാരണ കാണാറുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. രണ്ടോ മൂന്നോ ദിവസത്തെ ചികിത്സ കൊണ്ട് അസുഖം ഭേദമായെങ്കിലും പക്ഷെ, ശ്വാസതടസ്സം പിന്നെ ഇടക്കിടയ്ക്ക് വരാൻ തുടങ്ങി. കുട്ടികൾക്ക് ഈ പ്രായത്തിൽ സാധാരണ വരാറുള്ള ‘ചൈൽഡ് ആസ്ത്‌മ’ ആണതെന്നും കൌമാരപ്രായമാകുമ്പോഴേക്കും അതു സ്വയം മാറിക്കോളുമെന്നും ആണ് ഡോക്ടർ അഭിപ്രായപ്പെട്ടത്. അതുപോലെ തന്നെ എട്ടിലോ ഒൻപതിലോ ഒക്കെ പഠിക്കുമ്പോഴേക്കും അതു പിന്നെ വരാതെയാകുകയും ചെയ്തു. കാലക്രമേണ ഞങ്ങളത് മറക്കുകയും ചെയ്തു എന്നു പറയാം.
പിന്നീട്, തിരുവനന്തപുരത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോളാണ് അവന് മറ്റൊരസുഖം പ്രത്യക്ഷപ്പെട്ടത്. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന കുട്ടികളായ അനൂപും ജോണും
നോക്കുമ്പോൾ അവൻ രാവിലെ കട്ടിലിൽനിന്നും വീണ് താഴെ തറയിൽ കിടക്കുകയാണ്. വീഴ്ചയിൽ കീഴ്ത്താടിയുടെ ഇടതുവശം ചെറുതായി പൊട്ടിയിട്ടുമുണ്ട്. അവരുടനെ അവനെ അടുത്തുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി കാണിച്ചു. ഫിറ്റ്സ് വന്നതായിരിക്കാമെന്നും ഏതായാലും വിശദമായൊരു ചെക്കപ്പിന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നല്ലെതെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച്
അവർ അവനെ മെഡിക്കൽ കോളേജിലേക്ക് തന്നെ കൊണ്ടുപോയി. അവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാനിങ്ങിനും ഇ.ഇ.ജിയ്ക്കുമൊക്കെ അവനെ വിധേയനാക്കിയിട്ടാണ് അവർ എനിക്ക് ഫോൺ ചെയ്യുന്നത്. “അങ്ക്ൾ, പേടിക്കാനൊന്നുമില്ല, അവനൊരു ഫിറ്റ്സ് വന്നതാണ്, ചിലപ്പോൾ അപസ്മാരത്തിന്റെ തുടക്കമായിരിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. ഏതായാലും സ്കാനിങ്ങിനൊന്നും
കൊടുക്കാൻ ഞങ്ങളുടെ കയ്യിൽ കാശില്ലാത്തതുകൊണ്ട് ഞങ്ങൾ അങ്ക്ളിനെ വിളിച്ചു എന്നേ ഉള്ളൂ” എന്നായിരുന്നു ഫോൺസന്ദേശം. 2001 ആഗസ്റ്റ് പതിനഞ്ചാം തീയതിയായിരുന്നു
അത്.
അതിനുമുമ്പും രണ്ടുതവണ അവൻ കട്ടിലിൽനിന്നു താഴെ വീണ അനുഭവം ഉണ്ടായിരുന്നുവെങ്കിലും അത് ഉറക്കത്തിൽ പറ്റിയ അബദ്ധമായി കരുതി ഞങ്ങൾ അവഗണിക്കുകയായിരുന്നു എന്നതാണ് സത്യം. തലേക്കൊല്ലം ചെക്കന് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ച് അധികം താമസിയാതെ തന്നെ എന്റെ അച്ഛൻ അകാലവാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു(5). ബിലേക്കുട്ടനെ പിരിയുക എന്നത് അച്ഛന് സഹിയ്ക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. അതിനെത്തുടർന്ന്, ഏതാനും മാസങ്ങൾക്കുള്ളിൽ, 2000 ഡിസംബറോടെ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ
മറയുകയും ചെയ്തിരുന്നു. തന്റെ സ്നേഹവാത്സല്യങ്ങൾ ദാനംചെയ്ത് മതിയാകാത്ത അച്ഛൻ അവനെ കാണാൻ വന്നതായിരിക്കും ഈ രണ്ടു സംഭവങ്ങളുടേയും പിന്നിലെന്നൊരു
നിഷ്കളങ്കമായ ഗ്രാമീണാഭിപ്രായം ദേവീസ് എന്നോട് മാത്രം സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഏതായാലും, വിശദമായ പരിശോധനകൾക്കും വിദഗ്ദ്ധചികിത്സയ്ക്കുമായി അവനെ ഞാൻ ഒട്ടും താമസിയാതെ കൊച്ചിയിലെ പ്രശസ്തമായ അമൃത ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗം തലവനായ ഡോ. ആനന്ദ് കുമാറിനെ കാണിക്കുകയും
അദ്ദേഹത്തിന്റെ ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നീട് കാര്യമായ പ്രശ്നങ്ങളൊന്നുംതന്നെ ഉണ്ടായില്ലെങ്കിലും ചികിത്സ വർഷങ്ങളോളം തുടരേണ്ടതുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ടും ടെസ്റ്റുകൾ നടത്തിയും
മരുന്നുകൾ മാറ്റിയും ഡോസേജുകളിൽ വ്യത്യാസങ്ങൾ വരുത്തിയും അതങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു. 2004 മേയ് മാസം അവസാനത്തോടെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം ഒരു ‘സപ്ലി’ പോലും ഇല്ലാതെ പൂർത്തിയാക്കി എന്റെ ബിൽസു വീട്ടിൽ
മടങ്ങിയെത്തി.
എന്റെയും ദേവീസിന്റെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം ഏതെന്നു ചോദിച്ചാൽ ഞങ്ങൾക്ക് ഒരു മടിയുമില്ലാതെ പറയാൻ പറ്റുന്ന ദിവസമായിരുന്നു
അക്കൊല്ലം ജൂൺ പതിനഞ്ചാം തീയതി. അന്ന് ഞാൻ പതിവുപോലെ ഓഫീസിലിരിക്കുമ്പോഴാണ് എനിക്കൊരു ഫോൺ വരുന്നത്. ബിൽസൂന് നേരത്തേതന്നെ ഒരെണ്ണം എടുത്തുകൊടുത്തിരുന്നുവെങ്കിലും ഞങ്ങൾക്കന്ന് മൊബൈൽ ഫോണൊന്നും ആയിട്ടില്ല. ചെക്കനാണ് അങ്ങേ തലക്കൽ.
“അച്ചേ, ഞ്യാനാ..........”, ചെക്കന്റെ കൊഞ്ചൽ.
“എന്ത്യേടാ?”
“എനിയ്ക്ക് കിട്ടീ”, വീണ്ടും കൊഞ്ചൽ തന്നെ.
“എന്ത്?”, എനിയ്ക്ക് ആകാംക്ഷ.
“ജോലി”. പിന്നെ അവൻ കാര്യത്തിലേക്ക് കടന്നു. തിരുവനന്തപുരത്തുനിന്ന് കൂട്ടുകാർ വിളിച്ചിരിക്കുന്നു. അവന് തിരുവനന്തപുരത്ത്തന്നെ ടെക്നോപാർക്കിലെ പ്രശസ്തമായ
ഐ.ബി.എസ് - ൽ പ്ലെയ്സ്മെന്റ് ആയിരിക്കുന്ന കാര്യം പറയാൻ! സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിട്ടാണ് നിയമനം. ശമ്പളം, സർക്കാർ സർവീസിൽ പത്തിരുപത്തഞ്ച് വർഷത്തെ സേവനമുള്ള ഞങ്ങൾക്ക്, സ്വപ്നം കാണാൻ മാത്രം കഴിയുന്നത്! ആ മാസം ഇരുപത്തി ഒന്നിന് ജോലിയിൽ പ്രവേശിക്കാൻ നേരം കൂടെ അച്ഛനും അമ്മയും വേണം............... ആനന്ദലബ്ധിക്കിനിയെന്തുവേണം? വിവരമറിഞ്ഞപ്പോൾ പതിവുപോലെ ഓഫീസിൽ ഉടൻ പാർട്ടി വേണം. ഉടനെതന്നെ ഇരുനൂറോ മുന്നൂറോ മറ്റോ എടുത്ത് ബാലന്റെ കയ്യിൽ കൊടുത്തു; പഫ്സും സമൂസയും ജിലേബിയും പതിവു സാധനങ്ങളുമൊക്കെ വാങ്ങിവരാൻ. എന്നിട്ട് ദേവീസിന്റെ ഓഫീസിലേക്ക് വിളിച്ചു; ഞങ്ങളൊരുമിച്ചുകണ്ട സ്വപ്നത്തിന്റെ നിറമുള്ള സാക്ഷാത്കാരം പരസ്പരം പങ്കുവെക്കാൻ.
ബിലേക്ക് ജോലി കിട്ടിയതറിഞ്ഞപ്പോൾ ഇൻഷുറൻസിന്റെ കാര്യവും പറഞ്ഞുകൊണ്ട് ആദ്യം വന്നത് അകന്ന ബന്ധുവും കുടുംബസുഹൃത്തുമായ ഗീതയാണ്. ഗീത എൽ.ഐ.സി ഏജന്റ് കൂടിയാണ്. എനിക്കാണെങ്കിൽ എൽ.ഐ.സിയോട് പരമ പുച്ഛവും. സാധാരണക്കാരനെ ചൂഷണംചെയ്തും കരക്കാരെ പറ്റിച്ചും ഒരുപാടൊരുപാട് ധനം സമാഹരിച്ച്, നാടായനാട് മുഴുവനും സ്വന്തംബഹുനിലമന്ദിരങ്ങൾ സ്ഥാപിച്ച്, പ്യൂണിനും
അറ്റൻഡർക്കുംവരെ പതിനായിരങ്ങൾ ശമ്പളം കൊടുത്ത്, വളർന്ന് വളർന്ന് വലുതായിക്കൊണ്ടിരിക്കുന്നൊരു കോർപ്പറേറ്റ് ഭീമൻ എന്നൊരു ചിത്രമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെക്കുറിച്ച് എനിക്കുണ്ടായിരുന്നത്. കോർപ്പറേഷനെതിരെ വന്ന കോടതിവിധികളെക്കുറിച്ചുള്ള ചില പത്രവാർത്തകളും പിയർലെസ്സിൽ പ്രവർത്തിച്ചിരുന്ന ഒരു
കസിന്റെ വാഗ്ദ്ധോരണിയുമൊക്കെച്ചേർന്നാണ് അത്തരമൊരു ധാരണ എന്നിൽ രൂഢമൂലമാക്കിയത്. ഏതായാലും ഗീതയുടെ നിർബന്ധത്തിനു വഴങ്ങി ഒരു ലക്ഷം രൂപയുടെ ഒരു പോളിസി എടുക്കുക തന്നെ ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലൊ. പ്രീമിയം
വർഷംതോറും അയ്യായിരത്തിൽചില്വാനം രൂപ.
ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ബിൽസൂന് വിദേശയാത്രകൾ പതിവായി. ആദ്യം കുവൈറ്റിലേക്ക്. അത് ഏകദേശം പത്തുദിവസം മാത്രം നീണ്ട ചെറിയൊരു അസൈന്മെന്റ്. വലിയ താമസമില്ലാതെ തന്നെ കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിൽ കമ്പനിയുടെ പുതിയ ഓഫീസ് തുറന്നപ്പോൾ ട്രാൻസ്ഫറായി നാട്ടിലേക്ക് വരാനും സാധിച്ചു അവന്. ഞങ്ങൾക്കും സന്തോഷമായി; വീട്ടിൽനിന്നും നിത്യവും പോയിവരാനുള്ള ദൂരമല്ലേയുള്ളു. മാത്രമല്ല അമൃതയിലെ ചികിത്സ തുടരാനും എളുപ്പം. അങ്ങനെയിരിക്കെയാണ് ഒരുദിവസം അവൻ പറഞ്ഞത്: “അച്ചേ, സുദീപ് അവന്റെ ചേട്ടനെയും കൂട്ടി നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അയാൾ ഏതോ പുതിയ ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നിക്ഷേപസാധ്യതകളെക്കുറിച്ചൊക്കെ സംസാരിക്കാനും നമ്മളെ ചാക്കിലാക്കാനുമാണ് വരവ്.” സുദീപ് (യഥാർഥ പേരല്ല) ബിലെയുടെ സുഹൃത്താണ്, സഹപാഠിയാണ്, ഇതിനൊക്കെ പുറമെ ഇപ്പോൾ സഹപ്രവർത്തകനുമാണ്. ബിലെയുടെ റഫറൽ വഴിയാണ് അവനീ കമ്പനിയിൽ ജോയിൻ
ചെയ്തിരിക്കുന്നതും - അല്ലെങ്കിൽത്തന്നെയും സ്വന്തം കഴിവുകൊണ്ടുതന്നെ അവനതു കിട്ടുമായിരുന്നു എന്നത് വേറേ കാര്യം. ഏതായാലും വരട്ടെ, ചെക്കനും വേണമല്ലോ
എന്തെങ്കിലുമൊക്കെ സമ്പാദ്യം. ഭീമമായ ഇൻകം ടാക്സിൽനിന്നും ചെറിയൊരു ആശ്വാസം കിട്ടുമെന്നത് മറ്റൊരു കാര്യവും.
പറഞ്ഞതുപോലെത്തന്നെ പിറ്റേദിവസം സുദീപും അയാളുടെ ജ്യേഷ്ഠൻ ആർ.കെ യും വീട്ടിലെത്തി. അയാൾ എഛ്.ഡി.എഫ്.സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിലാണ് ജോലി ചെയ്യുന്നത്. സമ്പാദ്യത്തിന്റെ മേന്മകളെപ്പറ്റിയും അത് പുതുതലമുറ സ്ഥാപനങ്ങൾ വഴിയാകുമ്പോഴുള്ള ലാഭത്തെപ്പറ്റിയുമൊക്കെയുള്ള വിശദീകരണങ്ങൾക്കൊടുവിൽ ബിലെക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി അവരുടെ ‘HDFC Unit Linked Young Star Plus‘ പോളിസി ആയിരിക്കും എന്ന തീരുമാനത്തിലെത്തി അവർ. സുദീപും ഇതേ പോളിസി തന്നെയാണ് എടുത്തിരിക്കുന്നത് അയാളും പറഞ്ഞു. പ്രീമിയം പ്രതിമാസം 5,000/- രൂപ. അതു
തീരെ കുറഞ്ഞുപോയി എന്നൊരു അഭിപ്രായം ആർ.കെ പ്രകടിപ്പിച്ചുവെങ്കിലും ഹൌസിങ് ലോണൊക്കെ എടുക്കാനുള്ളതുകൊണ്ട് അതുമതി എന്നായിരുന്നു എന്റെയും അഭിപ്രായം. കാലാവധിയുടെ കാര്യത്തിലും ആർ.കെയ്ക്ക് ചില നിർദ്ദേശങ്ങളുണ്ടായിരുന്നു. 25 കൊല്ലം കാലാവധിയുള്ള പോളിസിയാകുമ്പോൾ കിട്ടുന്ന അധികലാഭത്തെക്കുറിച്ചുമൊക്കെ അയാൾ വാചാലനായെങ്കിലും 15 കൊല്ലം മതി എന്നായിരുന്നു എന്റെ അഭിപ്രായം. ‘ആഗോളീകരണത്തിന്റെ കാലമാണ്, എത്രകാലം ഈ ജോലിയും വരുമാനവും ഒക്കെ ഉണ്ടാകും എന്നാർക്കറിയാം? ഒരു റിസെഷൻ വന്നാൽ മതി പണി പോകാൻ‘ എന്നതായിരുന്നു എന്റെ നിലപാട്. എന്നിരുന്നാലും ആർ.കെയുടെ നിർബന്ധത്തിനും പ്രേരണയ്ക്കും വഴങ്ങി കാലാവധി 20 വർഷമായി നിശ്ചയിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.
ഒടുവിൽ, അപേക്ഷയൊക്കെ ആർ.കെ തന്നെ പൂരിപ്പിച്ചുകഴിഞ്ഞപ്പോൾ ബിലെ, “അച്ച ഇതൊന്ന് വായിച്ചുനോക്കിയേ” എന്നും പറഞ്ഞ് എന്റെ കയ്യിൽ കൊണ്ടു തന്നു. അപേക്ഷയെന്നാൽ ഒന്നുംരണ്ടുമല്ല, പത്തിരുപത്തഞ്ച് പേജുകളുണ്ട്. അതിലെ പതിനാറാമത്തെ പേജിലെത്തിയപ്പോൾ എന്റെ കണ്ണുകളുടക്കി. പത്തിരുപത്
അസുഖങ്ങളുടെ പേരുകൾ കൊടുത്തിട്ട്, താങ്കൾക്ക് ഇതിലേതെങ്കിലും അസുഖം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിൽ പ്രമേഹം, രക്തസമ്മർദ്ദം, വലിവ് തുടങ്ങി സാധാരണ ഒരു മനുഷ്യനു വരാൻ സാധ്യതയുള്ള അസുഖങ്ങൾ തുടങ്ങി ക്ഷയം, അപസ്മാരം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവ വരെ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. എല്ലാത്തിനും നേരേ ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിലെയാണെങ്കിൽ ഫിറ്റ്സിനുള്ള ചികിത്സയിലാണെന്ന്
പകൽപോലെ വ്യക്തവുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആർ.കെ അത് ചിരിച്ചുതള്ളി. ഇത് എല്ലാവർക്കും അറിവുള്ള കാര്യമാണെന്നത് പോട്ടെ, ഓഫീസിൽനിന്നും അമൃത ആശുപത്രിയിലേക്ക് പലതവണ മെഡിക്കൽ റഫറൻസ് മേടിച്ചിട്ടുള്ളതാണെന്നും, എല്ലാത്തിനും രേഖകൾകൂടി ഉള്ളതാണെന്നും ഒക്കെ ഞാൻ ആവർത്തിച്ച് പറഞ്ഞുവെങ്കിലും
അതും അയാൾ നിരാകരിച്ചു. “അതു വെറുമൊരു ഫോർമാലിറ്റിയാണ് അങ്ക്ൾ, അതൊന്നും കാണിക്കണ്ട ഒരാവശ്യവുമില്ല” എന്നായിരുന്നു അയാളുടെ ഉറച്ച നിലപാട്. മാത്രമല്ല, “ഇക്കാര്യത്തിൽ എന്തു പ്രശ്നം വന്നാലും അതു അങ്ക്ൾ എനിക്കു വിട്ടുതന്നേക്കൂ, യാതൊരു പ്രശ്നവുമില്ലാതെ ഞാൻ നോക്കിക്കൊള്ളാം” എന്നുംകൂടി അയാൾ പറഞ്ഞപ്പോൾ,
“അങ്ങനെയാണെങ്കിൽ ശരി” എന്നു ഞാനും സമ്മതിച്ചു. അങ്ങനെ, 2006 നവംബർ മാസം മുതൽ തന്നെ അയ്യായിരം രൂപ വീതം എല്ലാ മാസവും പോളിസിയിലേക്ക് അടക്കാനും
തുടങ്ങി. ഒരുമാസം പോലും മുടക്കമില്ലാതെ അതങ്ങനെ തുടർന്നുവന്നു.
ജോലിയുടെ ഭാഗമായി 2007 ജ്യൂണിൽ ബിൽസൂന് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. ഇടയ്ക്കൊരു വെക്കേഷനു വന്നുപോയതൊഴിച്ചാൽ 2008 അവസാനം വരെ
ഷിക്കാഗോയിലായിരുന്നു അവൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവൻ എന്റെ മൊബൈലിലേക്ക് വിളിക്കുന്നത്. “അച്ചേ, അതേയ്......., എനിക്കൊരു കാര്യം പറയാനുണ്ട്”
എന്നൊരു ആമുഖത്തോടെയായിരുന്നു തുടക്കം. പ്രശ്നമെന്താണെന്നു വെച്ചാൽ, തന്റെ ഓഫീസിലുള്ള ഒരു പെൺകുട്ടിയുമായി ചെക്കൻ ‘ലൈൻ‘ ആയിരിക്കുന്നു. അടുത്ത സൌഹൃദം മാത്രമാണെന്നായിരുന്നു ഇരുവരുടെയും അതുവരെയുള്ള ധാരണ. പക്ഷെ, ഇപ്പോൾ പിരിയേണ്ടി വന്നപ്പോഴാണ് അത് വെറും സൌഹൃദത്തിനും അപ്പുറമാണെന്ന് രണ്ടുപേരും തിരിച്ചറിയുന്നത്. മാത്രമല്ല, ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ വിവാഹാലോചനകളും കൊണ്ടുപിടിച്ച് നടക്കുന്നു. പക്ഷെ, പ്രശ്നം അതല്ല; പെൺകുട്ടി നായരല്ല, ഒരൽപ്പം താഴെയാണ്. “വല്ല അച്ചായത്തിമാരെയോ താത്തമാരെയോ വിളിച്ചോണ്ട് വാടാ ചെക്കാ” എന്നു പറയുന്ന അച്ചയോടല്ലാതെ ഈ സാഹചര്യത്തിൽ ഇക്കാര്യം വേറെ ആരോട് പറയാൻ? കുടുംബത്തിൽ മറ്റാർക്കെങ്കിലും എതിർപ്പുണ്ടെങ്കിലും അച്ച വേണം അതൊക്കെ സോൾവ് ചെയ്യാൻ.’
