Thursday, May 13, 2010

എഞ്ചിനീയർമാരോ ഈ നാടിന്റെ ശാപം?

സാമൂഹ്യദ്രോഹികളും ക്രിമിനലുകളും ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരും, മനുഷ്യജീവനു പുല്ലുവിലപോലും കൽ‌പ്പിക്കാത്ത പ്രൈവറ്റ് ബസ് ഡ്രൈവർമാരും മദ്യ-മണൽ മാഫിയകളുമൊക്കെ ഒരു നാടിന്റെ ശാപമായിമാറുന്ന കഥകൾ നിത്യേനയെന്നോണം കേൾക്കാറുണ്ട് നാം. എന്നാൽ ഇവരെയൊക്കെ കടത്തി വെട്ടുകയാണ്, എറണാകുളം ജില്ലയിലെ ആലുവ എന്ന ദേശത്ത് എഞ്ചിനീയർമാർ! എഞ്ചിനീയർമാരെന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും സിവിൽ എഞ്ചിനീയർമാരെന്ന് തിരുത്തിക്കൊള്ളട്ടെ. ഇരുപത്തയ്യായിരം മുതൽ ലക്ഷത്തിനു തൊട്ടു താഴെ വരെ പ്രതിമാസം ശമ്പളം മേടിക്കുന്ന ഈ സാങ്കേതിക വിദഗ്ധർ ഈ നാടിനോട് ചെയ്ത ഏതാനും ക്രൂരതകളുടെ, താഴെക്കൊടുത്തിരിക്കുന്ന വിവരണങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ, ഈ പ്രസ്താവനയിൽ അസാംഗത്യമില്ലെന്ന് ആർക്കും ബോധ്യപ്പെടുമെന്നുതന്നെയാണെന്റെ വിശ്വാസം.


1. പെരിയാർ നദീതട ജലസേചന പദ്ധതിയുടെ ഭാഗമായ അക്വഡക്റ്റ് 


ആലുവ, പറവൂർ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരങ്ങളിലേക്ക്, കൃഷി ആവശ്യങ്ങൾക്കായി ഇടമലയാർ  നിന്നും വെള്ളം കൊണ്ടുവരുന്നതിനായി പണിത അക്വഡക്റ്റാണിത്. ഏക്കർ കണക്കിനു സ്ഥലവും ഏറ്റെടുത്ത്, കോടികൾ  ചെലവിട്ട്, കിലോമീറ്ററുകൾ നീളത്തിൽ, ആയിരക്കണക്കിനു കോൺക്രീറ്റ് തൂണുകൾക്കു മുകളിലൂടെ പണിതുതീർത്ത ഈ സാധനത്തിലൂടെ ഒരു തുള്ളി വെള്ളം പോലും കൃഷിക്കായി ഒഴുകിയത് എന്റെ ഓർമ്മയിലില്ല. മാത്രമല്ല, എടമലയാർ ഭാഗത്ത് ഒഴിക്കുന്ന വെള്ളം ആലുവയിലെത്തുന്നതിനുപകരം ആലുവ ഭാഗത്തു പെയ്യുന്ന മഴവെള്ളം പോലും ഇടമലയാറെത്തുന്ന അവസ്ഥാവിശേഷമാണ് പണി തീർന്നപ്പോൾ ഉണ്ടായതെന്നാണ് അക്കാലത്തെ പത്രവാർത്തകളിൽ നിന്നും അറിഞ്ഞതും! ആലുവ ചന്തയുടെ തൊട്ടടുത്തുനിന്നും തുടങ്ങി, ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര ദ്വീപിനു മുകളിലൂടെ സഞ്ചരിച്ച്, പെരിയാറിന്റെ രണ്ടു കൈവഴികളെയും മറികടന്ന്, യു. സി. കോളേജിനു സമീപം അവസാനിക്കുന്ന ഈ അക്വഡക്റ്റിനു ഏകദേശം മൂന്നു കിലോമീറ്ററാണ് നീളം.