ബില്‍സു; ചിക്കാഗോയില്‍ വെച്ചെടുത്ത ചിത്രം |
എന്റെ കുടുംബത്തുനിന്ന് പ്രതീക്ഷിച്ചപോലെ തന്നെ വലിയ എതിർപ്പൊന്നും ഉണ്ടായില്ല. എന്റെ അമ്മയ്ക്കോ ലത്യ്ക്കോ ഒന്നും അതൊരു പ്രശ്നമേ അല്ലായിരുന്നു.
ലതയുടെ മകൾ, എന്റെ അനന്തരവൾ, സേതുവിനെ കല്യാണം കഴിച്ചിരിക്കുന്നത് ഒരു കന്നഡ ബ്രാഹ്മണൻ. എന്റെ കസിൻസിന്റെ മക്കളെ വിവാഹം കഴിച്ചിരിക്കുന്നവരിൽ
ബംഗാളി ബ്രാഹ്മണൻ മുതൽ ബിഹാറി ജാട്ട് വരെയുള്ള അനേകമനേകം ആൾക്കാർ. എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ളവരും കുലമഹിമയുള്ളവരും. കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനും മാത്രം മുന്തിയ പരിഗണന കൊടുക്കുന്ന
ഞങ്ങൾക്കാർക്കുംതന്നെ അതുകൊണ്ടുതന്നെ ഇതിലും, വലിയ എതിർപ്പൊന്നും ഉണ്ടാകേണ്ട കാര്യമില്ലല്ലൊ. പോരാത്തതിന് പെണ്ണാണെങ്കിൽ വെളുത്ത് മെലിഞ്ഞ്
ബിൽസൂന് പറ്റിയ ഒരു ചക്കരക്കുട്ടിയും. പൊക്കത്തിന്റെ കാര്യത്തിൽ മാത്രം ഈ ചേർച്ച അത്രയങ്ങ് പോര എന്നു മാത്രം. ചെക്കന് ആറടിയ്ക്ക് മുകളില്ലാണ് ഉയരമെങ്കിൽ പെണ്ണിന്
അഞ്ചിന് തൊട്ടുമുകളിലേയുള്ളു പൊക്കം.
യാഥാസ്ഥിതികത്വത്തിന്റെ അവസാന കണ്ണികൾ പൊട്ടാൻ മടിച്ചുനിൽക്കുന്ന ചില ബന്ധുക്കളിൽ നിന്നും ഉണ്ടായേക്കാവുന്ന വിരുദ്ധസമീപനം ഓർത്തുള്ള ആകുലതകളായിരിക്കണം, വാർത്ത കേട്ട ഉടനെ ദേവീസിന്റെ കണ്ണുകളെ ഈറനണിയിച്ചത്. ഏതായാലും, പ്രതീക്ഷിച്ച വൈഷമ്യങ്ങളൊന്നും ഇല്ലാതെതന്നെ
ചെക്കന്റെ കല്യാണം ആഘോഷമായിത്തന്നെ നടത്തി ഞങ്ങൾ. ഏറ്റവും ലളിതമായ രീതിയിൽ മതിയെന്നുള്ള എന്റെ അഭിപ്രായത്തെ എതിർക്കാൻ പെങ്ങമ്മാരും മരുമക്കളും
കൊത്തുകൊത്തനെ എത്തിയപ്പോൾ ദേവീസും ചെക്കനും അവരുടെ കൂടെക്കൂടി എന്നത് വേറെ കാര്യം. 2009 ഓഗസ്റ്റ് മാസം 30-ന് കോഴിക്കോട് തളിക്ഷേത്രത്തിൽ വെച്ച് മിന്നുകെട്ടും
തുടർന്ന്, പദ്മശ്രീ കല്യാണമണ്ഡപത്തിൽവെച്ച് ബാക്കി ചടങ്ങുകളും. പിറ്റേ ദിവസം നാട്ടിലെ ടൌൺ ഹാളിൽ വെച്ചൊരു റിസെപ്‌ഷനും.
സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഞാനാണെങ്കിൽ, വി.ആർ.എസ്സൊക്കെ എടുത്ത്, കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി പെൻഡിങ്ങിലായിരുന്ന വായനയിലേക്കും വിശ്രമജീവിതത്തിലേക്കും കടന്നിരിക്കുന്നു.
രാവിലെ എട്ടരയോടെ കുട്ടികളും ഒൻപതേമുക്കാലോടെ ദേവീസും ഓഫീസിൽ പോയിക്കഴിഞ്ഞാൽ പിന്നെ വൈകുന്നേരം വരെ വായന, ബി.ബി.സി, ഡിസ്കവറി, നാഷണൽ ജിയോഗ്രഫിക്ക്, ഇന്റെർനെറ്റ് തുടങ്ങിയവയുമായി എന്റേതായ ലോകത്ത് സ്വസ്ഥം. വൈകുന്നേരമായാൽ ദേവീസും സന്ധ്യയായാൽ കുട്ടികളും എത്തിക്കഴിഞ്ഞാൽ പിന്നെ അവരുമായി സൌഹൃദഗുസ്തികൾ. ‘ഇഷ്ടം’ എന്ന സിനിമയിലെ നെടുമുടി വേണു അഭിനയിക്കുന്ന അച്ഛൻ കഥാപാത്രവും ദിലീപ് അഭിനയിക്കുന്ന മകൻ കഥാപാത്രവും തമ്മിലുള്ളപോലൊരു കെമിസ്ട്രി ഇതിനിടയിൽ എപ്പോഴോ എനിക്കും ബിലേക്കുമിടയിൽ വികസിച്ചു വന്നിട്ടുമുണ്ടായിരുന്നു. വളരെ ഗൌരവസ്വഭാവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോളൊഴിച്ച് ബാക്കി സമയം മുഴുവനും അവനെന്നെ, എന്റെ മരുമക്കൾ വിളിക്കുന്ന പോലെ ‘അമ്മാനേ’ എന്നോ, ദേവീസ് വിളിക്കുന്ന പോലെ ‘മാഷേ’ എന്നോ, ഇനി ചൊറിയാൻ നേരത്താണെങ്കിൽ ‘താടീ’ എന്നോ, ‘മൂപ്പിൽസ്’ എന്നോ ഒക്കെയല്ലാതെ വിളിക്കാറ് പോലുമില്ല എന്നതായിരുന്നു സത്യം. സന്ധ്യയ്ക്ക് കുട്ടികൾ ഓഫീസ് വിട്ടു വരുമ്പോൾ ഞാൻ
മിക്കവാറും ടി.വി യുടെ മുമ്പിലായിരിക്കും. തുടർന്നുണ്ടാകുന്ന ഡയലോഗിന്റെ ഒരു സാമ്പിൾ ഇതാ:
“മൂപ്പിൽസ്,....”
“നിന്റപ്പൻ”
ചെക്കൻ വീണ്ടും ചൊറിയുന്നു: “മൂപ്പിൽസ്,..”
“മൂപ്പിൽസ് നിന്റെ അപ്പൻ”
“ങാഹാ.....ആണോ?” എന്നും ചോദിച്ച്, മുട്ടനാട് മുക്രയിടുന്നപോലെ ഭാവിച്ച്, എന്റെ അടുത്ത് സോഫയിൽ വന്നിരുന്ന്, എന്റെ കയ്യിൽനിന്ന് ടി.വി യുടെ റിമോട്ടും തട്ടിപ്പറിച്ച്, എന്റെ കൈയുടെ മുട്ടിനു താഴത്തെ കുറച്ചു രോമം ഒരുമിച്ച് ചേർത്ത് പിടിച്ച്, എനിക്ക് വേദനയെടുക്കാത്ത രീതിയിൽ വലിച്ച്പറിച്ചെടുത്ത് ഊതിക്കളയുന്നത്പോലെ അഭിനയിച്ചിട്ടേ അവൻ ഡ്രസ്സ് മാറാനോ കാലും മുഖവും കഴുകാനോ പോലും പോകാറുള്ളു.
ഞങ്ങളെല്ലാരുംകൂടി എവിടേയ്ക്കെങ്കിലും പോകാൻ നേരത്താണെങ്കിൽ കാറിന്റെ താക്കോലിനായി ഞങ്ങൾ മത്സരമാണ്. ആദ്യം അതെന്റെ കൈയിലാണ് കിട്ടുന്നതെങ്കിൽ
ഞാൻ പറയും: “തലയിരിക്കുമ്പോൾ വാല് ആടല്ലേ”
മിക്കവാറും അവനതെന്റെ കൈയിൽനിന്ന് തട്ടിപ്പറിച്ചിട്ട് തിരിച്ച് പറയും: “വയസ്സായാ അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നോണം; മൂപ്പിക്കാൻ വരരുത്”
അല്ലെങ്കിൽത്തന്നെയും ഞാൻ മിക്കവാറും അതവന്റെ കൈയിൽത്തന്നെ കൊടുക്കും എന്നത് വേറേ കാര്യം; മക്കളുടെ മുന്നിൽ തോറ്റുകൊടുക്കുന്നതിന്റെ സുഖം അച്ഛനമ്മമാർക്ക്
വേറെ എവിടെനിന്നാണ് കിട്ടുക?
ഇങ്ങനെയൊരു അച്ഛനും അമ്മയും മകനും മരുമകളും കൂടി, വെട്ടിപ്പിടിക്കാനുള്ള ആർത്തിയൊ പരദ്രോഹത്തിനുള്ള വാഞ്ഛയൊ ഇല്ലാതെ, സമാധാനത്തോടെയും സന്തോഷത്തോടെയും സ്വസ്ഥമായി കഴിയുന്നത് കാണുമ്പോൾ ദൈവങ്ങൾക്ക് സാധാരണഗതിയിൽ കൃമികടി തുടങ്ങുമല്ലൊ. പോരാത്തതിന്, ചെക്കന് ജോലി കിട്ടിയപ്പോഴും, തന്തയുടെ പ്രോവിഡെന്റ് ഫണ്ട് ഫൈനൽ ക്ലോഷ്വർ കിട്ടിയപ്പോഴുമൊക്കെ ഇവർ, ഇരുപത്തയ്യായിരവും
പതിനായിരവുമൊക്കെ കൊണ്ടുകൊടുത്തത് കണ്ണിക്കണ്ട ‘ജനസേവ ശിശുഭവനി‘ലും ‘മാതൃച്ഛായ ബാലഭവനി‘ലുമൊക്കെയും! അസൂയ മുഴുത്ത ഇവറ്റകളാണോ പിന്നീടുണ്ടായ സംഭവങ്ങളുടെയൊക്കെ പിന്നിൽ എന്നൊന്നും എനിക്കറിയില്ല. ഏതായാലും, വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ മുന്നോടിയായിട്ടാണോ എന്നുമറിയില്ല, 2010 ജൂൺ ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച കുട്ടികൾ പതിവുപോലെ ഓഫീസിൽ പോയതാണ്; പെട്ടന്നവർ തിരിച്ചു വന്നു. കോഴിക്കോട് നിന്നും ഫോൺ വന്നിരിക്കുന്നു. ആ കുട്ടിയുടെ
വല്യമ്മാവൻ മരിച്ച വാർത്തയുമായി. ഉടനെ കോഴിക്കോട്ടേക്ക് തിരിക്കണം. ട്രെയിൻ ഒന്നും സമയത്തിനില്ല. ഞാൻ ഉടനെ ജെയിംസിന്റെ ടാക്സി വരാൻ പറഞ്ഞു. കാർ വന്നപ്പോഴേക്കും കാർമേഘങ്ങൾ ഭയാനകമായി ഉരുണ്ടുകൂടിക്കഴിഞ്ഞിരുന്നു. എന്നാലും അവർ യാത്രയായി. മൂന്ന് മണിയായപ്പോഴേക്കും അവിടെയെത്തിയെന്നും പറഞ്ഞ് എസ്.എം.എസ് വന്നു. സന്ധ്യയ്ക്ക് ബിലെ തിരിച്ച് പോരുമെന്നും ആ കുട്ടി ഒന്നുരണ്ട് ദിവസം നിന്നിട്ടേ വരൂ എന്നുമാണ് പറഞ്ഞിരുന്നതെങ്കിലും രാത്രി പതിനൊന്നരയോടെ രണ്ടുപേരുംകൂടിത്തന്നെ അതേ ടാക്സിയിൽത്തന്നെ തിരികെ പോന്നു. വിരഹത്തിന്റെ വേദനയെ ,അത് തത്കാലത്തേക്കാണെങ്കിൽപ്പോലും അഭിമുഖീകരിക്കണ്ട
എന്നുവെച്ചുകാണണം കുട്ടികൾ. അതുകഴിഞ്ഞ് നാലാംദിവസം, ഇരുപത്തിയഞ്ചാം തീയതി, വെള്ളിയാഴ്ചയും കുട്ടികൾ പതിവിനു വിപരീതമായി സന്ധ്യയ്ക്ക് നേരത്തെയെത്തി. അവർ
കയറിവരുമ്പോൾ, അതിനു കുറച്ച്മുമ്പെത്തിയ ലതയും കൊച്ചേട്ടനും (ലതയുടെ ഭർത്താവ് കാർത്തികേയൻ എന്ന കൊച്ചനിയനെ ഞങ്ങളും, അദ്ദേഹത്തിന്റെ സഹോദരങ്ങൾ
വിളിക്കുന്നതുപോലെ ‘കൊച്ചേട്ടൻ’ എന്നാണ് വിളിക്കുന്നത്) ചെന്നൈയിൽനിന്നും തലേ ദിവസം എത്തിയ അവരുടെ മകൻ വിവേകുമായി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു, ഞാനും ദേവീസും. പിറ്റെ ദിവസം ശനിയാഴ്ച നടക്കുന്ന
സഞ്ചയനകർമ്മത്തിന് കോഴിക്കോട്ടേക്ക് പോകുന്നില്ല എന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്, ആ കുട്ടി മാത്രം രാത്രി എട്ടരയ്ക്കുള്ള ‘ഓഖ എക്സ്പ്രസ്സിൽ’ പോകാനായി തീരുമാനം മാറ്റിയിട്ടുള്ള വരവാണ് കുട്ടികളുടെ.
“ഇതെന്തുവാടാ ഇത്, നിന്റെ ആപ്പീസിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ?” എന്നായി ലത.
“ആര് ചോദിക്കാൻ അമ്മായീ“ എന്നു പറഞ്ഞ്, ഒരു കുസൃതിച്ചിരിയും ചിരിച്ച്, ഭാര്യയെ ചൂണ്ടി അവൻ പറഞ്ഞു:
“നമുക്ക് ഇവളെ അവളുടെ വീട്ടിൽ പറഞ്ഞയച്ചേക്കാം”.
“നമുക്ക് ഇവളെ അവളുടെ വീട്ടിൽ പറഞ്ഞയച്ചേക്കാം”.
അവൻ, അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി, ട്രെയിനിൽ കേറ്റിവിട്ട്, തിരികെ വന്നതിനു ശേഷമാണ് ലതയൊക്കെ, അടുത്തുതന്നെയുള്ള അവരുടെ വീട്ടിലേക്ക് പോയത്. പിറ്റേദിവസം വൈകുന്നേരം ചപ്പാത്തിയും കോഴിയുമൊക്കെയായി ലതയുടെ വീട്ടിൽ ഒന്നു ‘കൂടാമെന്നും’ തീരുമാനിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. കൂടുകയെന്നു പറഞ്ഞാൽ, ഞാനും കൊച്ചേട്ടനും കൂടി മാസത്തിലൊരിക്കെയൊക്കെ പതിവുള്ള രണ്ട് പെഗ്ഗ് സ്കോച്ച് അടിക്കുക എന്നുതന്നെ. ലതയും കൊച്ചേട്ടനും അവരുടെ പത്തുമുപ്പതു കൊല്ലത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച്, ഒരു കൊല്ലം മുമ്പ് മടങ്ങിയെത്തിയതിനു ശേഷം തുടങ്ങിയ സൂക്കേടാണ്.
ഞാനും ദേവീസും ബിൽസൂം ഒൻപതരയോടെ ആഹാരവും കഴിച്ച്, ടി.വിയുടെ മുമ്പിലിരുന്നു. പത്ത് മണിയ്ക്ക് മനോരമവിഷനിലാണെന്നു തോന്നുന്നു, നടി മീരാ ജാസ്മിനുമായുള്ള ജോണി ലൂക്കാസിന്റെയൊമറ്റോ അഭിമുഖം നടന്നുകൊണ്ടിരിക്കുന്നത് പകുതി കഴിഞ്ഞപ്പോൾ, ബിൽസു എണീറ്റ് കിടക്കാൻ പോയി. ഇണക്കുരുവിയെ പിരിഞ്ഞതിന്റെ ആയിരിക്കണം, ബിൽസൂന്റെ മുഖത്തിനൊരു വാട്ടം പോലെ. രാത്രി ഒരുമണിയായപ്പോൾ, മരുമകളുടെ, ‘അച്ചേ, ഞാൻ വീട്ടിലെത്തി’ എന്ന മെസ്സേജ് എന്റെ മൊബൈലിലേക്ക് എത്തി. സന്ദേശം കിട്ടിയതിന്റെ അക്നോളജ്മെന്റായ മിസ്‌കാള്‍ തിരികെ കൊടുത്തിട്ട് ഞങ്ങൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതുകയും ചെയ്തു. പിറ്റേദിവസം, 2010 ജൂൺ 26 ശനിയാഴ്ച,
ഇടതുപക്ഷ പാർട്ടികൾ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുകയാണ്; ആയിടെയുണ്ടായ പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച്. അതിനാൽ ദേവീസിനും ഓഫീസിൽ പോകണ്ട. അതുകൊണ്ട്, പതിവിലും നീണ്ട നിദ്രയ്ക്കുശേഷം ഞാനും ദേവീസും എണീറ്റ് ദിനചര്യകളും കാപ്പികുടിയുമൊക്കെ കഴിഞ്ഞിരിക്കുമ്പോളാണ് എന്റെ കസിൻ രാജു വന്നത്. എന്റെ അമ്മാവന്റെ മകനും സമപ്രായക്കാരനും
കളിക്കൂട്ടുകാരനുമൊക്കെയാണ് രാജു. ഇപ്പോൾ, ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ആണ് കുടുംബസമേതം താമസമെങ്കിലും ആശാൻ തലേദിവസം നാട്ടിലെത്തിയിരിക്കുന്നു. ഞാനും രാജുവും കൂടി ഹാളിലെ സോഫയിൽ സംസാരിച്ചിരിക്കുമ്പോളാണ് ദേവീസ്
അടിച്ചുവാരിക്കൊണ്ടിരിക്കുന്നതിനിടയിൽ ക്ലോക്കിലേക്ക് നോക്കിയത്. മണി പത്തേമുക്കാലാവുന്നു!
“ഇത്രയുമൊക്കെ ഉറങ്ങിയാൽ മതി; ഇനി ഞാൻ പോയി അവനെ വിളിക്കട്ടെ” എന്നും പറഞ്ഞ് ചൂൽ താഴെയിട്ട്, കൈയും കഴുകി ബിലെയുടെ മുറിയിലേക്ക് പോയതാണ് ദേവീസ്. പെട്ടന്ന് അവൾ പരിഭ്രമത്തോടെ തിരിച്ചുവന്നു. മുഖമാകെ വല്ലാതെയിരിക്കുന്നു;
വിയർക്കുന്നുമുണ്ട്.
“മാഷേ, ബിലെ വിളിച്ചിട്ട് എണീക്കുന്നില്ല!“
എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി! തൊണ്ടയിൽ എന്തോ വന്ന് തടഞ്ഞപോലെ! ഞാനും രാജുവും കൂടി ഉടനെ ബിലെയുടെ മുറിയിലേക്കോടി. ദേവീസ് പുറകെയും. ഞങ്ങൾ
ചെന്നുനോക്കുമ്പോൾ എന്റെ കൊച്ച് കമഴ്ന്നു കിടക്കുകയാണ്.
വലത്തേ കൈ വെച്ച് ഒരു തലയിണയിൽ കെട്ടി പിടിച്ചിട്ടുണ്ട്. ഇടത്തെ കൈ ചെറുതായി മടക്കി തുടയുടെ അടിയിൽ വെച്ചിരിക്കുന്നു. കട്ടിലിന്റെ ഇടത്തേ ഓരം ചേർന്നാണ് കിടപ്പ്.
ഞാൻ കട്ടിലിന്റെ ഇടതുവശം ചെന്ന് അവന്റെ കൈയിന്റെ മുട്ടിൽ പിടിച്ച് ‘ബിലേ, ബിലേ’ എന്ന് വിളിച്ചു. അവന്റെ കൈയാകെ തണുപ്പ്. എന്റെ തൊണ്ടയിൽ അനുഭവപ്പെട്ട
തടസ്സം കൂടുന്നതുപോലെ. ഞാൻ വിയർക്കുന്നുണ്ടോ? ഞാനെന്റെ കൊച്ചിനെ മലർത്തി കിടത്തി. ചൈതന്യം വിട്ടുപോയ ആ മുഖത്തേക്ക് ഒന്നേ നോക്കേണ്ടി വന്നുള്ളു; കാര്യം ഗ്രഹിക്കാൻ. എന്റെ കൊച്ച്, എന്റെയും എന്റെ ദേവീസിന്റെയും ബിൽച്ചു,
പത്തിരുപത്തിയെട്ട് കൊല്ലം കൈയോ കാലോ വളരുന്നതെന്നു നോക്കി, ഒരു പനി വന്നാലോ അവന്റെ മൂക്കൊന്ന് വിയർത്താലോ, സ്കൂളിൽനിന്നോ കോളേജി ൽനിന്നോ വരാൻ
പത്തുമിനിറ്റ് വൈകിയാലോ ഒക്കെ ആധിപിടിച്ച് ആധിപിടിച്ച് വളർത്തി വലുതാക്കിയ ഞങ്ങളുടെ പൊന്നാംകട്ട, ഞങ്ങടെ തങ്കക്കുടം, ഇതാ ജീവൻ നഷ്ടപ്പെട്ട് തണുത്ത് വിറങ്ങലിച്ച് കിടക്കുന്നു. എന്റെ മുഖഭാവത്തിൽനിന്ന് കാര്യം ഊഹിച്ചെടുത്തിട്ട് ദേവീസ് അലമുറയിടുന്നു:“മാഷേ, നമ്മുടെ കൊച്ചിനെന്താ പറ്റിയേ? നമ്മടെ കൊച്ച് പോയോ?” ഞാൻ
ദേവീസിനെ ചേർത്തുപിടിച്ചു. അപ്പോൾ അവൾക്ക് തീർച്ചയായി, കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. പിന്നെയൊരു ഭ്രാന്തിയെപ്പോലെയായിരുന്നു അവൾ. നെഞ്ചത്തിടിയും “അയ്യോ, അയ്യോ“ എന്ന ഉറക്കെയുള്ള കരച്ചിലും, എന്തൊക്കെയോ പിച്ചുംപേയും പറച്ചിലും എല്ലാം കൂടി എനിക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥ. ഉച്ചത്തിലുള്ള കരച്ചിൽ വാനമേഘങ്ങൾക്കപ്പുറമെത്തി, ദൈവങ്ങളുടെ കാതിൽ വീണാൽ അവർ കൊച്ചിന്റെ ജീവൻ തിരിച്ചു തരുമെന്ന് വിശ്വസിച്ചാലെന്നപോലെയായിരുന്നു അവളുടെ പെരുമാറ്റം.
രാജു, കൊച്ചേട്ടനെയൊ ശ്രീമോനെയോ മറ്റുബന്ധുക്കളെയോയൊക്കെ വിളിക്കുന്നു. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലും അടുത്ത അയൽവക്കക്കാരൊക്കെ ബഹളം കേട്ട് വന്നു
തുടങ്ങിയിരിക്കുന്നു. ഞാൻ മനസ്സിൽ ആദ്യം പറഞ്ഞതിതാണ്: “ദിസീസ് ഇറ്റ്; ദിസ് ഈസ് ഇറ്റ്.” തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ രാമചന്ദ്രൻ ചേട്ടൻ വന്നെന്നോട് ചോദിച്ചു: “ആർക്കാ എന്തോ അസുഖമെന്ന് കേട്ടത്?” ഞാൻ പറഞ്ഞു: “മൈ സൺ; ഹി‘സ് ഗോൺ”
“ഗോൺ! വാട്ട് യൂ മീൻ?”
ഞാൻ ബിലെയുടെ മുറിയിലേക്ക് വിരൽ ചൂണ്ടി. പെട്ടന്ന് എനിക്ക് കോഴിക്കോട്ടേക്ക് പോയിരിക്കുന്ന എന്റെ മോളുടെ കാര്യം ഓർമ്മ വന്നു. ഈശ്വരാ, അവളോട് ഞാനിതെങ്ങനെ പറയും? എന്തൊരു പരീക്ഷണമാണിത്! ഞാൻ കോഴിക്കോട്ടേക്ക് വിളിക്കാൻ തുടങ്ങി; പക്ഷെ ആരും ഫോണെടുക്കുന്നില്ല. എല്ലാവരും സഞ്ചയനത്തിന്റെ തിരക്കിലായിരിക്കും.
അവസാനം എന്റെ മോളുടെ അനിയനെ കിട്ടി. ഞാൻ പറഞ്ഞു: “കുട്ടാ, ഞാൻ ശരത്തിന്റെ അച്ഛനാണ്. അവന് നല്ല സുഖമില്ല. സുഖമില്ല എന്നു പറഞ്ഞാൽ വളരെ വളരെ
സീരിയസ്സാണെന്നർഥം. കുട്ടനുടനെതന്നെ ഒരു വണ്ടി വിളിച്ച് ചേച്ചിയെയും അച്ഛനെയും അമ്മയെയും മറ്റടുത്ത ബന്ധുക്കളെയും കൂട്ടി ഉടനെ തിരിക്കണം. ബന്ദാണെന്നതൊന്നും പ്രശ്നമാക്കരുത്.” ഫോൺ കട്ടു ചെയ്ത ഉടനെ ഞാൻ വീണ്ടും വിളിച്ച് കുട്ടനോട് മാത്രം കാര്യം പറഞ്ഞു: ‘എല്ലാം കഴിഞ്ഞിരിക്കുന്നു. പക്ഷെ, ചേച്ചിയും അച്ഛനുമൊക്കെ തത്കാലം സീരിയസ്സാണെന്ന് മനസ്സിലാക്കിയാൽ മതി.’ പിന്നീട്, പലപല ആവർത്തി കരഞ്ഞുകൊണ്ട് എന്റെ കുട്ടി വിളിക്കുമ്പോഴും, സെഡേഷനിലാണെന്നോ ഐ.സി.യുവിലാണെന്നോ ഒക്കെയാണ് ഞാനവളോട് പറഞ്ഞിരുന്നത്. പക്ഷെ, ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ കാർ ഞങ്ങളുടെ കവലയിലെത്തിയപ്പോൾ തന്നെ അവൾക്ക് കാര്യങ്ങളുടെ ഒരേകദേശ രൂപം കിട്ടിക്കാണണം. റോഡിനിരുവശവും വാഹനങ്ങളുടെയും ആൾക്കാരുടെയും ബാഹുല്യം. ഞങ്ങളുടെ ഫ്ലാറ്റിലേക്ക് അടുക്കുംതോറും അതിന്റെ സാന്ദ്രത കൂടിയും വരുന്നു! താഴെ ഇവർ വന്നത് സെൻസ് ചെയ്ത ഞാൻ വേഗം എന്റെ മോളുടെ അടുത്തെത്തി. എന്നെ കണ്ടതും
‘അച്ചേ, എന്റെ ശരത്തിനെന്താ പറ്റിയത്?’ എന്ന് ചോദിച്ചതിന് എന്റെ മറുപടി കിട്ടുന്നതിനുമുമ്പ് തന്നെ അവൾ ബോധരഹിതയായി. മോഹാലസ്യത്തിൽനിന്നും ഉണർന്ന
എന്റെ കൊച്ചിന്റെ കരച്ചിൽ കേട്ടുനിൽക്കാൻ എനിക്കായില്ല; ഞാൻ കുറച്ച്നേരം എന്റെ മുറിയിൽ പോയി കിടന്നു.
പക്ഷെ, എനിക്കങ്ങനെ കിടക്കാൻ പറ്റില്ലല്ലൊ. എന്റെ കൊച്ചിന്റെ ചേതനയറ്റ ശരീരം മൊബൈൽ മോർച്ചറിയിൽ അങ്ങനെ കിടക്കുകയല്ലെ? “മാഷെന്ത്‌ന്നാ മാഷെ, ഈ
കാണിക്കണേ; വലിയ വലിയ ഉപനിഷത്തുക്കളും ഗീതയുമൊക്കെ വായിച്ച്കൂട്ടീട്ട് പിന്നേം ചെറിയ പിള്ളേരെ മാതിരിയാവുകയാണോ?” എന്ന് ചോദിക്കുന്നതുമാതിരി അവനങ്ങനെ കിടക്കുകയാണ്. ചെറിയൊരു ചിരിപോലും അവന്റെ മുഖത്തുണ്ടോ എന്നു തോന്നി എനിക്ക്.
വാർത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. ചെന്നൈയിൽ നിന്നും വേണുമ്മാന്റെ മക്കൾ മീരയും ഹരിയും ഹരിയുടെ ഭാര്യ മണിക്കുട്ടിയും
എട്ടുമണിയോടെ തന്നെ പറന്നെത്തി . ഇന്ദു ചിറ്റയുടെ മകൾ സുജയും അവളുടെ മകൻ രാകേഷും സിംഗപ്പൂരുനിന്നും രാത്രിഫ്ലൈറ്റിനെത്തി.ശാരുച്ചിറ്റയുടെ മകൾ അനു
തിരുവനന്തപുരത്തുനിന്നും പാതിരാത്രി കഴിഞ്ഞപ്പോഴേക്കും എത്തി. ബിലെയുടെ സുഹൃത്തുക്കൾ അനീഷും നിബിനും പിന്നെ പേരറിയാത്ത ഒത്തിരിയൊത്തിരി ആളുകളും രാത്രി മുഴുവനും വന്നുകൊണ്ടേയിരുന്നു. എന്റെ മോനേ, ഇനിയെത്ര നേരം അച്ചയ്ക്ക് നിന്നെ ഒന്നു കാണാനെങ്കിലും പറ്റുമെടാ എന്നു മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനും രാത്രി മുഴുവനും ആ മുഖവും നോക്കി നടന്നും കിടന്നും കഴിച്ചുകൂട്ടി.
രാവിലെ എട്ടരയായപ്പോഴേക്കും എന്റെ കൊച്ചിനെ താഴെ, തറയിൽ ഇറക്കികിടത്തി, സംസ്കാരത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു. കുളിപ്പിക്കലൊക്കെ കഴിഞ്ഞ് കസവുമുണ്ടും
നേരിയതുമൊക്കെ അണിയിച്ച് കിടത്തിയിരിക്കുന്ന ബിലെയുടെ രൂപം കണ്ട് “ശരത്തേ, നമ്മുടെ കല്യാണത്തിന്റെ വേഷമാണല്ലോ ശരത്തേ” എന്നും പറഞ്ഞുള്ള എന്റെ മോളുടെ
കരച്ചിൽ എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുകയാണ്. രാവിലത്തെ പത്രത്തിൽ വാർത്ത കണ്ടും ആളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു, അപ്പോഴും. ലതയുടെ മകൻ വിവേക്, സുജയുടെ മകൻ രാകേഷ്, രാജുവിന്റെ മകൻ ഉണ്ണി, എന്റെ മറ്റൊരു കസിൻ സുബാഷിന്റെ മകൻ സോനു എന്നിവരായിരുന്നു കർമ്മങ്ങൾ ചെയ്യാനായി മുന്നോട്ട് വന്നത്.
പത്തുമണിയോടെ ശരീരം, നായർ സമാജത്തിന്റെ ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴും ഞാൻ കൂടെത്തന്നെ പോയി. ഞാനെന്തിനു മാറിനിക്കണം; എന്നെ ഈ കാഴ്ചകളൊക്കെ കാണിക്കാനാണ് വിധി ഇതു ചെയ്യുന്നതെങ്കിൽ? അങ്ങനെ എന്റെ
കൊച്ചിന്റെ ശരീരം ഭസ്മമാകുന്നതും അതുകഴിഞ്ഞ് സഞ്ചയനത്തിന്റെ അന്ന് അവന്റെ എല്ലുകൾ പെറുക്കിയെടുക്കുന്നതുമെല്ലാം നോക്കിത്തന്നെ നിന്നു ഈ അച്ഛൻ. പത്തും പതിനൊന്നും ദിവസങ്ങളിലായി കർമ്മങ്ങളെല്ലാം അവസാനിച്ചതോടെ എന്റെ കൊച്ചിന്റെ ഈ ഭൂമിയിലെ ബന്ധങ്ങളെല്ലാം അവസാനിച്ചു കാണണം. ഏതായാലും അവസാന ചടങ്ങുകൾ നടത്തിയ പതിനൊന്നാം ദിവസം, അതായത് 2010 ജൂലൈ അഞ്ചാം തീയതിയും കേരളത്തിൽ ഇടതുപാർട്ടികളുടെയും ബി.ജെ.പി യുടെയും വക ഹർത്താൽ ആയിരുന്നു എന്നത് യാദൃശ്ചികം മാത്രമായിരിക്കുമോ? അറിയില്ല.
ബില്‍സു; മരിക്കുന്നതിനു രണ്ടുമാസം മുമ്പ്, മലേഷ്യ ടൂറിനിടയില്‍ |
ഏതൊരു ഇന്ത്യൻ പൌരൻ മരിച്ചാലും വിവരം പതിനാലു ദിവസത്തിനകം ആ പ്രദേശത്തെ സ്വയംഭരണസ്ഥാപനത്തിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മരിച്ച വ്യക്തിയുടെ പേര്, മരണകാരണം, ദിവസം, സ്ഥലം, വിലാസം, മാതാപിതാക്കളുടെ പേര്.... അങ്ങനെയങ്ങനെ ഒരുപാട് വിവരങ്ങൾ അപേക്ഷയിൽ കാണിച്ച് മരണ സർട്ടിഫിക്കറ്റും മേടിച്ച് വെക്കേണ്ടതുണ്ട്. ഇനിയങ്ങോട്ടുള്ള എല്ലാ ആവശ്യങ്ങൾക്കും അത്
അത്യന്താപേക്ഷിതമാണ്. ഞാൻ തന്നെ അങ്ങനെ എന്റെ കൊച്ചിന്റെ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിച്ചു. ജൂലൈ പതിനേഴാം തീയതി സർട്ടിഫിക്കറ്റ് ലഭിച്ചതോടെ, മൂന്നാഴ്ച മുമ്പുവരെ, “താടീ“ എന്നും “മൂപ്പിൽസ്” എന്നും വിളിച്ച്, എന്റെ
കഴുത്തിൽ അവന്റെ താടിയിട്ടൊരച്ച് എന്നെ ഇക്കിളിയാക്കിയിരുന്ന എന്റെ കൊച്ച് പരേതരുടെ പട്ടികയിലേക്ക് ഔദ്യോഗികമായി മാറിയിരിക്കുന്നു. പക്ഷെ, ജീവിച്ചിരിക്കുന്ന അവന്റെ അച്ഛന് ഒരുപാട് ജോലികൾ ഇനി ബാക്കിയാണ്. അവന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടുകൾ,
ഹൌസിങ്ങ് ലോൺ അക്കൌണ്ട്, മൊബൈൽ കണക്ഷൻ എന്നിവ ക്ലോസ് ചെയ്യണം, കാറിന്റെയും ബൈക്കിന്റെയും ഉടമസ്ഥാവകാശം മാറ്റിയെടുക്കണം, താലൂക്ക് ഓഫീസിൽനിന്നും അവകാശ സർട്ടിഫിക്കറ്റ് മേടിക്കണം, ബന്ധുക്കളും ഗുരുക്കന്മാരുമൊക്കെ വന്ന് എടുപ്പിച്ചിരിക്കുന്ന എൽ.ഐ.സി. പോളിസികളുടെ ക്ലെയിം കൊടുക്കണം, സുഹൃത്തിന്റെ ജ്യേഷ്ഠൻ ചേർപ്പിച്ചിരിക്കുന്ന എഛ്.ഡി.എഫ്.സി സ്റ്റാൻഡേർഡ് ലൈഫ് പോളിസിയുടെ ക്ലെയിം കൊടുക്കണം അങ്ങനെയങ്ങനെ..... മറ്റാരും സഹായത്തിനില്ലാഞ്ഞിട്ടല്ല; കൊച്ചേട്ടനും ദേവീസിന്റെ അനുജൻ വിജുവും എല്ലാം
എന്തു സഹായത്തിനും റെഡിയാണ്. പക്ഷെ, ഞാനതും വേണ്ട എന്നു വെച്ചു. ഇതുവരെ ചെയ്തിരുന്ന പോലെ എന്റെ ബിൽചൂന്റെ അവസാന കാര്യങ്ങളും എനിക്കുതന്നെ ചെയ്യണം.
എൽ.ഐ.സി യുടെ ഓഫീസിൽ ജൂലൈ ഇരുപതാം തീയതി മരണവിവരം അറിയിച്ചുകൊണ്ടുള്ള കത്തും ഒപ്പം പോളിസി ഡോക്യുമെന്റും ഡെത്ത് സർട്ടിഫിക്കറ്റും സമർപ്പിച്ചു. “സാറ് നേരിട്ട് വരേണ്ടിയിരുന്നില്ലല്ലോ, ഏജന്റിനോട് പറഞ്ഞിരുന്നുവെങ്കിൽ
അവർ വേണ്ടതെല്ലാം ചെയ്യുമായിരുന്നല്ലോ“ എന്നുള്ള സ്നേഹമസൃണമായ ഉപദേശത്തോടെ അവർ ഒന്നു രണ്ടു ഫോമുകളും കൂടി തന്നു - ശവസംസ്കാരത്തിൽ പങ്കെടുത്ത രണ്ടു പേർ സാക്ഷികളായി ഒപ്പിടേണ്ട ഒരു ഫോമും പിന്നെ ഡെത്ത് ക്ലെയിമും ഒരു സ്റ്റാമ്പൊട്ടിച്ച രസീതും. ഞാനവ പൂരിപ്പിച്ച് ഗീതയുടെ കയ്യിൽ കൊടുത്തത് ഇരുപത്തിയഞ്ചാം തീയതിയാണ്. നാലാം ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി ഗീത എന്റെ
വീട്ടിലെത്തി. എന്റെ കൊച്ചിന്റെ ജീവന്റെ വിലയായ ആ ചെക്ക് കൈയിൽ കിട്ടിയപ്പോൾ എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ലെങ്കിലും ഗീത പോകുന്നതുവരെ ഞാന്‍ ഒരുവിധം പിടിച്ചുനിന്നു. ഗീത പോയ ഉടനെ ഞാനും ദേവീസും മതിയാവോളം കെട്ടിപ്പിടിച്ച് കരഞ്ഞു.
Sarath Menon K; 01 Oct 1982 - 26 June 2010 |
എഛ്.ഡി.എഫ്.സി. സ്റ്റാൻഡേർഡ് ലൈഫിലേക്കുള്ള ഇന്റിമേഷൻ അതിനു വളരെ മുമ്പുതന്നെ, ജൂലൈ എട്ടാം തീയതി, ആർ.കെയുടെ കൈയിൽ കൊടുത്തുവിട്ടിരുന്നു. കാര്യങ്ങൾ എൽ.ഐ.സിയുടേതുപോലെ സുഗമമല്ല എന്നതിന്റെ ആദ്യ സൂചനയുണ്ടായത്, ജൂലൈയിലെ പ്രീമിയവും അവർ ആ മാസം പത്തൊൻപതിന് അവന്റെ ബാങ്ക് അക്കൌണ്ടിൽനിന്നും വലിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്. ജൂലൈ അവസാനം അവരയച്ച കത്തുകൂടി കിട്ടിയപ്പോൾ ആ ആശങ്ക അസ്ഥാനത്തല്ല എന്നു തീർച്ചയായി. താഴെ പറയുന്ന രേഖകളുടെ ഒറിജിനൽ എത്രയും വേഗം സമർപ്പിക്കുവാനായിരുന്നു അതിൽ ആവശ്യപ്പെട്ടിരുന്നത്.