2. ദേശീയപാതയിലെ മീഡിയനുകൾ




വാഹനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടിയ ദേശീയ പാത 47 -ലെ ( National Highway - 47 ), ചേർത്തല മുതൽ ആലുവ വരെയുള്ള ഭാഗം ആദ്യമായി നാലുവരി പാതയായി വികസിപ്പിക്കുന്ന വാർത്ത, വലിയൊരു ആശ്വാസമായാണ് ജനങ്ങൾക്കനുഭവപ്പെട്ടത്. പക്ഷെ, നിലവിലെ രണ്ടു വരി പാത വികസിച്ച്, നാലു വരിയായപ്പോൾ ഈ പാതയൊന്നു മുറിച്ചു കടക്കുവാൻ പറ്റാതെ ജനം വലയുവാൻ തുടങ്ങി. നേരത്തെ, രണ്ടുവരിയിലൂടെ വരുന്ന വാഹനങ്ങളുടെ ചെറിയ ഇടവേളകൾ അവസരമാക്കി റോഡ് മുറിച്ചുകടന്നിരുന്നെങ്കിൽ ഇപ്പോൾ, യാതൊരു നിയന്ത്രണവുമില്ലാതെ നാലു വരിയിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കു നടുവിലൂടെ ജീവനും കൈയ്യിൽ പിടിച്ചു വേണം റോഡ് ഒന്ന് ക്രോസ്സ് ചെയ്യണമെങ്കിൽ എന്നായി. വൃദ്ധരും ചെറിയ സ്കൂൾ കുട്ടികളുമുൾപ്പെടെയുള്ള മനുഷ്യരൊക്കെ നിരന്തരമായി വാഹനാപകടങ്ങളിൽ പെടുകയും ഒരുപാടു പേരുടെ ജീവൻ ഈ അപകടങ്ങളിൽ പൊലിയുകയും ചെയ്തിട്ടുപോലും ദേശീയ പാത അധികൃതർക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. ‘കരക്കാരുടെ മക്കളല്ലേ വണ്ടിയിടിച്ച് ചാവുന്നത്, അതിനു ഞങ്ങൾക്കെന്ത് ചേതം?’ എന്നതായിരുന്നു മട്ട്. പുളിഞ്ചോട്, ഗാരേജ്, കമ്പനിപ്പടി മുതലായ ഭാഗങ്ങൾ നിത്യേനയെന്നോണം മനുഷ്യരക്തം വീണു കുതിർന്നപ്പോഴും, പാതകൾക്കു നടുവിലെ മഞ്ഞ വരകൾ മാത്രം മതി നാട്ടുകാരുടെ സുരക്ഷയ്ക്ക്, എന്നതായിരുന്നു എഞ്ചിനീയരദ്ദേഹത്തിന്റെ നിലപാട്.

ഞാനന്ന്, ദേശീയ പാതയ്ക്ക് തൊട്ടടുത്തുള്ള, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഇടപ്പള്ളിയിലുള്ള ദേശീയ പാതാ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് ഔദ്യോഗികമായിത്തന്നെ ഒരു കത്ത് തയ്യാറാക്കി, അന്ന് വർക്സ് മാനേജരായിരുന്ന ഏറ്റുമാനൂർ സ്വദേശി സുശീലൻ നായർ സാറിനെക്കൊണ്ട് ഒപ്പിടീച്ച് അയച്ചു. റോഡ് മുറിച്ചുകടക്കാൻ ദേശീയപാതയ്ക്കു നടുവിലെ  മഞ്ഞ വരകൾക്കുള്ളിൽ അഭയം തേടുന്ന ആൾക്കാരാണ് അധികവും അപകടങ്ങളിൽ പെടുന്നതെന്നും, ഈ സ്ഥാപനത്തിലെ അഞ്ഞൂറോളം ജീവനക്കാരും നൂറുകണക്കിന് സ്കൂൾ കുട്ടികളും, ആയിരക്കണക്കിന് നാട്ടുകാരും നിത്യേനയെന്നവണ്ണം ഇവിടെ കഷ്ടപ്പെടുകയാണെന്നും ഒക്കെ അതിൽ വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു. ഇതിനൊരു പരിഹാരമായി, സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന, ജനസാന്ദ്രത വളരെ കൂടുതലായുള്ള ഭാഗങ്ങളിലെങ്കിലും മീഡിയൻ പണിയണമെന്നും അതിൽ അഭ്യർഥിച്ചിരുന്നു.