1. ഡെത്ത് ക്ലെയിം (ഇതു തന്നെ വരും അഞ്ച് ഷീറ്റ്)
2. മുൻസിപ്പാലിറ്റിയിൽനിന്നുള്ള ഡെത്ത് സർട്ടിഫിക്കറ്റ്
3. ഒറിജിനൽ പോളിസി ഡോക്യുമെന്റ്
4. അഡ്വാൻസ്ഡ് ഡിസ്ചാർജ് വൌച്ചർ (കിട്ടാനുള്ള മുഴുവൻ പൈസയും കിട്ടിയെന്നും പറഞ്ഞ്
റെവന്യു സ്റ്റാമ്പിൽ ഒപ്പിട്ടത്)
5. തിരിച്ചറിയൽ കാർഡ്
6. മേൽവിലാസം തെളിയിക്കുന്ന രേഖ
7. ആശുപത്രിയിൽനിന്നൊ ഡോക്ടറുടെ കൈയിൽനിന്നോ ലഭിച്ചിട്ടുള്ള ഡെത്ത് സർട്ടിഫിക്കറ്റ്
8. സാധാരണ ചികിത്സിക്കാറുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ്
9. മരണം സ്ഥിരീകരിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ്
10.മരണസമയത്തെ മുഴുവൻ മെഡിക്കൽ രേഖകൾ (അഡ്മിഷൻ നോട്ട്, ടെസ്റ്റുകളുടെ റിപ്പോർട്ട്, ഡിസ്ചാർജ് സമ്മറി തുടങ്ങി സകലതും)
11.ജീവിതകാലത്തുണ്ടായിട്ടുള്ളതായ മുഴുവൻ രോഗങ്ങളുടെയും ചികിത്സകളുടെയും രേഖകൾ
12.തൊഴിൽ ദാതാവിന്റെ സർട്ടിഫിക്കറ്റ് (കഴിഞ്ഞ മൂന്നുകൊല്ലത്തെ കാഷ്വൽ ലീവുൾപ്പെടെയുള്ള ലീവുകളുടെയും മെഡിക്കൽ റീ-ഇംബേഴ്സ്മെന്റിന്റെയും മുഴുവൻ വിവരങ്ങളും ഉൾപ്പെടെ)
ഞാനുടനെ ആർ.കെയെ വിളിച്ചു. ഒറിജിനൽ പോളിസി, ഡെത്ത് സർട്ടിഫിക്കറ്റ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിസ്ചാർജ് വൌച്ചർ തുടങ്ങി ബന്ധപ്പെട്ട രേഖകളെല്ലാം
അയാൾ പറഞ്ഞതനുസരിച്ച് ഞാനതിനുമുമ്പുതന്നെ അവരുടെ ഓഫീസിൽ ഏൽപ്പിച്ച് രസീതും വാങ്ങിയിരുന്നു. ഇപ്പോൾ ഇതാ ബാക്കി രേഖകളും കൂടി ആവശ്യപ്പെട്ട് തുരുതുരാ
റിമൈൻഡറുകളും വന്നുകൊണ്ടിരിക്കുന്നു. ആർ.കെ ആണെങ്കിൽ, ഇതിനിടയിൽ ഈ കമ്പനിവിട്ട്, കോട്ടയത്ത് മറ്റൊരു കമ്പനിയിൽ പ്രവേശിച്ചിരിക്കുന്നു. മാത്രമല്ല ഞാൻ ഫോൺ വിളിച്ചാൽ ഫോണെടുക്കാൻ പോലും അയാൾക്ക് മടിപോലെയും. ഇങ്ങനെയിരിക്കെ എസ്.എൽ.ഐ (HDFC SLI) യുടെ ചെന്നൈ ഓഫീസിൽനിന്നും എനിക്കൊരു ഫോൺ കോൾ: ശരത്തിന്
കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്നതായി അവരുടെ അന്വേഷണത്തിൽ അറിഞ്ഞിരിക്കുന്നു. ആശുപത്രി അധികൃതരെ അഭിസംബോധന ചെയ്ത്, ആവശ്യമുള്ള രേഖകളെല്ലാം എസ്.എൽ.ഐക്ക് കൊടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള എന്റെ കത്ത് വേണം. അവർ കൊച്ചി ഓഫീസിൽനിന്നും ആളെ അയക്കുന്നുണ്ട്;
കൊടുത്തുവിടണം. കൊടുത്തുവിട്ടു. ഒടുവിൽ ഡിസംബർ പതിനേഴാം തീയതി ഞാൻ പ്രതീക്ഷിച്ചിരുന്ന അറിയിപ്പ് വന്നു. അതിലെ പ്രസക്ത ഭാഗം ഇതാ:
“....we refer to the section D in the said Application, which deals with 'Personal and Family history of life to be assured'. Under this section the following relevant questions had been answered as 'No'.
2. Are you currently suffering from any illness, impairment, or taking any medication
or pills or drugs? - "No"
6. Have you ever suffered from any of the following conditions?
(C) Respiratory Disorders. - "No"
The information on the Seizure Disorder and Asthma was not disclosed in the Application dt 11/11/2006. Had this information been provided to the company we would have declined to offer any life insurance cover.... since this vital information was not provided to us, we regret our inability to accept your claim.
(‘പോളിസിയിൽ ചേരാൻ നേരം സമർപ്പിച്ച അപേക്ഷയിൽ ശ്വാസംമുട്ടുണ്ടായിട്ടുണ്ടൊ എന്ന ചോദ്യത്തിന് താങ്കളുടെ മകൻ “ഇല്ല” എന്നണുത്തരം നൽകിയിരുന്നത്. ഫിറ്റ്സിന്റെയും
ആസ്‌ത്‌മയുടെയും കാര്യം മറച്ചുവെച്ചു. ഇവ വെളിപ്പെടുത്തിയിരുന്നുവെങ്കിൽ ഞങ്ങളന്നേ ആ അപേക്ഷ നിരസിച്ചേനെ. ഇങ്ങനെ പ്രസക്ത വിവരങ്ങൾ മറച്ചുവെച്ചതിനാൽ താങ്കളുടെ ക്ലെയിം നിരസിക്കുന്നു എന്നറിയിക്കുന്നതിൽ ഖേദിക്കുന്നു’, എന്നേകദേശ പരിഭാഷ)
കുറ്റം പറയരുതല്ലൊ; ഈ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ മുപ്പത് ദിവസത്തിനകം ബന്ധപ്പെടാനുള്ള, കമ്പനിയുടെ തന്നെ ഗ്രീവൻസ് കമ്മിറ്റിയുടെ വിലാസവും അതിൽ തന്നിട്ടുണ്ട്. ഞാനേതായാലും താണുകേഴാനും കാലുപിടിക്കാനുമൊന്നും നിന്നില്ല. സുദീപിനെയോ ആർ.കെയേയോ വിളിച്ചുമില്ല. ഗ്രീവൻസ് കമ്മിറ്റിക്ക് ഒരു കത്തയച്ചു. അതിലിത്രയേ പറഞ്ഞുമുള്ളു:
1. എന്റെ കൊച്ചിന് കുട്ടിക്കാലത്തെന്നോ ഉണ്ടായിരുന്ന ശ്വാസംമുട്ടിനെപ്പറ്റി ഞങ്ങളെ ഓർമ്മിപ്പിച്ചതിന് നന്ദി.
2. എന്റെ കുട്ടിക്ക് വന്നിരുന്ന ഫിറ്റ്സിന്റെ മുഴുവൻ വിവരങ്ങളും, അതിന് അവന്റെ ഓഫീസിലുൾപ്പെടെയുണ്ടായിരുന്ന റിക്കാർഡുകളുടെ കാര്യങ്ങളും, നിങ്ങളുടെ ഏജന്റ്റായ ആർ.കെയോട് വെളിപ്പെടുത്തിയിരുന്നതും അപേക്ഷയിൽ അക്കാര്യം കാണിക്കാൻ ആവർത്തിച്ച്
ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ അയാളാണ്, അയാളുടെ സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച അപേക്ഷയിൽ അതു കാണിക്കാതിരുന്നത്.
3. എന്റെ കുട്ടി 2006 നവംബർ മുതൽ 2010 ജൂലൈ വരെയുള്ള 45മാസം, പ്രതിമാസം 5,000/- രൂപ വീതം, ഒരുതവണപോലും മുടങ്ങാതെ പ്രീമിയം ഇനത്തിൽ അടച്ച 2,25,000/- രൂപ പലിശയോടുകൂടിയോ അല്ലാതെയോ തിരിച്ചുതരാനുള്ള സംസ്കാരം പ്രകടിപ്പിക്കുക.
ഭേഷായി! സംസ്കാരം! ഒട്ടും താമസിയാതെതന്നെ മറുപടി വന്നു. ഇതാ അതിലെ പ്രസക്തഭാഗം:
“We refer to our reply dt December 3, 2010 and confirm that our decision conveyed to you via that letter, remains unchanged." ( ഞങ്ങളുടെ ആദ്യകത്തിലെ തീരുമാനത്തിന് മാറ്റമില്ല എന്നകാര്യം ഇതിനാൽ കൺഫേം ചെയ്തുകൊള്ളുന്നു.)
ചുരുക്കിപ്പറഞ്ഞാൽ, തന്തയുടെ കാര്യം ഗോപി! ഞങ്ങൾക്ക് പോയത്, വിലമതിക്കാനാവാത്ത മുത്താണ്. അതുകൊണ്ടുതന്നെ, സ്റ്റാൻഡേർഡ് ലൈഫിന്റെ ലക്ഷങ്ങൾ കിട്ടില്ല
എന്നറിഞ്ഞപ്പോൾ വലിയ വേദന ഒന്നും തോന്നിയില്ല. മാത്രമല്ല, കാര്യങ്ങൾ ഇങ്ങനെയൊക്കെയേ അവസാനിക്കൂ എന്നുള്ള കാര്യം ആദ്യം മുതലേ ഏതാണ്ടൊ വ്യക്തവുമായിരുന്നു. പക്ഷെ, സുദീപൊ ആർ.കെയോ ഇതെഴുതുന്ന ഈ നിമിഷം വരെ ഒന്നു ടെലിഫോണിൽ വിളിച്ച് സോറി പറയാനുള്ള മര്യാദപോലും കാണിച്ചില്ല എന്നത് ഞങ്ങൾക്ക് ചെറിയ വേദനയുണ്ടാക്കി എന്നത് സത്യം.
പുതുതലമുറ ഇൻഷുറൻസുകളും അവരുടെ യൂലിപ് പോളിസികളും (Unit Linked Insurance Policy - ULIP) ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ച അലോസരങ്ങൾ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇത്രയുമായ സ്ഥിതിക്ക് അതും കൂടി പറഞ്ഞേക്കാം. തൊട്ടയൽപ്പക്കത്തെ പയ്യൻ റാം (യഥാർഥ പേരല്ല) ആണ് ഇതിലെ താരം. അവന് ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടിയിരിക്കുന്നു. ഒരു പോളിസി എടുത്ത് സഹായിക്കണം എന്നതായിരുന്നു അഭ്യർത്ഥന. എങ്ങനെ പറ്റില്ലെന്ന് പറയും? ചെറുതൊരെണ്ണം ആവാമെന്ന് ഞങ്ങൾ. പോരാ, ടാർഗെറ്റ് ഉള്ളതാണ്, ഒരുലക്ഷമെങ്കിലും വേണമെന്ന് ചെക്കൻ. അവസാനം അൻപതിനായിരത്തിന് ഞങ്ങൾ സമ്മതിച്ചു. പക്ഷെ, മറ്റൊരു കാര്യം - അൻപതിനായിരം വീതം മൂന്നു കൊല്ലം അടയ്ക്കണം; നാലാം കൊല്ലം, മുതലും ലാഭവും ചേർത്ത് നല്ലൊരു സംഖ്യ തിരികെ കിട്ടും. ഷെയർ മാർക്കറ്റിലെ പുരോഗതി അനുസരിച്ച് വൻ ലാഭം തീർച്ചയായും പ്രതീക്ഷിക്കാം. തൊട്ടയൽപക്കത്തെ പയ്യനാണ്, നാളെയും മുഖത്ത് നോക്കാനുള്ളതാണ്. അങ്ങനെ 2008 ഒക്ടോബറിൽ മെറ്റ്ലൈഫ് ഇൻഷുറൻസിന്റെ ‘മെറ്റ് സ്മാർട്ട് പ്രീമിയർ’ (MetLife Insurance; MetSmart Premier) പോളിസിയിൽ ചേർന്നു. 2009-ലും 2010-ലും കൃത്യമായി പ്രീമിയവും അടച്ചു. അങ്ങനെ മൂന്നു കൊല്ലം കഴിഞ്ഞ സ്ഥിതിക്ക് ഇപ്പോൾ
സറണ്ടർ ചെയ്താൽ എത്ര കിട്ടും എന്നറിയാനായി ആദ്യം കമ്പനിയുടെ വെബ് സൈറ്റിൽ പോയി ഈ പോളിസിയുടെ എൻ.എ.വി നോക്കി. അതുകഴിഞ്ഞ് പത്തൻപത് പേജുകളുള്ള
പോളിസി ഡോക്യുമെന്റൊന്നെടുത്ത് (ആദ്യമായി) വായിച്ചുനോക്കി. വാർഷിക പ്രീമിയത്തിന്റെ 70% ആണ് ഇപ്പോഴത്തെ സറണ്ടർ ചാർജ് മാത്രം! പ്രീമിയം അലോക്കേഷൻ ചാർജ്, ഫണ്ട് മാനേജ്മെന്റ് ചാർജ്, പോളിസി അഡ്മിനിസ്റ്റട്രേഷൻ ചാർജ്, മോർട്ടാലിറ്റി ചാർജ് തുടങ്ങിയ ചാർജുകളെല്ലാം കഴിഞ്ഞ് ഒരു ലക്ഷത്തി പന്തീരായിരത്തിനടുത്ത് കിട്ടിയാലായി! എന്നാലത് ഒന്ന് കൺഫേം ചെയ്യണമല്ലൊ. പട്ടണത്തിലെ MetLife ഓഫീസിൽപ്പോയി അന്വേഷിച്ചു. എന്റെ കണക്ക് കിറുകൃത്യം!
അടുത്തുള്ള ഫെഡെറൽ ബാങ്കിൽ കൊണ്ട് എഫ്.ഡി ഇട്ടിരുന്നെങ്കിൽ കിട്ടുമായിരുന്ന പലിശ പോട്ടെ, മുതലിൽനിന്നും ചോർന്ന് പോയിരിക്കുന്നത് മുപ്പത്തിയെണ്ണായിരം രൂപ!(6)
മറ്റൊന്ന് എന്റെ ദേവീസിന്റെ ഏറ്റവും അടുത്ത ബന്ധു. അതും ചെക്കന്റെ ജോലിപ്രശ്നം തന്നെ. ഭാര്യയ്ക്കും ഭർത്താവിനും ജോലി, മകന് അതിലും വലിയ ജോലി. എങ്ങനെ പറ്റില്ലെന്ന് പറയും? അപ്പോഴേക്കും ഹൌസിങ്ങ് ലോണും മറ്റു വൻ പോളിസികളും എടുത്തുകഴിഞ്ഞ സ്ഥിതിക്ക് പ്രീമിയം ഇരുപത്തയ്യായിരത്തിൽ ഒതുക്കാനായെന്ന് മാത്രം. പോളിസി റ്റാറ്റാ എ.ഐ.ജി യുടെ ലൈഫ് ഇൻവെസ്റ്റ് അഷ്വർ (Tata AIG Life InvestAssure Future)
ആണെന്നതും കൂടിയൊഴിച്ചാൽ ബാക്കിയൊക്കെ കഥ പഴയത് തന്നെ.
സുദീപായാലും ആർ.കെ ആയാലും, റാം ആയാലും, സനോജ് ആയാലും എല്ലാവരും എന്റെ ബിൽസൂനെപ്പോലത്തെ തന്നെ കുട്ടികളാണ്. അവർക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാൽ
അവരുടെ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദനയുടെ തീവ്രത ഞങ്ങൾക്ക് നല്ലപോലെ മനസ്സിലാകും. അതുകൊണ്ടുതന്നെ ഈ കുട്ടികളെ മനസ്സുകൊണ്ടുപോലും ശപിച്ചിട്ടില്ല, ഞാനോ എന്റെ ദേവീസോ. പക്ഷെ, ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുന്ന ഈ മൂന്ന്
സംഭവങ്ങളിലും ആരാണ് കുറ്റക്കാരൻ? ഇൻഷുറൻസ് കമ്പനികളാണോ? അല്ലേയല്ല. അവരയച്ചുതന്ന പോളിസി ഡോക്യുമെന്റിലെല്ലാം തന്നെ ഇക്കാര്യങ്ങളെല്ലാം വളരെ
വ്യക്തമായിത്തന്നെ കാണിച്ചിട്ടുണ്ട്. അതു വായിച്ച് നോക്കിയിട്ട് നമുക്ക് പറ്റാത്തതാണെങ്കിൽ പതിനഞ്ച് ദിവസത്തിനകം തിരിച്ചയച്ചുകൊടുത്താൽ അടച്ച മുഴുവൻ പൈസയും തിരികെ
തരുമെന്നും പറഞ്ഞിട്ടുണ്ട്. അതൊന്നും ചെയ്യാതെ സുഹൃത്തുകളെയും അയൽപക്കക്കാരെയും ബന്ധുക്കളെയും കണ്ണുമടച്ചങ്ങ് വിശ്വസിച്ച ഞാനും എന്റെ മണുങ്ങൂസ് തലയും മാത്രമാണ് ഇപ്പറഞ്ഞ മൂന്ന് സംഭവങ്ങളിലും പൂർണ ഉത്തരവാദിയെന്നത് വ്യക്തം. പക്ഷെ, അടച്ച പൈസയെങ്കിലും തിരിച്ചു തരാതിരുന്ന എഛ്.ഡി.എഫ്.സി. സ്റ്റാൻഡേർഡ് ലൈഫിന്റെ പ്രവൃത്തിയിൽ ധാർമികയുടെ അംശമുണ്ടോ എന്ന കാര്യത്തിൽ ന്യായമായും എനിക്കു സംശയമുണ്ട്. മാത്രമല്ല, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ - മരിച്ച വ്യക്തിക്ക്
കുട്ടിക്കാലത്ത് ഒരു ജലദോഷം വന്നിട്ടില്ലെങ്കിൽപ്പോലും - പോളിസി തുകയോ അടച്ച പ്രീമിയമോ തിരിച്ചുകിട്ടുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? ഉണ്ടെന്നു വിശ്വസിക്കുന്നവർ അവർ
ഒപ്പിട്ടുകൊടുത്ത ചോദ്യാവലിയിലെ മറ്റൊരു ചോദ്യം ശ്രദ്ധിക്കുക - “താങ്കളുടെ അച്ഛനമ്മമാരോ സഹോദരന്മാരോ സഹോദരിമാരോ അറുപത്തിയഞ്ച് വയസ്സിനു മുമ്പായി ഹൃദ്രോഗം, രക്തസമ്മർദ്ദം, സ്ട്രോക്ക്, പ്രമേഹം, വൃക്കരോഗം, അർബുദം, പക്ഷാഘാതം,
ഏതെങ്കിലും ജനിതകരോഗങ്ങൾ എന്നിവയ്ക്ക് ചികിത്സയ്ക്ക് വിധേയമാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടോ?” ഈ ചോദ്യത്തിനും ലാഘവത്തോടെയാണ് ഉത്തരമെഴുതിയിരിക്കുന്നതെങ്കിൽ താങ്കൾക്ക് പിന്നീട് ദുഃഖിക്കാൻ ഇടവന്നേക്കാം എന്നർഥം.
“കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എത്ര ഡെത്ത് ക്ലെയിമുകൾ ഇത്തരത്തിൽ നിരസിക്കപ്പെട്ടിട്ടുണ്ട്; ആ പോളിസികളിലെല്ലാംകൂടി എത്ര കോടികൾ നിങ്ങൾ പ്രീമിയം
ഇനത്തിൽ കൈപ്പറ്റിയിട്ടുണ്ട്?” എന്നൊരു ചോദ്യം എൽ.ഐ.സി യോടാണെങ്കിൽ ചിലപ്പോൾ നമുക്ക് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടാനെങ്കിലും പറ്റിയേനെ. പക്ഷെ, ഇവിടെ ഈ കമ്പനികൾ ആ നിയമത്തിന്റെ പരിധിയിലും വരുന്നില്ല എന്നതാണ് വസ്തുത. ഏതായാലും പുത്തൻ തലമുറ ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ട ചതിയുടെയും വഞ്ചനകളുടെയും ബാഹുല്യം
കൊണ്ടാണോ എന്നറിയില്ല, ഇൻഷുറൻസ് ഓംബുഡ്‌സ്‌മാന്റെയും (Insurance Ombudsman)
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെയും (Insurance Regulatory and Development Authority) പരസ്യങ്ങൾ ഈയിടെയായി ധാരാളം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഈ അടുത്ത് കണ്ട പരസ്യപ്രകാരം യൂലിപ് (ULIP) പോളിസികൾ ഇപ്പോൾ അഞ്ചു വർഷ ‘ലോക്ക് - ഇൻ‘ പീരീഡോടുകൂടിയ പദ്ധതിയാണെന്നും
കാണുന്നു. അതായത്, നഷ്ടം സഹിച്ചാണെങ്കിൽപ്പോലും അഞ്ചു വർഷം കഴിയുന്നതിനു മുമ്പ് നിങ്ങൾക്കവ സറണ്ടർ ചെയ്യാനാവില്ല എന്നു ചുരുക്കം. ഏതായാലും ഇക്കഴിഞ്ഞ മാർച്ച്
പതിനഞ്ചാം തീയതി മാതൃഭൂമി കൊച്ചി എഡീഷനിൽ കണ്ട ഒരു വാർത്ത ഇതാ:
പുതുതലമുറ ഇൻഷുറൻസ് സ്ഥാപനങ്ങൾ വഞ്ചിക്കുന്നു - എംപ്ലോയീസ് യൂണിയൻ
കൊച്ചി: പുതുതലമുറ ബാങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും തൊഴിലാളികളേയും ഉപഭോക്താക്കളെയും വഞ്ചിക്കുന്നതായി എംപ്ലോയീസ് യൂണിയൻ അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു......”
പൊതുസമൂഹം ഇതിനെപ്പറ്റി വ്യാപകമായി ചർച്ച ചെയ്യാൻ തുടങ്ങുന്നു എന്നതിന്റെ സൂചനകളാണീ വാർത്തയും പരസ്യങ്ങളുമെങ്കിൽ നല്ലത്.
എത്ര പേർ ഈ ലേഖനം വായിക്കുമെന്ന് എനിക്കറിയില്ല. വായിക്കുന്നവരോട് ഒരഭ്യർത്ഥന: ദയവായി കമന്റുകളിൽ ഞങ്ങളോട് സഹതപിക്കാതിരിക്കുക. ദൈവങ്ങളേയും ഞങ്ങൾക്ക്
കയ്ച്ചുകഴിഞ്ഞിരിക്കുന്നു; അതിനാൽ ഞങ്ങൾക്കുവേണ്ടി അവറ്റകളോട് പ്രാർത്ഥിക്കാതെയും ഇരിക്കുക. മൂക്കിൽ പഞ്ഞിവെച്ച്, മലർന്ന് കിടക്കുന്ന ആ ഒരൊറ്റ ദിവസമേ ഞങ്ങളുടെ സ്വപ്നങ്ങളിൽ ഇപ്പോഴുള്ളു; അതെത്ര അകലെയായാലും. ആ ദിവസത്തെ മരണത്തിന്റെ
കാലൊച്ചയ്ക്കായി ഞങ്ങൾ സസന്തോഷം കാതോർക്കട്ടെ.
......................................................................................................................................................................
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക:
ബില്‍സുവിന്റെ 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ, അവന്റെ സുഹൃത്ത് രമേശിന്റെ കൈയില്‍നിന്ന് ഈയിടെ കിട്ടിയത് കാണുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:
........................................................................................................................................................................
കുറിപ്പുകള്‍
1. ഏതോ സ്കൂള്‍ മെയിന്റനന്‍സ് വര്‍ക്കിന്റെ ബില്ല് മാറിയ അവസരത്തില്‍, കോണ്‍ട്രാക്ടര്‍ ചന്ദ്രന്‍ തന്ന അന്‍പതു രൂപ സ്വീകരിച്ചത്, ഞാന്‍ ജോലിയില്‍ പ്രവേശിച്ച 1978 - ലോ അതിനടുത്ത കൊല്ലമോ ആണ്. അന്നത്തെ ശമ്പളം നാനൂറു രൂപ. അതാണ് ആകെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വാങ്ങിയിട്ടുള്ള ‘കിമ്പളം’ എന്നുകൂടി പറയാതെ പോയാല്‍ ഈ കഥ പൂര്‍ണമാവില്ല.
2. ജനനം - 1982 ഒക്ടോബര്‍ 1, 12:22 pm ( കന്നിമാസത്തിലെ പൂരൂരുട്ടാതി നക്ഷത്രം) ; മരണം 2010 ജൂണ്‍ 26 (മിഥുനമാസത്തിലെ മൂലം നക്ഷത്രം )
3. Sarath Menon Kunnath ( ശരത് മേനോന്‍ കുന്നത്ത് ) / Sarath Menon K ( ശരത് മേനോന്‍ കെ ) ശരത്ത്
4.(1) Govt. H.S, West Kadungalloor (പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവ. ഹൈ സ്കള്‍ ) Std 1; 1988 - 89
(2)Holy Ghost Convent Girls H.S ( Now H.S.S ), Thottakkattukara, Aluva (ഹോളി ഗോസ്റ്റ് കോണ്‍വെന്റ് ഗേള്‍സ് ഹൈ സ്കൂള്‍ (ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ), തോട്ടയ്ക്കാട്ടുകര / തോട്ടക്കാട്ടുകര Std 2 - 7; 1989 - 1995
(3) The Alwaye Settlement H.S, (ആലുവ സെറ്റില്‍മെന്റ് ഹൈ സ്കൂള്‍ ) Std. 8 - 10; 1995 - 98; 1998 SSLC Batch.
(4)Union Christian College (U.C.College), Aluva / Alwaye (യു.സി കോളേജ്, ആലുവ ) Pre - Degree 1st Group; 1998 - 2000 Batch.
(5)Sree Chitra Thirunal College of Engineering, Thiuvananthapuram ( ശ്രീ ചിത്തിര തിരുനാള്‍
.എഞ്ചിനീയറിങ്ങ് കോളേജ്, പാപ്പനംകോട്, തിരുവനന്തപുരം SCT College of Engg / Engineering - run by KSRTC ) B.Tech; IT Branch; 2000 - 2004 batch.
5. P.R. Divakaran Nair, Retd. Dam Superintendent, KSEB (പി.ആര്‍ ദിവാകരന്‍ നായര്‍ )
6. 2008 ഫെബ്രുവരിയില്‍ ഇതുപോലെ മറ്റൊരു ബന്ധു വന്ന് കാലുപിടിച്ച്, എന്റെ സഹോദരിയെക്കൊണ്ട് മെറ്റ്ലൈഫിന്റെ തന്നെ മറ്റൊരു പോളിസി എടുപ്പിച്ചിരുന്നു - ‘മെറ്റ്‌ലൈഫ് ഈസി‘. അന്‍പതിനായിരം രൂപ വീതം മൂന്ന് വര്‍ഷം പ്രീമിയം അടച്ചിരുന്ന ആ പോളിസി ഇപ്പോള്‍ സറണ്ടര്‍ ചെയ്താല്‍ തിരികെ കിട്ടുന്നത് വെറും തൊണ്ണൂറ്റി ആറായിരം! സാധാരണ ബാങ്ക് അക്കൌണ്ടില്‍ കൊണ്ടിട്ടിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന പലിശ പോകട്ടെ, മുതലില്‍ നിന്നും ചോര്‍ന്ന് പോയിരിക്കുന്നത് അന്‍പത്തി നാലായിരം രൂപ! ഇപ്പോഴുള്ള എല്ലാ സാമ്പത്തിക മാന്ദ്യങ്ങളും മറികടന്ന് ഇനി ഈ ഫണ്ടിന്റെ എന്‍.എ.വി ( NAV- Net Asset Value ) അത്ഭുതകരമായി മുപ്പതായി എന്നിരിക്കട്ടെ (ഇപ്പോളിത് 24.10; കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇതൊരിക്കല്‍പ്പോലും 28-ല്‍ എത്തിയിട്ടില്ല). അപ്പോളും തിരികെ കിട്ടാവുന്നത് ഒരു ലക്ഷത്തി ഇരുപതിനായിരം. ഗത്യന്തരമില്ലാതെ നാലാം വര്‍ഷത്തെ പ്രീമിയവും അടച്ചിട്ടു വന്നു ഞങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച. ഇതു തന്നെയാണ് പ്രശ്നം. ഒരിക്കല്‍ തല വെച്ചു കൊടുത്താല്‍ പിന്നെ ഊരിപ്പോരാന്‍ ഒരുപാടൊരുപാട് ബുദ്ധിമുട്ടേണ്ടി വരും എന്ന് ചുരുക്കം.
......................................................................................................................................................................
Non-referral notes continue...
......................................................................................................................................................................
......................................................................................................................................................................
Non-referral notes continue...
......................................................................................................................................................................
7. Senior Software Engineer - Team Lead, IBS Software Services (P) Ltd, Infopark, Kakkanad, Kochi - 682 030
8. Melody Apartments, Siva Temple Road ( മെലഡി അപ്പാര്‍ട്ട്മെന്റ്സ്, ശിവക്ഷേത്രം റോഡ് )
8. Melody Apartments, Siva Temple Road ( മെലഡി അപ്പാര്‍ട്ട്മെന്റ്സ്, ശിവക്ഷേത്രം റോഡ് )
9. കഴിഞ്ഞ പത്ത് വര്‍ഷമായി എന്റെ കൊച്ച് ഉപയോഗിച്ചിരുന്ന BSNL മൊബൈല്‍ കണക്ഷന്‍ ക്ലോസ് ചെയ്ത്, ഡെപ്പോസിറ്റ് തുക മടക്കിത്തന്നുകൊണ്ടുള്ള കത്തും ചെക്കും ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിട്ടി. 9447146669 എന്ന ആ നമ്പറില്‍നിന്നും ഇനി കോളുകള്‍ വരില്ലെന്നും, അപ്പോള്‍ ‘Bilsu Calling' എന്നെഴുതി വരുന്നതിനി ഈ ജന്മം കാണാന്‍ കഴിയില്ലെന്നും ഓര്‍ക്കുമ്പോള്‍ , അച്ഛനായ എന്റെ കണ്ണുകള്‍ നിറഞ്ഞുകവിയുന്നു. കാറിന്റെ ഉടമസ്ഥാവകാശം എന്റെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള രേഖ നേരത്തേതന്നെ കിട്ടിയെങ്കിലും ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിക്കൊണ്ടുള്ള രേഖകള്‍ മിനിയാന്നാണ് കിട്ടിയത്. ബാങ്ക് അക്കൌണ്ടുകളും ഹൌസിങ്ങ് ലോണ്‍ എക്കൌണ്ടും ആദ്യമേതന്നെ ക്ലോസ് ചെയ്തിരുന്നു.
നാളെ, ഒന്‍പതു മാസങ്ങള്‍ക്കു ശേഷമുള്ള മറ്റൊരു ഇരുപത്തി ആറാംതീയതി. ആഴ്ചയും ഒത്തു വന്നിരിക്കുന്നു, ശനി. ജൂണിലെ ആ അഭിശപ്തദിവസത്തിന്റെ തനിയാവര്‍ത്തനത്തനം പോലെ. അത്യാഗ്രഹമാണെന്നറിയാഞ്ഞിട്ടല്ല, ബിലെയുടെ സ്ഥാനത്ത് ഞാനും എന്റെ ദേവീസും കിടന്ന് ആ ചിത്രം ഒന്ന് പൂര്‍ത്തിയായെങ്കില്‍ എന്നൊരാശ ! പക്ഷെ, ഇനി അവന്റെ അച്ഛന് മറ്റൊരു ജോലി കൂടി ബാക്കിയുണ്ട്. അവന്റെ വധുവായി ഈ വീട്ടിലേക്ക് കടന്നുവന്ന എന്റെ ചക്കരക്കുട്ടിയെ യോഗ്യനായ മറ്റൊരാളെ ഏല്പിക്കണം. മരുമകളായി വന്ന അവള്‍ ഇക്കാലം കൊണ്ട് ഞങ്ങളുടെ മകളായി മാറി കഴിഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല, എന്നെ അത്യാവശ്യം, ‘മൂപ്പില്‍സ്’ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യവും അവള്‍ കൈവരിച്ചിരിക്കുന്നു. അതുകൂടി കഴിഞ്ഞാല്‍ , പിന്നെ മരണത്തിന്റെ കാലൊച്ചകള്‍ക്ക് മാധുര്യം ഏറിവരുമെന്ന് തീര്‍ച്ച.
10. പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനികള്‍ / പുത്തന്‍ തലമുറ ഇന്‍ഷുറന്‍സ് കമ്പനികള്‍ / എഛ്.ഡി.എഫ്.സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് / മെറ്റ്ലൈഫ് / റ്റാറ്റാ എ.ഐ.ജി / ഏജന്റ് / ഫൈനാന്‍ഷ്യല്‍ അഡ്വൈസര്‍ / പ്രലോഭനം / ലാഭം / ചതി / വഞ്ചന / ക്രൂരത / കൊള്ള / പകല്‍ക്കൊള്ള / പിടിച്ചുപറി / കുത്തിക്കൊല / ഷെയര്‍ മാര്‍ക്കറ്റ് / ഷെയര്‍ മാര്‍ക്കറ്റിലെ / അഭിവൃദ്ധി
11. This is a true story written by an old man, who had lost his only son, on the 26th of June, 2010. He was an IT professional and at the time of death he was just 27. The 'New Generation Insurance Company' refused to pay his insurance amount (sum assured) on the grounds that the insured didn't disclose the 'asthma' he had had and the seizure disorder he was undergoing treatment for. Even my child was not at all remembering the wheezing he used to have in his childhood, and the agent of the company (Financial Adviser / Sales Executive) was well informed of the treatments he was undergoing for the seizure disorder. He was also the brother of my son's close friend, co-ed and colleague. We did insist to show the details in the application, citing the medical records my son had in his office due to the medical referrals he used to obtain, but the agent discarded all the requests and he filled the application in his own hand writing.The company refused even to refund the amount of Rs.2,25,000/- remitted towards premium.
There were other incidents too in our life, where close relatives and immediate neighbors enrolled us on the ULIP policies, offering high returns after 3 years. Simply going through the policy documents would have disclosed the cheating in their words. The companies charge 70% of the annual premium amount, or, 30% of the fund value for surrendering the policies in the 4th year! Here also, the companies are on the clear, as they specifically disclose all these details in their policy documents. And also, you did have the option of returning the same within 15 days and the company did promise to refund the full amount. There is no point in feeling cheated or robbed in broad daylight, where it's you who lazied yourselves and allowed the relatives to cheat you clean!
The script here is in 'malayalam' and you might need the font, 'Anjali Old lipi' or 'Rachana' installed in your computer, to read this article properly.
Tags: New Generation Insurance Companies / Company / Cheating / Robbing / Cheated / Robbed in broad daylight / by
300 comments:
«Oldest ‹Older 201 – 300 of 300പ്രിയപ്പെട്ട സോബിന്‍ ,
പത്തുപതിനൊന്നു വര്‍ഷങ്ങള്‍ മുമ്പ്, ബിലെയെ ആദ്യമായി കെ.ജി.ലോഡ്ജില്‍
കൊണ്ടുചെന്നാക്കുമ്പോള്‍ കണ്ടതാണെങ്കിലും, നീണ്ട ഇടനാഴിയും ഇടതുവശത്തെ
രണ്ടു കട്ടിലുള്ള ചെറിയ മുറിയും, നിറം മങ്ങിയ ഒരോര്‍മയായി എന്റെ ഉള്ളിലും
കിടക്കുന്നുണ്ട് ഇപ്പോഴും. അതുകഴിഞ്ഞ്, പിന്നീടവന്‍ താമസിച്ചിരുന്ന പാപ്പനംകോടു
തന്നെയുള്ള, ബിവറേജസ് ഔട്ട്ലെറ്റിന്റെ മുകളിലെ മുറിയിലും ഒരിക്കല്‍ ഞാന്‍
വന്നിട്ടുണ്ട്. എല്ലാം ഓര്‍മകളായി അങ്ങനെ നിലനില്‍ക്കട്ടെ. വേറെ
എന്താണുള്ളത്, താലോലിക്കാന്‍ !
...................................................
രാജാവിന്റെ മകന്,
കുറെ നാളുകള്‍ക്ക് ശേഷം ബ്ലോഗ് ഹിറ്റില്‍ പതിവില്ലാത്ത വര്‍ദ്ധന കണ്ടപ്പോള്‍
ഞാന്‍ ഊഹിച്ചു, ഏതോ ഒരു സുമനസ്സ് വീണ്ടും അതിലെ സാമൂഹ്യ സന്ദേശം കഴിയുന്നത്ര ആള്‍ക്കാരിലെത്തിക്കുവാന്‍ ശ്രമിക്കുന്നുന്ണ്ടെന്ന്. അത് ബിലെയുടെ പ്രായത്തില്‍ത്തന്നെയുള്ള ഒരു രാജാവിന്റെ മകന്‍ ആയതും കൌതുകകരം!
..................................................
ദീപ്തീ, രതീ, മനൂ, സോബിന്‍ , സണ്‍ ഓഫ് കിങ്ങ്, എല്ലാവര്‍ക്കും നന്ദി, നല്ല വാക്കുകള്‍ക്ക്. കാലത്തില്‍ മാത്രമാണിപ്പോള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്, ഞങ്ങള്‍ . വരട്ടെ, നമുക്കു നോക്കാം.
..................................................
Dear sir,
Nothing to say..........hats off to your commitment to publish the devilishness of new generation insurance companies.Bilu is still living,among his friends,his relatives and now in our minds.We cant rule out our destiny.
Yeah, Vidhu, We can't rule out our destiny, I too presume. But, the notion that everything is pre-determined makes our actions, prayers, faith etc utter
nonsenses, doesn't it? And the fact that Bilsu lives in our mind also fails to console us much. May be that too comes with it! [അതുകൂടി ചേര്‍ത്തായിരിക്കും
കോംപ്ളിമെന്റാക്കിയിരിക്കുന്നത്; അല്ലേ?] Sorry for the delay in responding. By the way, you are Vidhu Vincent? Of course, only if you don't mind to tell.
സര്‍, ഒന്നും പറയാനാവുന്നില്ല, ഓഫീസില്‍ നിന്നും പോകാന്‍ നേരത്താണ് അവിചാരിതമായി മാതൃഭുമിയില്‍ കൂടി ബ്ലോഗിലെക്കെതിയത്, കണ്ണ് നനയിച്ചു, ഹൃദയത്തില്‍ ഒരുപാടു നൊമ്പരവും. എന്നാലും ഇന്‍ഷുറന്‍സ് മേഖലയിലെ വളഞ്ഞ വഴികളെ പറ്റി ഒര്മാപ്പെടുതിയത്തിനു നന്ദി സര്‍
കമെന്റിനു നന്ദി, ജോണ്‍സണ്‍ . താമസിച്ചതിനു ക്ഷമാപണം.
സ്വന്തം വേദനയ്ക്കിടയിലും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്ന സാറിന് നന്ദി..
കൂടാതെ ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെയും സാറിന്റെയും ദുഃഖങ്ങള്‍ ഒരേ പോലെ ആണല്ലോ എന്നൊരു ചിന്ത കണ്ണുനീരിന് ആക്കം കൂട്ടുന്നു
അതെ, Mech, നമ്മള്‍ അശരണരുടെ കണ്ണീരു കുടിച്ച്കുടിച്ച് ഈ കമ്പനികളൊക്കെ നന്നായി കൊഴുക്കട്ടെ. ഏതായാലും ഈ പോസ്റ്റ് മലയാളികള്‍ വായിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം, കുറച്ചുപേരെങ്കിലും ഈ ചതിക്കുഴികളില്‍ വീഴാതെ രക്ഷപ്പെടും എന്നൂഹിക്കാം. ഞാനും അത്രയേ ഉദ്ദേശിച്ചിട്ടുള്ളു. പക്ഷെ, എത്രനാള്‍ ഇത് ആള്‍ക്കാര്‍ വായിച്ചുകൊണ്ടിരിക്കും എന്നത് വേറേ കാര്യം.
..................................................
എന്റേയും റഫീക്കിന്റേയും ദുഃഖങ്ങള്‍ ഒരേപോലെയെന്നു പരാമര്‍ശിച്ചുകണ്ടു. ഒരു മകന്‍ ? മകള്‍ ? ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രം പറഞ്ഞോളൂ. സമാനദുഃഖങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുമ്പോള്‍ , നമ്മളൊന്നും ഒറ്റയ്ക്കല്ല ഈ ലോകത്തെന്ന് ഒരു തോന്നലെങ്കിലും ഉണ്ടാകുമെങ്കില്‍ , അത്രയെങ്കിലും ആവട്ടെ എന്നേ ഉദ്ദേശിച്ചിട്ടുള്ളു കേട്ടോ.
നല്ല കുറേ ഓര്‍മകള്‍ കുറേ പങ്കുവച്ച അങ്കിളിനു നന്ദി. പണത്തിനു പിറകെ ഒഡിനാടന്ന ഒരച്ന്‍ അതൊക്കെ മാറ്റിവച്ച് കുട്ടിയെ സ്നേഹിക്കാന്‍ തുടങ്ങി എന്നു കേട്ടപ്പോള്‍ മനസിനു ഒത്തിരി സന്തോഷമായി. സ്വന്തം മകനെ ഒത്തിരി സ്നേഹിച്ച ഒരച്ചന്‍ മറ്റൊരു അച്ഛന്റെ ജീവിതം മാറ്റിയത് ബ്ലോഗില്‍ കൂടി താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റിയ ഒരു കാര്യമായി തോന്നി. സ്നേഹിക്ക്പ്പെടുബ്ബോഴാണ് ഒത്തിരി സ്നഹിക്കാന്‍ തോന്നുന്നത്. ജീവിതത്തിന്റെ അക്കരപ്പചയില്‍ എത്താനുള്ള വ്യഗ്രതയില്‍ കുരേപെറെങ്കിലും മക്കളെ സ്നേഹിക്കാന്‍ മറന്നു പോകുന്നു, അവര്‍ക്കുകൂടി ഈ ബ്ലോഗ് ഒരു തിരിച്ചരിവാകുമെങ്കില്‍ തങ്ങളുടെ ജീവിതം ധന്യമയി. തികച്ചും മനുഷ്യ സ്നേഹിയായ ഒരാള്‍ക്കുമാത്രമേ ഇത്രയും ഹൃദയസ്പര്‍ശീയായി എഴുതാന്‍ പാട്ടുകയുള്ളൂ. താങ്കള്‍ ഇനിയും എഴുതുമെന്ന് കരുതുന്നു. ഒരു അച്ന്റേയും അമ്മയുടെയും സ്നേഹം എന്താണ് എന്നു മനസിലാക്കാന്‍ പറ്റാത്ത ഒത്തിരി മക്കള്‍ കേരളത്തിലുണ്ട്. അവര്‍ക്കുകൂടി ഒരു തിരിച്ചരിവകട്ടേ ഈ അച്ഛന്റെ സ്നേഹം.
അഛഛനമ്മമാരേ ഒത്തിരി സ്നേഹിക്കുന്ന ഒരു മകന്‍.
സ്നേഹത്തോടെ,
കുഞ്ചുക്കുട്ടന്‍, പെരുമ്പാവൂര്‍
Uncle hw r u..no news recently...did aunty start going for job.Do post sme comments...
ലാപ്‌ടോപ്പ് കേടായിട്ട് നന്നാക്കാന്‍ കൊടുത്തിരിക്കുക ആയിരുന്നു. ഇപ്പോഴാണ് തിരികെ കിട്ടിയത്. കുഞ്ചുക്കുട്ടന് മറുപടി പോസ്റ്റ് ചെയ്യാന്‍ ഒരുപാട് വൈകിയല്ലേ? നല്ല വാക്കുകള്‍ക്ക് നന്ദി, കുഞ്ചുക്കുട്ടാ. അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കള്‍ വംശനാശഭീഷണി നേരിടുന്ന ഇക്കാലത്ത് ‘അച്ഛനമ്മമാരെ ഒത്തിരി സ്നേഹിക്കുന്ന‘ കുഞ്ചുക്കുട്ടന്മാരും അപൂര്‍വകാഴ്ചകള്‍ തന്നെ! അതും ഒരു കുളിര്‍മയായിത്തന്നെ അനുഭവപ്പെട്ടു.
......................................................
Chakkarakkuttee, We still linger on your thoughts? Yeah, though not regular in going, Aunty somehow manages her official responsibilities as well. She seems to be inching her way back to normal life. Still we only know how we tide over Aug 30 ( Bilsu's Wedding Day), Oct 1 (His Date of Birth) etc recently! Thanks again.
Some how i came to your post and read .. Though saying thank you for the information is inappropriate, this post has helped me to understand the complications of claims. I have seen my colleague facing issues on a surgery claim, compromising for half the amount of claim... take care sir...
Thanks a lot, for your kind words, Sindhu. Funny to watch the increased channel ads by HDFC Life, Bajaj Alliance etc now-a-days!
എന്തൊക്കെയോ കുറിക്കണമെന്നുണ്ടായിരുന്നു. പക്ഷെ കമന്റുകള്‍ വായിച്ചു വന്നപ്പോള്‍ ആവര്‍ത്തനം ആകുമെന്നുകരുതി. വളരെ നല്ല വിജ്ഞാപ്രധമായ വായന.
വിജ്ഞാനപ്രദമായി അനുഭവപ്പെട്ടു ഈ ലേഖനം എന്നറിയുന്നതില്‍ സന്തോഷം, ASKEROVR. കമന്റിനു നന്ദി.
jayetta,
enthokkeya new year visheshangal?
devis, molus, ammus okke enthedukkunnu?
സർ,
കണ്ണൂരാൻ വഴിയാണ് ഇവിടെയെത്തിയത്.
വിശ്വാസത്തിന്റെ കാര്യത്തിൽ, കൈകൂലിയുടെ കാര്യത്തിൽ ഒക്കെ താങ്കളുടെ അതേ ചിന്താഗതിയുള്ള ഒരാളാണു ഞാൻ.പൊതുമരാമത്തു വകുപ്പിൽ ജോലി ചെയ്യുന്നു.പക്ഷെ താങ്കളോളം നല്ല ഒരച്ഛനല്ല ഞാൻ.ആവാൻ കഴിയുമോ ആവോ.. സഹതപിക്കുകയല്ല, നിങ്ങളുടെ സങ്കടത്തോട് ഒപ്പം ചേരുന്നു.
താങ്കൾ നൽകിയ സന്ദേശം പരമാവധി പേരിലെത്തിക്കാൻ ശ്രമിക്കും.
അഭ്യര്‍ഥനയെ മാനിക്കുന്നു....
ഒപ്പം ഇങ്ങനെയുള്ള പോളിസികളെ തുറന്നു കാണിച്ചതിന് നന്ദി...
വേദനിപ്പിക്കുന്ന ഒരു സത്യം മുന്നില്‍ കിടക്കുമ്പോള്‍ ഇത് പോലുള്ള ചതികുഴികളിലേക്ക് മനുഷ്യരെ തള്ളിയിടാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് എങ്ങിനെ കഴിയുന്നു .
ബില്സുവിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു ... പ്രാര്‍ഥനകള്‍
Kannu neerodukoodiyanu ithu vayichu theerthathu.. Aswasippikkanayi onnum parayan illa. Ithu oru novunna ormayayi manasil nilkkunnu!!!
കാലത്തിന്റെ ഒഴുക്കില്‍ പൊങ്ങുതടികള്‍ പോലെ ഒഴുകിപ്പോകുന്ന ഞങ്ങള്‍ക്കെന്ത് പുതുവത്സരം, അനോണീ? ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോകുന്നു; ഞങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്ന ആ ദിവസം മാത്രം മാരീചനെപ്പോലെ അകന്നകന്നും!
.................................................
പൊതുമരാമത്തു വകുപ്പില്‍ത്തന്നെ ജോലി ചെയ്യുന്ന സമാനമനസ്കനായ Viddiman- നെ കണ്ടുമുട്ടിയതില്‍ സന്തോഷം. ഈ സന്ദേശം പരമാവധി പേരിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് പ്രത്യേകം നന്ദി പറഞ്ഞുകൊള്ളട്ടെ. കണ്ണൂസിനോടുള്ള നന്ദിയും എത്ര പറഞ്ഞാലും തീരില്ല. പക്ഷെ, നന്ദി മാത്രമേ ഉള്ളു;
അദ്ദേഹത്തിന്റെ കല്ലിവല്ലിയില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു കയറിയിറങ്ങണം എന്നു വിചാരിക്കുന്നതല്ലാതെ,
അതിനുപോലുമുള്ള മാനസികാവസ്ഥ കിട്ടാറില്ല എന്നതാണ് യാഥാര്‍ഥ്യം.
................................................
Khaadu- വിനോടും പ്രത്യേകിച്ചെന്തു പറയാന്‍, നന്ദിയെന്നല്ലാതെ?
..............................................
പ്രിയപ്പെട്ട വേണുഗോപാല്‍, ടി.വി ചാനലുകളില്‍ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കാറില്ലെ? HDFC Life- ന്റെയും [റിട്ടയര്‍മെന്റിനു ശേഷം, സിങ്കപൂര്‍ക്കുള്ള പ്ലെയിന്‍ ടിക്കറ്റുകാണിച്ച് ഭാര്യയെ അത്ഭുതപ്പെടുത്തുന്ന വയോധികന്റെ], SBI Life- ന്റേയും [ദില്ലിയിലെ രാജകീയ വീധിയിലൂടെ, മുപ്പതു കൊല്ലം പഴക്കമുള്ള സ്കൂട്ടറില്‍ പോകുന്നതിനിടെ, സഡന്‍ബ്രേക്കിട്ട് ഭാര്യയെ മേത്ത് മുട്ടിച്ച് കുസൃതി കാട്ടുന്ന മധ്യവയസ്കന്റെ], Birla Sun Life- ന്റേയും [മഴയത്ത് പ്രൊമോഷന്റെയും ഇന്‍ക്രിമെന്റിന്റെയും കാര്യം പറഞ്ഞു നീങ്ങുന്ന യുവമിധുനങ്ങളില്‍, ഭര്‍ത്താവ് കാര്‍ ആക്സിഡെന്റില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നത്], Max New York Life- ന്റേയും [മകന്‍ ബണ്ടിയുടെ
കോളെജ് ഫീസിനായി ഭാര്യ പത്തു ലക്ഷം ചോദിക്കുമ്പോള്‍ ഭര്‍ത്താവിനു ഹാര്‍ട്ട് അറ്റാക്ക് വരുന്നത്] ICICI Prudential Life- ന്റേയും [അമിതാബ് ബച്ചനൊക്കെ അഭിനയിക്കുന്നത്] ഒക്കെ? ഈ പരസ്യങ്ങളുടെയൊക്കെ ആകര്‍ഷണീയത എത്രയെത്ര ലക്ഷങ്ങളെയായിരിക്കും ഓരോ ദിവസവും സ്വാധീനിക്കുക! നിസ്സംഗനായി ഇതൊക്കെ
കണ്ടിരിക്കുംപ്പോഴും, HDFC Life- ന്റെ മറ്റൊരു പരസ്യത്തിലെ, 'Have You Done Enough For Your Family?' എന്ന പരസ്യവാചകമാണെന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്!
“വേദനിപ്പിക്കുന്ന ഒരു സത്യം മുന്നില്‍ കിടക്കുമ്പോള്‍ ഇത് പോലുള്ള ചതികുഴികളിലേക്ക് മനുഷ്യരെ തള്ളിയിടാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് എങ്ങിനെ കഴിയുന്നു?” എന്ന വേണുഗോപാലിന്റെ ചോദ്യം നമ്മള്‍ ഈ നാട്ടില്‍ ആരോടാണ് ചോദിക്കുക?
................................................
ഗീതയോടും ഞാനെന്താണ് പറയുക; കമന്റിനു നന്ദി എന്ന ആചാരവാക്കുകളല്ലാതെ?
................................................
എന്ത് പറയാന്‍ ?നഷ്ടങ്ങള്‍ ,,നികത്താനാവാത്ത നഷ്ടങ്ങള്‍ ,ബിലെയെ പോലോരാളുടെ നഷ്ടത്തിന് മുന്നില്‍ ഇന്ശൂരന്‍സ് കമ്പനിക്കാരുടെ പട്ടിച്ചൂല് പണിക്കു ഒക്കെ എന്ത് വില ?ബിലെ മാത്രം ആണ് മനസ്സില്‍ തങ്ങിയത് ,മനോ വേദനക്ക് ആശ്വാസമാകുന്ന എന്തെങ്കിലും ,,എന്തെങ്കിലും ഒക്കെ ലഭിക്കണേ (വായനയോ ,മരുമകളുടെ കളിചിരികള്‍ അങ്ങനെയങ്ങനെ )എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്നു ,,,
ഈ പോസ്റ്റ് വായിച്ചിട്ട്, സഹതാപവും പ്രാര്‍ത്ഥനയും ഒഴിവാക്കി ഒരു കമന്റിടുക എന്നത് അല്പം ആയാസമുള്ള പണിയാണ് അല്ലേ, സിയാഫ്? പക്ഷെ, ഇവിടെ തികഞ്ഞ ഔചിത്യത്തോടെ, ചുരുങ്ങിയ വാക്കുകളില്‍, വൈകാരിക തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ, തികഞ്ഞ കൈയടക്കത്തോടെ തന്നെ സിയാഫ് അതു ചെയ്തിരിക്കുന്നു. നന്ദി. മറുപടി വൈകിയതിനു ക്ഷമാപണം.
Don't actually know what to write. Today morning when I started reading the blog there was some personal miseries in my mind.
But after reading the blog Bilsu and Devoos are struck in my mind.I was deeply touched bcoz one of my close relative is also suffering from the same issue. I know you dont like praying. But I will surely pray for Devoos, to give her the courage to withstand this bad phase. I respect you sir you gave a valuable message.
My Devees and I are together in our resentment towards the nasty gods, anonymous. Anyway, thanks a lot, for the touching, kind words.
this blog brought tears to my eyes.
പ്രിയപ്പെട്ട ചേട്ടാ , താങ്കള്‍ക്ക് ഉണ്ടായ വിഷമം ചെറുതല്ല എന്നറിയാം...അറിയാതെ എതിപെട്ടതാനി ബ്ലോഗില്‍....വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഷമം...മാതൃഭൂമി ബ്ലോഗ് ലിനക്സ് വഴി ആണ് എത്തിപെട്ടത്...ഞാന്‍ ഇതു എന്റെ ഫ്രണ്ട് നായി ലിങ്ക് കൊടുക്കുന്നുണ്ട്...വീണ്ടും വീണ്ടും എഴുതുക...അങ്ങിനെ മനസ്സിന്റെ ഭാരം കുറയ്ക്കുക...
Sir,
"പരന്ന വായനയുടെ അസുഖം" ഉള്ളതിനാല്‍ ഈ പുസ്തകങ്ങള്‍ അങ്ങ് വായിച്ചിട്ടില്ലെങ്കില്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു.
1. The God Delusion.
2. The Greatest Show On Earth.
- both by Prof. Richard Dawkins
പ്രിയപ്പെട്ട ചേട്ടാ,
മുറിയില്‍ ഒറ്റക്കിരുന്നാണ് ഞാനിത് വായിച്ചത്. ഇറ്റുവീണ കണ്ണീരിലെങ്കിലും ഞാനും ആ ദുഖത്തില്‍ പങ്കുചെരട്ടെ. ബില്‍സുവിന്റെ നഷ്ടത്തിന് മുന്നില്‍ മറ്റൊരു പോളിസിയും ഒന്നുമല്ലല്ലോ..എങ്കിലും ആ മനസിന്റെ വിശാലതയാവാം മറ്റുള്ളവര്ര്‍കുവേണ്ടി അനുഭവങ്ങള്‍ പകര്‍ന്നു തരാന്‍ അങ്ങയെ പ്രേരിപ്പിച്ചത്. ഇനിയും എഴുതണം.
പ്രാര്‍ത്ഥനയില്‍ തീര്‍ച്ചയായും താങ്ങലെയും കുടുംബത്തെയും കുടുബത്തെ ഓര്‍ക്കും.
Dear Mohan, Thanks for your kind words.
................................................
സാം കൊടുത്ത ലിങ്ക് വഴിയായിരിക്കാം, ധാരാളം പേര്‍ ഇക്കഴിഞ്ഞ ആഴ്ച എന്റെ ബില്‍സുവിനെ വായിച്ചുപോയിട്ടുണ്ട്. എണ്ണൂറോളം പേര്‍! ഒരുപാടൊരുപാട് നന്ദി, സാം.
..................................................
റിച്ചാര്‍ഡ് ഡോക്കിന്‍സും അദ്ദേഹത്തിന്റെ ‘ഗോഡ് ഡെല്യൂഷ’നും എന്റെ ഫേവറിറ്റുകളില്‍ ഒന്നാണ്. ‘ഗോഡ് ഡെല്യൂഷ’നും ‘സെല്‍ഫിഷ് ജീനും’ എന്റെ ഷെല്‍ഫില്‍ ഇരിക്കുന്നുണ്ടെങ്കിലും രണ്ടാമത്തേത് ഞാന്‍ വായിച്ചു തുടങ്ങിയിട്ടില്ല. 'ഗ്രെയ്റ്റസ്റ്റ് ഷോ' ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ല. കുറച്ചുകഴിയട്ടെ, സംഘടിപ്പിക്കാം. കമെന്റിനു നന്ദി, സദീപ്.
...................................................
ഉടനെയൊന്നും ഒന്നും എഴുതാന്‍ വയ്യ, ജോസെലെറ്റ്. പിന്നെയാവട്ടെ. കമന്റുകളും അതിനുള്ള എന്റെ മറുപടികളും വായിച്ചിട്ടില്ലല്ലേ? [ഹും! നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്!]
കമന്റിട്ട എല്ലാവര്‍ക്കും നന്ദി. മറുപടി വൈകിയതിനു ക്ഷമാപണത്തോടെ..
21-ാമത്തെ വയസില്‍ ബൈക്കപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഏകമകനെക്കുറിച്ചുള്ള ഓര്‍മകളും അതിന്റെ പിന്നിലുള്ള ദൈവിക പദ്ധതികളുമാണ് ആ അമ്മ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് എറണാകുളത്തുവച്ച് ബൈക്കും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഞങ്ങളുടെ ഏകമകന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.
ഭൂകമ്പത്താല്‍ തകര്‍ക്കപ്പെട്ട ഭവനംപോലെയായി ഒരു രാത്രികൊണ്ട് ഞങ്ങളുടെ ജീവിതം. ഇരുപത്തൊന്ന് വര്‍ഷത്തെ പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമാണ് ഒറ്റ രാത്രികൊണ്ട് തകര്‍ന്നടിഞ്ഞത്. മകന് അപകടമുണ്ടായി എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് തിരിച്ചപ്പോള്‍ വലിയ ദുരന്തവാര്‍ത്തയാണ് കാത്തിരിക്കുന്നതെന്ന ചിന്ത ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
''പള്‍സ് റേറ്റ് സീറോ, ഹാര്‍ട്ട് ബീറ്റ് സീറോ'' - ഡോക്ടറുടെ വാക്കുകളുടെ പൊരുള്‍ മനസിലാക്കുവാന്‍ മനസ് വിസമ്മതിച്ചു. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. എന്തുവേണമെങ്കിലും ചെയ്യാമെന്നു പറഞ്ഞപ്പോള്‍, ചെയ്യാനുള്ളതെല്ലാം ചെയ്തു എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഒടുവില്‍ മരണം സ്ഥിരീകരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞെങ്കിലും പിന്നീട് മനസിനൊരു മരവിപ്പായിരുന്നു. അവനല്ല അതു സംഭവിച്ചതെന്ന തോന്നല്‍. മമ്മീ എന്നു വിളിച്ച് അവന്‍ എപ്പോള്‍ വേണമെങ്കിലും ഓടിവന്നേക്കാം എന്നൊരു വിചാരം. പക്ഷേ, ദിവസങ്ങള്‍ കഴിയുന്തോറും സത്യത്തിന്റെ ഭീകരമുഖം കൂടുതല്‍ തെളിവോടെ മുന്നില്‍നിന്നു. അവനെ ഇനിയൊരിക്കലും ഈ ലോകത്തില്‍വച്ച് കാണുകയില്ലെന്നും ആ സ്വരം ഇനിയൊരിക്കലും കേള്‍ക്കുകയില്ലെന്നുമുള്ള തിരിച്ചറിവിനു മുന്നില്‍ തളര്‍ന്നു. ഇനി എന്തിന് ജീവിക്കണമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ദിവസങ്ങള്‍. പക്ഷേ, പ്രാര്‍ത്ഥനയോടും ആശ്വാസവാക്കുകളോടുംകൂടെ ഞങ്ങള്‍ക്ക് താങ്ങായിനിന്ന ബന്ധുക്കളെയും സ്‌നേഹിതരെയും കുറിച്ചോര്‍ത്ത് ദൈവത്തിനു നന്ദി പറയാതിരിക്കാനായില്ല.
ഒച്ചപ്പാടും ബഹളവുമായി, ശകാരങ്ങളില്‍ ഒട്ടും പരിഭവമില്ലാ തെ കളിയും ചിരിയും തമാശകളുമായി നടന്നിരുന്ന മകന്റെ നന്മ മുഴുവനായും മനസിലാക്കിയത് അവന്റെ വേര്‍പാടിനുശേഷമാണ്.
അവനെ അവസാനമായി കാണുവാന്‍ ഒഴുകിയെത്തിയ പുരുഷാരത്തിന്റെ മുക്കാല്‍ പങ്കും അവനുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നവരാണെന്ന അറിവ് ഞങ്ങള്‍ക്ക് പുതുതായിരുന്നു. പ്രായഭേദമില്ലാതെ, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, ഉള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസമില്ലാതെയുള്ള ആ സൗഹൃദക്കടലിന്റെ ആഴവും പരപ്പും ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കുവാനും അവന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുവാനുമായി എത്തിയവരുടെ വാക്കുകളിലൂടെ അവന്‍ ഞങ്ങള്‍ക്കു മുന്നില്‍ വളര്‍ന്നു വലുതായി, പടര്‍ന്നു പന്തലിച്ച് ഒരു നന്മമരമായി നിന്നു. ആ സ്‌നേഹത്തണലില്‍ വിശ്രമിക്കാനും ആശ്വാസം കണ്ടെത്താനും സര്‍വേശ്വരന്‍ ഞങ്ങളെ അ നുവദിച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ മനമുരുകി കരഞ്ഞു.
പിന്നീട് പലപ്പോഴും ഞാന്‍ ദൈവവുമായി കലഹിച്ചു, പരാതി പറഞ്ഞു, ചോദ്യങ്ങള്‍ ചോദിച്ചു. എന്തിന് ഇരുപത്തൊന്ന് വര്‍ ഷംമാത്രം വളര്‍ത്തുവാന്‍വേണ്ടി ഒരു മകനെ തന്നു? ഇത്ര കഠിന ശിക്ഷ തരുവാന്‍ തക്കവിധം ഞാന്‍ എന്തു തെറ്റു ചെയ്തു? എന്നോട് ഒരു വാക്കുപോലും പറയാതെ, അവന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍പോലും സമയം തരാതെ എന്തിന് അവനെ രാത്രിയില്‍ വിളിച്ചുകൊണ്ടുപോയി? അന്ന് പകല്‍ ഞാനവന്റെ അടുത്തെത്തിയിട്ടും കാണാന്‍ എന്തേ എന്നെ അനുവദിച്ചില്ല?
ഇപ്പോള്‍, എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി തമ്പുരാന്‍ എനിക്കു തന്നു. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പറയുന്നു: ''തിന്മ അവന്റെ വിവേകത്തെ മാറ്റിമറിക്കാതെ, വഞ്ചന മനസിനെ പ്രലോഭിപ്പിക്കാതെ, അവന്‍ സംവഹിക്കപ്പെട്ടു. തിന്മയുടെ വശീകരണ ശക്തിയില്‍ നന്മയ്ക്കു മങ്ങലേല്ക്കുന്നു; ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്ക ഹൃദയത്തെ വഴിതെറ്റിക്കുന്നു'' (ജ്ഞാനം 4:11-12).
അതെ, അവന്‍ കര്‍ത്താവിനു പ്രിയപ്പെട്ടവനാകയാല്‍ തിന്മയുടെ മധ്യത്തില്‍നിന്ന് കര്‍ത്താവ് അവനെ വേഗം രക്ഷിച്ചു.
തന്റെ ഏകജാതന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് നിശബ്ദം കണ്ണീരൊഴുക്കി നോക്കിനിന്ന പരിശുദ്ധ അമ്മയുടെ സഹനം എന്റെ സഹനത്തെക്കാള്‍ എത്ര വലുതാണെന്ന് ഞാന്‍ അറിയുന്നു. ''പിതാവേ, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ'' എന്നു പറഞ്ഞ് കുരിശുമരണത്തോളം അനുസരണം കാട്ടിയ ഈശോയുടെ സഹനത്തിനു മുന്നില്‍ എന്റെ സഹനം എത്ര ചെറുതാണെന്നും ഞാന്‍ അറിയുന്നു.
ഇനി എനിക്കു പരാതികളില്ല, ചോദ്യങ്ങളും. 'തമ്പുരാനേ, അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്കു തരേണമേ' എന്നൊരു പ്രാര്‍ത്ഥനമാത്രം.
രണ്ടു വയസ്സുകാരന്റെ കുസൃതിയും കൊഞ്ചലും നിഷ്കരുണം നാട്ടില്‍ ഉപേക്ഷിച് മരുഭൂമിയിലേക്ക് വരേണ്ടി വന്ന കഠിന ഹൃദയനെ കരയിച്ച ഒരു എഴുത്തായിരുന്നു തങ്ങളുടേത്.!! അവിചാരിതമായി എത്തി പെട്ടതാണ് !!! പ്രാര്‍ഥനയും സഹതാപവും വേണ്ട എന്നാ തങ്ങളുടെ തീരുമാനവും എന്നെ ആകര്‍ഷിച്ചു ....പക്ഷെ ഞാന്‍ പ്രാര്‍ഥിക്കുന്നു നിങ്ങളുടെ ഭാഷയില്‍ ആ "പരനാറി പട്ടി ചൂലിനോട് " : നിങ്ങളുടെ ബിലെയുടെ അടുത്തേക്ക് കൊണ്ട് പോകുവാന്‍ "അവന്‍" തയ്യാറെടുക്കുമ്പോള്‍ ബിലെയുടെ അച്ചയയൂം അമ്മയെയും ഒരുമിച്ചു കൊണ്ട് പോകണേ എടാ "പരനാറി പട്ടിചൂലെ"" ...അത്രെയെങ്ങിലും കാരുണ്യം നീ അവരോടു കാട്ടണം കെട്ടോടാ !!! ( എന്റെ ഭാഷയും ഹൃദയവും; മോശവും കഠിനവും ആയി തോന്നിയെങ്കില്‍ എന്നോട് ക്ഷമിക്കുക)
‘പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും’ നാമത്തില്‍ നടത്തപ്പെടേണ്ടിയിരുന്ന ഒരു ചടങ്ങിനായി ഒത്തുകൂടിയിരുന്ന, ബന്ധുക്കളായ 24 പേരാണ്, 2001 നവംബര്‍ പത്താം തീയതി തിരുവനന്തപുരത്തിനടുത്ത അംബൂരിയിലെ ‘കുരിശുമല’യിലുണ്ടായ ഉരുള്‍പൊട്ടലില്‍, മണ്ണിലും ചെളിയിലും പുതഞ്ഞ്, ദാരുണമായി കൊല്ലപ്പെട്ടത്.
തട്ടേക്കാട് ഉണ്ടായ ബോട്ട് അപകടത്തില്‍, 2007 ഫെബ്രുവരി ഇരുപതിന് പൊലിഞ്ഞത് 15 കുരുന്നുകളും അവരുടെ 3 ടീച്ചര്‍മാരും.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍നിന്നു വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു പുറപ്പെട്ട ഒരു കുടുംബത്തിലെ 6 പേര്‍ തൃശ്നാപ്പള്ളിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്, 2008 ഏപ്രില്‍ 13- ന്. അതില്‍ 3 കുട്ടികളുടെ പ്രായം 5- നും 12- നും ഇടയ്ക്ക്.
വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോയ 10 കുരുന്നുകള്‍, വാന്‍ കയറിയിറങ്ങി, കണ്ണൂരിലെ ഇരിക്കൂറില്‍ മൃതിയടഞ്ഞത്, 2008 ഡിസംബറില്‍.
മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത മൂര്‍ക്കനാട്ട്, ചാലിയാറില്‍ 2009 നവംബര്‍ 4- ന് പൊലിഞ്ഞത്, പ്ലസ് വണ്ണിനും പ്ലസ് ടൂവിനും പഠിക്കുന്ന 8 വിദ്യാര്‍ത്ഥികള്‍
കൊച്ചിയില്‍നിന്നും പാലക്കാട്ടുനിന്നുമായി വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു പുറപ്പെട്ട ഒരു കുടുംബത്തിലെ 9 പേര്‍ തഞ്ചാവൂര്‍ ജില്ലയിലെ തായ്ക്കരത്തുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്, 2010 ഏപ്രില്‍ 29- ന്. അതിലൊന്ന് ഒരുവയസ്സുപോലും തികയാത്തൊരു പിഞ്ചുകുഞ്ഞും, പിന്നെയുള്ളത് പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മറ്റു രണ്ട് കുട്ടികളും.
തിരുവനന്തപുരത്ത് കരിക്കകത്ത് പാര്‍വതി പുത്തനാറില്‍, ഓട്ടോറിക്ഷ മറിഞ്ഞ് 7 നഴ്സറി കുട്ടികളും അവരുടെ അധ്യാപികയും മരിച്ചത് ഇക്കഴിഞ്ഞ വര്‍ഷം [2011] ഫെബ്രുവരിയില്‍. അതേ പാര്‍വതി പുത്തനാറില്‍, ചാന്നാങ്കരയില്‍ അക്കൊല്ലം തന്നെ സെപ്റ്റംബര്‍ 27- നു പൊലിഞ്ഞത് 10 വയസ്സില്‍ താഴെയുള്ള നാലു പിഞ്ചുകുഞ്ഞുങ്ങള്‍.
“കര്‍ത്താവിനു പ്രിയപ്പെട്ടവരാകയാല്‍ തിന്മയുടെ മധ്യത്തില്‍നിന്ന് കര്‍ത്താവ് അവരെ” ഇങ്ങനെ, കണ്ണിലും മൂക്കിലും ശ്വാസകോശത്തിലും ചെളിയും മണ്ണും കുത്തിനിറച്ചും, നടുറോഡില്‍ ചതച്ചരച്ചും ചോര തുപ്പിച്ചും വെള്ളമിറങ്ങാതെയും ‘രക്ഷിച്ചതിന്റെ’ മഹനീയ മാതൃകകള്‍ പെരുകുമ്പോള്‍, അതിന്റെ സ്മരണയില്‍പ്പോലും ഹൃദയം ദൈവസ്നേഹത്താല്‍ വീര്‍പ്പുമുട്ടുന്നവരോട് എനിക്ക് യാതൊരു വിരോധവുമില്ല. ദയവുചെയ്ത് അതെന്റെ നെഞ്ചത്തേക്ക് കുത്തിയിറക്കല്ലേ എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളു. സൂചി കേറ്റാന്‍ പോലും പഴുതില്ലെങ്കിലും, അവിടെയൊക്കെ ഇത്തരം ‘ദൈവസ്നേഹ’ത്തിന്റെ തൂമ്പ കേറ്റാന്‍ ശ്രമിക്കുന്ന നിങ്ങളേപ്പോലുള്ളവരോടുള്ള എന്റെ കലര്‍പ്പില്ലാത്ത പുച്ഛം ഞാനിവിടെയെങ്കിലും പ്രകടിപ്പിച്ചുകൊള്ളട്ടെ.
സമാന്യയുക്തിയില്ലെങ്കില്‍ പോട്ടെ; മിനിമം ഔചിത്യബോധമെങ്കിലും മനുഷ്യര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍!
മദ്ധ്യാഹ്നങ്ങളിലും രാത്രികളിലും, എന്റെ ചുമലില്‍ തലചായ്ച് കിടക്കുന്ന ദേവീസിനോട്, നിത്യേനയെന്നോണം ഞാന്‍ പങ്കുവെയ്ക്കുന്നതും ഞങ്ങള്‍ ഒരുമിച്ചു കൊണ്ടു നടക്കുന്നതുമായ വലിയൊരു ആഗ്രഹമാണ്- അല്ല, അത്യാഗ്രഹമാണ്- പ്രിയപ്പെട്ട അംജത്, താങ്കളിവിടെ കോറിയിട്ടിരിക്കുന്നത്. അങ്ങേയറ്റത്തെ ഭാഗ്യവാന്മാര്‍ക്ക് അത്യപൂര്‍വമായി മാത്രം ലഭിക്കുന്ന ആ അസുലഭസൌഭാഗ്യം ഏതായാലും ഞങ്ങള്‍ക്കുണ്ടാവില്ല എന്ന് മിക്കവാറും തീര്‍ച്ചയായതുകൊണ്ട്, ഞാന്‍ തന്നെ അതൊന്നു മയപ്പെടുത്തി, ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ എന്റെ ദേവീസ് ആദ്യം പൊക്കോട്ടെ എന്നാക്കി മാറ്റും. ഞാനും കൂടി പോയാല്‍, പാവം അവളെന്തുചെയ്യും? പക്ഷെ, ഞങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ, ആ PNPC, ഞങ്ങള്‍ക്കെടുത്ത് വെച്ചിരിക്കുന്നത് എന്തായിരിക്കുമെന്നും ഊഹിക്കാവുന്നതേയുള്ളു. ഇങ്ങനെയൊരു പെഴച്ചവനായി പോയല്ലൊ, അങ്ങനെ ഒരുത്തന്‍ ഉണ്ടെങ്കില്‍, ആ തെണ്ടി!
jayetta,its long Back we heard aBout molutty... how is she? and amma also? sorry.. if you feel like a nosy query.. actually i feel you people are my family memBers ... for many reasons ... so atleast once in a week i check this comment section is there something aBout amma,molutty and deviyechi..
All of us pulling on somehow...with that fire constantly burning inside, Anonee. [ I DO appreciate your sincerity. But, generally, I am not that comfortable in replying to Anonies. Sorry if I 've hurt you in saying this.]
innaleyaanu njhaan apratheekshithamaayi ith vaayikkaan iadayaayath.njhaanum orum I.T companiyil work cheyyunnathaa.enikkum swaasam muttal und.pettenn vannathaa.innale ith vaayichathin shesham mind vallathe disturbed aanu.urakkam vanneyilla.BILSUvine thanne manasil varunnu.oru chettan nashtappetta sanghadam manasil.
നല്ല വാക്കുകള്‍ക്കു നന്ദി, ഷിനൂ. ബില്‍സൂന്റെ കുട്ടിക്കാലത്തെ ശ്വാസംമുട്ടും അവന്റെ മരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഷിനുവിന്റെ ശ്വാസംമുട്ട് കുറച്ചുകാലത്തെ നല്ല ചികിത്സ കൊണ്ട് മാറാവുന്നതേ ഉള്ളൂ. നല്ലതുമാത്രം നേരുന്നു.
വളരെ വൈകിപ്പോള്യി ഈ പോസ്റ്റ് വായിക്കുവാൻ. എങ്കിലും ബിൽസുവിന്റെ ചിത്രം മനസ്സിൽ എന്നുമുണ്ടാവും.
പ്രിയപ്പെട്ട അപ്പൂ,
ഈ ബ്ലോഗിന്റെ പിറവിയ്ക്ക് ‘ആദ്യാക്ഷരി’യും അതിന്റെ അമരക്കാരന്‍ അപ്പുവും നല്‍കിയിട്ടുള്ള സംഭാവനകള്‍ അങ്ങേയറ്റം നന്ദിയോടെയല്ലാതെ സ്മരിക്കുവാന്‍ എനിയ്ക്കാവില്ല.
കരളുരുകുന്ന വേദനയ്ക്കിടയിലാണെങ്കിലും, വൈകിയാണെങ്കില്‍പ്പോലും അപ്പു ഇത് വായിക്കുവാന്‍ ഇടവന്നതില്‍, എനിയ്ക്ക് ചെറുതല്ലാത്ത ചാരിതാര്‍ത്ഥ്യമാണ് തോന്നുന്നത്. നന്ദി അപ്പൂ, ഒരിയ്ക്കല്‍ കൂടി.
ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ ചതിയെപ്പറ്റി കുറച്ചു പേര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പു കൊടുക്കാന്‍ പറ്റി എന്നതില്‍ ജയേട്ടന്‍ വിജയിച്ചു.
പോസ്റ്റ് മുഴുവന്‍ വായിച്ചു..
ഒരുപാട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി
നന്ദി
നല്ല വാക്കുകള്‍ക്ക് നന്ദി, സന്തോഷേ. മറുപടി താമസിച്ചതിനു ക്ഷമാപണം.
എന്താ പറയുക മാഷേ? എവിടെക്കയോ ചുമ്മാ വായിച്ചു അലഞ്ഞു അവസാനം താങ്കളുടെ ബിലെയുടെ അടുത്ത് എത്തിയപ്പോള്‍ ഒരു നീറ്റല്‍ ആയല്ലോ?എന്ത് പറഞ്ഞു ആശ്വസിപ്പിചാലും ഒന്നും പകരം ആകില്ല എന്നറിയാം..മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വന്നപ്പോള്‍ ,സ്വപുത്രനെ കവര്ന്നപ്പ്പോള്‍ പകച്ചു നില്‍ക്കുന്ന രണ്ടുജന്മങ്ങള്‍ ...ആശ്വസിപ്പിക്കാം സമാധാനിക്കാം ......ഒരിക്കല്‍ നമുക്ക് ബിലെയോടൊപ്പം കൂടിചെരാം എന്നാശ്വസിച്ചു കൊണ്ട്
നല്ല വാക്കുകള്‍ക്ക് നന്ദി, ഫാസില്‍. മൂന്നു ദിവസം മുമ്പ് അവന്‍ പോയതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു- ജൂണ്‍ 26. ഇനിയെത്ര കൊല്ലങ്ങള്‍ കൂടി ഞങ്ങള്‍ കാത്തിരിക്കണമോ എന്തോ..... പുനഃസമാഗമമൊക്കെ ഉള്ളതാണെങ്കില്‍!
I have no hope , if i get the amount that i paid for BIRLA SUN LIFE...yesterday i paid 10,000/- as the last amount..all are taken for the safe job of others, no benefit..but thanks for your information...hope for the best..
Yeah, ADHARSH, Let's hope so. Thanks for the comment
പത്താം വയസ്സില്‍ മരണത്തെ കാത്ത് ഒന്നരമാസം ആശുപത്രിയില്‍ കിടന്നപ്പോഴാണ്
നമ്മള്‍ പറയുന്നതൊന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നില്ല എന്ന് ആദ്യം തോന്നിയത്. പരിതസ്ഥിതികളോട് നിരന്തരം കലഹിച്ച് ആ പ്രതികാരം വീട്ടാന്‍ നോക്കി തളര്‍ന്നു.
പിന്നീട് കാറൊഴിഞ്ഞു, വെട്ടം വന്നു. ഇനിയും ഇരുളും , വെളുക്കും - അതങ്ങനെയാണ്. നമുക്കുള്ളില്‍ ഒരു തിരി തെളിച്ചേ മതിയാകൂ.
വിശദമായി എഴുതണം എന്ന് ആദ്യം തോന്നി - പിന്നെ എന്തോ - വേണ്ടെന്നു തോന്നി.
ഒന്നേ പറയാനുള്ളൂ. ദൌര്‍ബല്ല്യം എന്തിന്റെ പേരിലായാലും നല്ലതിനല്ല.
"ഞാനറിവീല ഭവാന്റെ മോഹന ഗാനാലാപന ശൈലി,
നിഭ്രുതം ഞാനതു കേള്‍പ്പൂ സതതം നിതാന്തവിസ്മയശാലി."
ഒന്നും കൂട്ടിവയ്ക്കാതിരിക്കുക, ഒന്നിനേയും തരം തിരിച്ച് കുഴങ്ങാതെയുമിരിക്കുക.
ജീവിതം ഒരു അത്ഭുതമാണ്. കണ്ണുകള്‍ തുറന്നുതന്നെയിരിക്കട്ടെ.
നിഭൃതം ഞാനുമതു കേള്‍ക്കുന്നുണ്ട് SAM SEED, നിരന്തരമായിത്തന്നെ. പക്ഷെ, അത് ‘ആ ഭവാന്റെ’യാണോ എന്ന കാര്യത്തിലേയുള്ളു സംശയം. ജീവിതവും ഒരു മഹാത്ഭുതം തന്നെ, ജീവിച്ചിരിക്കുന്ന കാലത്തോളം എങ്കിലും. കണ്ണുകളും തുറന്നുതന്നെ പിടിയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. കമന്റിന് ഒരുപാട് നന്ദി.
Kannu niranju Sir..
Must appreciate your strong will and efforts to spread awareness about all these bad products after what you have gone through your life. Anybody else would have given up and gone into a shell cursing their luck.
Though I have never seen any of you but after reading your write up and seeing Bile's pictures, my feelings are that of a brother who lost his younger brother.
It is easier to say Time is the best healer, only those who goes through knows how difficult it is.
True, Manoj. We only know how difficult it is to pull on, day after day.... Thanks a lot for your kind words.
എനിക്കൊന്ന് സംസാരിക്കാൻ ... ഞാനൊന്നു സംസാരിച്ചോട്ടെ..
ബ്ലോഗ് വായിച്ചു, വീഡിയോ കണ്ടു, ഈ ഫോട്ടോസ് എല്ലാം കണ്ടു... എന്ത് പറയണം എന്ന് കൃത്യം അറിയില്ല. എങ്കിലും ബില്സു കാണുന്നുണ്ടാകും, സന്തോഷിക്കുന്നുണ്ടാകും നിങ്ങളെ എല്ലാരേം ഓര്‍ത്ത് !
കമന്റുകള്‍ക്ക് നന്ദി, മൌനത്തിനും അനിലിനും. മറുപടി വൈകിയതിനു ക്ഷമാപണം. വല്ലപ്പോഴുമൊക്കെയേ കമ്പ്യൂട്ടര്‍ തന്നെ തുറക്കാറുള്ളു.
ഒരു ഫ്രണ്ട് വഴി ഈ ബ്ലോഗില്‍ എത്തിയതാണ്.. ധ്യ്ര്‍ഗ്യം കണ്ടപ്പോള്‍ സമയക്കുറവ് മൂലം വായന പിന്നീട് ആക്കാം എന്ന് ആദ്യം കരുതി, പിന്നെ വായിച്ചു തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല.. ബിലെയെ ഇപ്പോള്‍ അടുത്ത ഫ്രണ്ട് നെ പോലെ എനിക്ക് കാണാം... അകാല വിയോഗത്തില്‍ വിലപ്പെട്ട എന്തോ പോയ പോലെ ഉള്ള ഒരു ഫീല്‍ ഉണ്ട് ഇപ്പോള്‍..
മറ്റു വിവരങ്ങള്‍ കൂട്ടി യോജിപ്പിച് നിര്‍ത്താന്‍ കഴിയുന്നില്ല.. മരണം ഒരു രംഗബോധം ഇല്ലാത്ത കോമാളി തന്നെ എന്നോര്‍ത്ത് കൊണ്ട് നിര്ത്തുന്നു !! അങ്കിള്‍ ആന്റി, രണ്ടു പെര്കും ശാന്തി നിറഞ്ഞ ജീവിതം ആശംസിക്കുന്നു...
ത്രിശ്ശൂക്കാരനു നന്ദി, നല്ല വാക്കുകള്‍ക്ക്. മറുപടി വൈകിയതിനു ക്ഷമാപണത്തോടെ..
vaayichu...njanum infoparkilaanu...bilsu ettan manassil ninnu povunnilla...
മരിക്കുന്നതു വരെ ബിലെ എന്‍റെയും ഓര്‍മയില്‍ മായാതെ നില്ക്കും...എനിക്കു ജനിക്കാതെ പോയ സഹോദരനായീ.
മരിക്കുന്നതു വരെ ബിലെ എന്‍റെയും ഓര്‍മയില്‍ മായാതെ നില്ക്കും...എനിക്കു ജനിക്കാതെ പോയ സഹോദരനായീ.
Dear Jayanji,
Today's Sunday I completely spent on your tearful incident, posts, photos, about which I came to know via Mathrubhumi. Wife got annoyed on seeing continuous tears in my eyes; then I narrated her during lunch. Upon seeing your dearest Bilsu's photo, the face looked like familiar to me and later on seeing obituary clipping in the photo album, I could re-collect, as I had seen that obituary in Mathrubhumi (Postal subscriber, being in a village township in Gulbarga in Karnataka. Have the habit of reading NP for around 2 hrs). Honestly speaking, I bow my head upon you both with folded hands for writing in such a significant way, with all facts and figures in our pure wonderful mother tongue (sorry, though I am a deep language lover, I do not know as how to type here in Mal) that too at the juncture of deep sorrow which, no doubt, is an eye opener to the entire society those who often being cheated by various Insurance companies. I do not know as how to express my gratitude for your efforts through this blog through which you give a worthy message to everyone. We have also taken 3 - 4 policies of Birla Sunlife (our Group co), which always shows down-value since its inception. I (Retired on Dec. 31, but now under extension) am also father of two sons and your Bilsu is around one year older than my elder son, who is also a SW engineer. I do not think anybody can read your incident without tears. Pls console yourself and give firm belief that dear Bilsu is everywhere, neither he is burnt nor spoiled. With weeping heart.....
sir,
i cant believe some one can write with such a brave heart about the fake assurance of insurance people after going through what you have gone through. icnat beleive i am visiting this blog for the past two year since i read this without fail to know some good news about your family.
please give us some that made you happy...
പ്രിയപ്പെട്ട സംഗീതാ, ടോണീ, ഹൃദയത്തെ തൊട്ട വാക്കുകള്‍ക്ക് രണ്ടു പേര്‍ക്കും നന്ദി. മുന്‍പ് സൂചിപ്പിച്ചിരുന്നതുപോലെ ഞാനിപ്പോള്‍ വല്ലപ്പോഴുമേ എന്റെ ലാപ്-ടോപ്പ് തന്നെ തുറക്കാറുള്ളു. അതാണ് മറുപടി വൈകുവാന്‍ കാരണം. ക്ഷമിക്കുമല്ലോ.
.............................
ബ്ലോഗിലും പികാസ്സ ആല്‍ബത്തിലും താങ്കളിട്ട സുദീര്‍ഘമായ കമന്റുകള്‍ക്ക് ഒത്തിരി നന്ദി, കൃഷ്ണന്‍കുട്ടി സാര്‍. ശാരീരികവും മാനസികവുമായി ഒരുപാട് തളര്‍ന്ന ഒരവസ്ഥയിലാണ് ഞാനിപ്പോള്‍. 2 കൊല്ലവും 7 മാസവും കഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ ബില്‍സു പോയിട്ട്. ആദ്യത്തെ രണ്ടു കൊല്ലക്കാലത്തോളം എങ്ങനെയൊക്കെയാണ് പിടിച്ചു നില്‍ക്കുവാനായതെന്നും, അതിനിടയില്‍ ആ ബ്ലോഗ് പോസ്റ്റ് എങ്ങനെയാണ് എഴുതുവാനായതെന്നും ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്, ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍.
..............................
എനിക്ക് താങ്കളേയും നിരാശപ്പെടുത്തേണ്ടിയിരിക്കുന്നുവല്ലോ, പ്രിയപ്പെട്ട മനൂ. നാള്‍ക്കുനാള്‍ കഴിയുംതോറും, ഹൃദയം ചുട്ടുപൊള്ളുന്ന നീറ്റല്‍ കൂടിക്കൂടി വരുന്നതേയുള്ളു, എനിക്കും എന്റെ ദേവീസിനും. കാലത്തിലര്‍പ്പിച്ച പ്രതീക്ഷയും കൈവിട്ടുപോവുകയാണോ എന്തോ!
Really sad after reading the comment on Feb 4. I had read the post one year before and from that time I used to check this blog regularly to see how are you and bilsus amma. I cannot share this my relatives since one of my close relative is also suffering from the same issue.
Actually I want to reply in malayalam, but dont know how. From the day I read the post Bilsu, Davees and all are in our mind. This is the same with many others who read it. The warmth of the love you all shared touched me very much.
Acha, dont know what to tell.. Please please dont be weak. Try to divert mind to reading or some other things. It is not for you, but for the son who has given you the love for a lifetime.
കാര്യങ്ങള്‍ അച്ചയ്ക്ക് അറിയാന്‍ വയ്യാഞ്ഞിട്ടല്ല, അനഘക്കുട്ടീ. ശ്രമിക്കാഞ്ഞിട്ടുമല്ല. പക്ഷെ, പറ്റണ്ടേ?
shariya sir.. pattilla ..true
we know you people only thru this blogpost and if we couldnt ...how can you who went thru all this!!!
pattilla.. truth is always not even bitter... horrible
sir.. its a long time you are not loggin in/ hope everyone is fine..and you are engaged enough that you cnat find any time for internet.
Sir,
Oru friend innale ithinte link ayachu thannappol just nokkamennu karuthi maathram click cheythathanu...subject insurance aanennu kandappol onnu vaayikkamennu karuthi....vaayichu theernnappozhekkum njanariyathe ente kannil ninnum kannu neer ozhukikkondeyirunnu.... ippozhum kannil ninnum aa nanavu maariyittilla.... aaswasa vaakkukal onnum parayaruthum ennullathinaal onnum parayunnilla...
Sir paranjathu pole agent marude keniyil pettu ICIC, Bajaj, Kotak Mahindra ennee companikalude policiy eduthu cash nashtappetta oralanu ee njanum.. agent nte panchara vaakkil veenu poya oral. ithineppatti aarenkilum onnu paranjirunnenkil ee keniyil veezhillayirunnu... ini paranjittu kaaryam illallo? ithu vaayikkunna aarum iniyenkilum ivarude ee keniyil veezhathe irikkatte..Sir valare nalla oru message aanu enneppoleyullavarkku thannathu... athil valareyadhikam thanks... oru kaaryam koodi paranju kollatte...LIC policy valiya laafamillenkilum private companikal pattikkunna maathiri cheyyilla ennanu manassilakkan kazhiyunnathu... ente maturity aaya oru policy valiya paper work onnum illathe (only 1 form mathram complete cheythu koduthathallathe) avar paranja samayathu thanne ente accountil matured amount deposit cheythu...
Sir um Bilayum Devoosum manassil ninnum maayilla... Ella vidha aasamsakalum nerunnu...
ഇല്ല, മനൂ. ഞാന്‍ ഒന്നിലും എന്‍ഗേയ്‌ജ്ഡ് അല്ല. എന്‍ഗേയ്ജ്ഡ് ആകാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ അരിച്ചരിച്ചാണ് ദിവസങ്ങള്‍ നീങ്ങുന്നത്. കൂടെ ഞങ്ങളും എങ്ങനെയൊക്കെയോ കാലത്തിലൂടെ പതിയെപ്പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നു.
..................................................
അനിലിനും നന്ദി, സുദീര്‍ഘമായ കമന്റിന്
എന്തൊക്കെയോ എനിക്ക് എഴുതണമെന്നുണ്ട്. പക്ഷെ അതിലൊക്കെ നൊമ്പരം ,വഞ്ചനയുടെ ചിരിക്കുന്ന മുഖം, ചതി എന്നിവ തെളിഞ്ഞു വരും. അതുകൊണ്ട് ഒന്നും ഞാൻ എഴുതുന്നില്ല
വളരെ വൈകിയാണ് ഈ പോസ്റ്റ് കണ്ണിൽ പെട്ടത്. (രണ്ട് വർഷമായി വല്ലപ്പോഴുമേ ബ്ലോഗ് പോസ്റ്റുകൾ നോക്കാറുള്ളൂ.
തീരാനഷ്ടത്തിന്റെ വേദന മനസ്സിലാവുന്നുണ്ട്.
കാലം മുറിവുകൾ ഉണക്കുമെന്ന് ആശിക്കുന്നു.
കൂടുതലൊന്നും എഴുതുന്നില്ല.
ന്യൂ ജനറേഷൻ ഇൻഷൂറൻസ് തട്ടിപ്പുകൾ തുറന്നുകാട്ടിയത് കുറച്ച്പേർക്കെങ്കിലും ഒരു മുൻകരുതലെടുക്കാൻ സഹായിക്കും. (ഇതുപോലെ ഒരെണ്ണത്തിൽ വീട്ടുകാരിയും പെട്ടുപോയിട്ടുണ്ട്. ഒരു കൊല്ലം കഴിഞ്ഞ് മെച്ച്യുർ ആവുംപ്പോഴറിയാം എത്ര കൈയ്യിൽ കിട്ടുമെന്ന്.)
വളരെ വൈകിയാണ് ഈ പോസ്റ്റ് വായിച്ചതെങ്കിലും രണ്ടു വാക്ക് പറയാതിരിക്കാനാവുന്നില്ല.കാരണം ഞാനും ഒരു അച്ഛനാണ്.ബിലെയുടെ വേര്‍പാട് താങ്കളെ എങ്ങിനെ തളര്ത്തിയിട്ടുണ്ടാവും എന്ന് എനിക്കറിയാം.ആ കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.
എന്തുപറ്റീ, മധൂ? ഇന്‍ഷുറന്‍സ് മേഖലയിലായിരുന്നോ ജോലി? സാരമില്ല പോട്ടെ, ഒന്നും മനഃപൂര്‍വമായിരുന്നിരിക്കില്ലല്ലോ.
.....................................................
കൃഷിനും റഫീഖിനുംകൂടി നന്ദി, നല്ല വാക്കുകള്‍ക്ക്
വായിക്കാന്‍ വൈകിയത് എന്തെ എന്ന് ഞാന്‍ എന്നോടു തന്നെ ചോതിക്കട്ടെ .. കണ്ണിലെ സ്ഫടിക കണികകളിലൂടെ ചതിയുടെ സാധ്യതകള്‍ ഒളിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് വെളിച്ചം വിതരിയത്തിനു നന്ദി ....
ജയേട്ടാ,അവിജാരിതമായി കണ്ണില്‍ തടഞ്ഞ ബ്ലോഗ് കണ്ണിരില്‍ കുതിര്‍ന്ന ഉപദേശം,ജീവിത രീതി- നന്ദി .ബിലു വിന്ടെ മുഖം, എവിടെയോ പരിച്ചയപീടിരുന്നോ ആവൊ? നിങ്ങളെ പോലെ ഒരു ഉണ്ണിയെ ഞാന്‍ വളര്‍ത്തുന്നു,ഏഴിലാണ്.അവന് ഇപ്പോള്‍ നാളൊരു മനസാണ്.പിന്നെ ഞാന്‍ ഒരു അന്ധമായ കര്‍മ വിശ്വാസിയാ.ബ്ലോഗിലെ പലതും നിങ്ങള്‍ പറഞ്ഞതും പറയാത്തതുമായ ഇതിനു പിന്നിലെ കള്ളനാനയങ്ങളില്‍ തുളച്ചുകയറിയിട്ടുണ്ടാവും.
പൊള്ളയായ ചോരത്തിളപ്പ് ആദര്‍ശം ഡിഗ്രി കഴിഞ്ഞപ്പോള്‍ ഗവര്‍മെന്റ് ജോലിയില്‍ നിന്നും ആദ്യമേ അകറ്റിയതിനാല്‍ ഇന്‍ഷുറന്‍സ് എജെന്സിയില്‍ വന്നുപെട്ട ഞാന്‍ കണ്ടതും ഇതിലെ തെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രമിച്ചാല്‍ എനിക്ക് കാര്യമുണ്ടാവും എന്ന് തന്നെ.പക്ഷെ ഇനനും ചുറ്റും കാണുന്നത് വിപരീതം.പണ്ടേ വര്‍ക്ക് കുറവാണു.പക്ഷെ നല്ല കസ്റ്റമര്‍ ബലമുണ്ട്- കേരളത്തില്‍ അങ്ങോളമിങ്ങോളം.എക്സ്പെരിഎന്സെദ് ക്വളിഫിദ് ട്രന്സ്പരെന്റ്റ് അട്വസേര്സിനെ കന്ടെത്തിയാല്‍ നല്ലത്.ഇന്‍ഷുര്‍ന്‍സിലെ തെറ്റായ മാര്‍ക്കറ്റിംഗിനെതിരെ പ്രതികരിച്ചു പലരെയും രക്ഷപെടുതിയത്തിനു നന്ദി.ജയേട്ടന് സാമൂഹിക പ്രവനതനങ്ങില്‍ നല്ല മാറ്റം വരുത്താമെന്നു കരുതുന്നു.ജയെട്ടനും ചേച്ചിക്കും ഉള്ള മനക്കരുത്ത് ഇനിയും തുടരട്ടെ..shyam
സിദ്ധിക്കിനും ശ്യാമിനും നന്ദി, നല്ല വാക്കുകള്‍ക്ക്. മറുപടി വൈകിയതിനു ക്ഷമാപണം.
എനിക്ക് പുതുതലമുറ ഇൻഷുറൻസ് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു. എമ്മനുൽ എന്ന സിനിമ ഒന്ന് മറിച്ച് ചിൻദിപ്പിച്ചു എപ്പോൾ ഈ ബ്ലോഗും.
നന്ദി സാർ
കമെന്റിനു നന്ദി, സ്മിതില്‍. മറുപടി വൈകിയതിനു ക്ഷമാപണം
ഇപ്പോൾ എവിടെയാണ് ?
ഫ്ലാറ്റില്‍ത്തന്നെയാണല്ലോ, ടോണീ.
Dear Divakar sir,
My hearty condolences on d demise of ur beloved son.I am a victim of d metlife smart life ulip policy.i took 2 ulip policies.I have paid one lakh fifty thousand INR.After 6 years,if I surrender could get 1 lakh thirty thousand only. I am a Pravasi.now going through a survival period like all other Pravasies.
regards,
v.c.sabu.
Sorry to hear that, Sabu. Thanks for the comment.
അറിയാതെ എത്തിപ്പെട്ടതാണ് ഈ ബ്ലോഗിലേക്ക്... well said
അറിയാതെ എത്തിപ്പെട്ടതാണ് ഈ ബ്ലോഗിലേക്ക്... well said
Thanks for the comment, Ajimil
How are you Acha? I frequently check this page to see if there is any comment from you..Can i share this page?
Just pulling on......, Anony. Of course, you may share this post.
ഇതുപോലെ ഒരച്ഛൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ....
കമന്റ് കണ്ടു, മോളേ. അച്ച എന്താ ഇപ്പൊ മറുപടി പറയുക?
നിങ്ങളുടെ ബില്സു ഇപ്പൊ ഞങ്ങളുടെയും ആരൊക്കെയോ ആണെന്ന് തോന്നിപ്പോകുന്നു..
കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ സർ..
സർ ഇനിയും ബ്ലോഗ്ഗിൽ സജീവമാകൂ..
Thanks, Mayflowers. Let's see. May be sometime later. It's really comforting to note that he is not forgotten altogether.
എങ്ങനെയോ എത്തപെട്ടതാണ് ഇവിടെ.. മുഴുവനും വായിച്ചു.. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കുവാന്‍ സാധിച്ചു.. ഹൃദയത്തില്‍ ഒരു നൊമ്പരവും.. ഇതില്‍ ഇന്‍ഷുറന്‍സ് മാത്രമല്ല, ഒരു മനുഷ്യന്‍, കുടുംബം, മക്കള്‍ എങ്ങനെയായിരിക്കണം എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്.. എല്ലാ മാതാപിതാക്കളും മക്കളും ഇത് വായിക്കണം.. ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കണം.. ഞാന്‍ ഇത് എന്നാല്‍ കഴിയാംവിധം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും.. അതിലൂടെ ആര്‍കെങ്കിലും ഒരു പുനര്‍ചിന്തനം ഉണ്ടായാലോ..
നല്ലൊരു മനസിന്‌ഉടമയായ അങ്ങേക്ക് സര്‍വേശ്വരന്‍ ആരോഗ്യവും ആയുസും തരട്ടെ.. അതിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ഉപദേശങ്ങളും സഹായങ്ങളും ലഭിക്കട്ടെ..
കുടുംബത്തിന്റെയും ബന്ധങ്ങളുടേയുമൊക്കെ നിര്‍വചനവും സ്വഭാവവും കാഴ്ചപ്പാടുകളും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാകേഷേ, നമ്മളൊക്കെ ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പുതിയ കാലഘട്ടത്തിലെ മൂല്യങ്ങളും പരിണമിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഈ പഴഞ്ചന്‍ രീതികളൊന്നും ഇനിയത്തെ തലമുറയ്ക്ക് അത്ര പിടിച്ചോണമെന്നില്ല; അതിന്റെയാവശ്യവുമില്ല. കമന്റിന് ഒരുപാട് നന്ദി. മറുപടി വൈകിയതിന് ക്ഷമാപണം.
വായിച്ചു ഒരുപാടു തവണ പലപ്പോഴും കണ്ണുനീര കാഴ്ചയെ മറച്ചതുകൊണ്ടാണ് വീണ്ടും വായികേണ്ടി വന്നത് എന്നത് സത്യം. എന്താണ് പറയുക വാക്കുകള്ക് പ്രസക്തിയില്ലാത്ത ഒരുപാടു നിമിഷങ്ങള ജീവിതതിലുണ്ടയിട്ടുണ്ട്.. നിശബ്ദമായി ഒരു നിമിഷമിരുന്നിട്ടു സാറിന്റെ പാടങ്ങളിൽ ഒന്ന്
തൊടാനാണ് തോന്നിയത്... മറ്റെന്താണ് സർ പറയുക ....
എന്തായാലും ഇൻഷുറൻസ് കമ്പനികളുടെ ഇത്തരം തട്ടിപ്പുകൾകിരയായ ഒരുപാടു പെരെപോലെ മിണ്ടാതിരുന്നില്ലല്ലോ ..അനുഭവങ്ങള പങ്കുവെക്കാനുള്ള സന്മനസ് കാണിച്ചതിന് നന്ദിയുണ്ട് താങ്കളുടെ കുടുംബത്തെ എന്നും മനസ്സിൽ സൂക്ഷിക്കുന്നു....
വായിച്ചു ഒരുപാടു തവണ പലപ്പോഴും കണ്ണുനീര കാഴ്ചയെ മറച്ചതുകൊണ്ടാണ് വീണ്ടും വായികേണ്ടി വന്നത് എന്നത് സത്യം. എന്താണ് പറയുക വാക്കുകള്ക് പ്രസക്തിയില്ലാത്ത ഒരുപാടു നിമിഷങ്ങള ജീവിതതിലുണ്ടയിട്ടുണ്ട്.. നിശബ്ദമായി ഒരു നിമിഷമിരുന്നിട്ടു സാറിന്റെ പാടങ്ങളിൽ ഒന്ന്
തൊടാനാണ് തോന്നിയത്... മറ്റെന്താണ് സർ പറയുക ....
എന്തായാലും ഇൻഷുറൻസ് കമ്പനികളുടെ ഇത്തരം തട്ടിപ്പുകൾകിരയായ ഒരുപാടു പെരെപോലെ മിണ്ടാതിരുന്നില്ലല്ലോ ..അനുഭവങ്ങള പങ്കുവെക്കാനുള്ള സന്മനസ് കാണിച്ചതിന് നന്ദിയുണ്ട് താങ്കളുടെ കുടുംബത്തെ എന്നും മനസ്സിൽ സൂക്ഷിക്കുന്നു....
Thanks a lot, Bhadra, for the kind words. What else to say?
Acha...
Yes, Sanju...
pediyodu koodiyannu ee bloginnu comment idunathu karannam parishuthavum sathiyamaya eee bloginne (moopinstte jividhathey) entte ithiriyegilum kalagam ulla manasinu kalanga pedutho enna pedi entte ullil und. thanx for sharing... orupadu manasikam patti enikku .pinne ennte anujathikku oru nalle bhaviyum jivitham ashamsikkunu thanxs a lot :)
അയ്യയ്യോ എന്റെ നീതു, എന്തൊക്കെയാ ഈ എഴുതിക്കൂട്ടിയിരിക്കുന്നത്! പരിശുദ്ധം, സത്യം, കളങ്കം, പേടി....! എനിക്കു വയ്യ!
hello how are you ?
കഴിഞ്ഞുപോകുന്നു, ജെറിൻ. ദാ, ഒരു മഹാപ്രളയത്തെയും അതിജീവിച്ചു.
Post a Comment