എകദേശം പത്തു ദിവസത്തിനുള്ളിൽ തന്നെ മറുപടി വന്നു. വർക്സ് മാനേജറുടെ ആശങ്കകളൊക്കെ ന്യായമാണെങ്കിലും ദേശീയ പാതയ്ക്കു നടുവിലൂടെ മീഡിയൻ പണിതാൽ അതു റോഡിൽ വെള്ളക്കെട്ടുണ്ടാക്കുമെന്നും, അതുകൊണ്ടുതന്നെ അത് അപ്രായോഗികമാണെന്നും ആയിരുന്നു പോയിന്റ് നമ്പർ വൺ. പോയിന്റ് നമ്പർ റ്റു: താങ്കളുടെ ജീവനക്കാരോടും മറ്റുള്ളവരോടും വേറേ എവിടെയെങ്കിലും പോയി റോഡ് മുറിച്ചു കടക്കുവാൻ ഉപദേശിക്കുക! എത്ര നിസ്സാരമായി എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രശ്നത്തിനു പരിഹാരം കണ്ടൂ എന്നു നോക്കുക - റോഡപകടങ്ങൾ ഒഴിവാക്കുവാൻ റോഡിലിറങ്ങാതിരിക്കുക! രണ്ടു കിലോമീറ്ററിനുള്ളിൽ എവിടെയെങ്കിലും ഒരു സീബ്രാ ക്രോസിങ്ങെങ്കിലും നിലവിലില്ലാത്ത റോഡ് മുറിച്ചുകടക്കാനാണീ വിചിത്ര നിർദ്ദേശം എന്നുകൂടി ഓർക്കേണ്ടതുണ്ട്! ഒടുവിൽ വർദ്ധിച്ചുവന്ന മാധ്യമ വിമർശനങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വന്നപ്പോൾ മാത്രമാണ് ഇന്നു കാണുന്ന മീഡിയൻ പണിതത് എന്നുള്ളത് വെറും നഗ്നമായ യാഥാർഥ്യം.

3. ആലുവാ ശിവക്ഷേത്രം


സ്വന്തം വീടിനു ചുറ്റും, പറമ്പ് മുഴുവനും വലിയൊരു കുഴി കുഴിക്കുന്ന കാര്യം വെറുതെ മനസ്സിലൊന്നു സങ്കല്പിച്ചു നോക്കുക - പ്രത്യേകിചും നിങ്ങളുടെ വീട് പുഴയോരത്താണെങ്കിൽ. തലയ്ക്കകത്ത് വല്ലപ്പോഴുമെങ്കിലും ആൾത്താമസമുള്ള ആരെങ്കിലും അത്തരമൊരു പണി ചെയ്യുമോ? ഏതായാലും ദേവസ്വം ബോർഡിലെ വല്യ ഏതോ ഒരു എഞ്ചിനീയരദ്ദ്യം അതുതന്നെ ചെയ്തു! സ്വന്തം വീട്ടിലല്ല; അതിനു വേറേ ആളെ നോക്കണം. ആലുവ തേവർക്കിട്ടുതന്നെ കൊടുത്തു പണി, അദ്ദ്യേം. മഹാശിവരാത്രി നടക്കുന്ന കേരളത്തിലെ അതിപ്രശസ്തമായ ക്ഷേത്രത്തിന്റെ കാര്യമാണീ പറയുന്നത്. ആലുവാപ്പുഴയുടെ തീരത്ത്തന്നെ ആലുവ മണപ്പുറത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുചുറ്റും വല്യ ഒരു കുഴിയെടുത്ത്, കുഴിയ്ക്ക് ചുറ്റും സിമന്റ് കൊണ്ട് കയ്യാല തീർത്ത്, തറ മുഴുവം കരിങ്കല്ല് പാകി ഈ വിദ്വാൻ. ചിലവ് വെറും അൻപത് ലക്ഷത്തിനടുത്ത് മാത്രം! നാലു മഴ അടുപ്പിച്ചു പെയ്താൽ, പുഴയിൽ അൽ‌പ്പം വെള്ളം പൊങ്ങിയാൽ, ഈ കുഴി നിറയെ ചെളിയും വെള്ളവും നിറയും എന്നത് സമകാലീന യാഥാർഥ്യം.

സ്വയംഭൂവെന്നും വില്വമം‌ഗലത്ത് സ്വാമിയാർ പ്രതിഷ്ഠ നടത്തിയതെന്നുമൊക്കെ വിശ്വസിക്കപ്പെടുന്ന അതിപുരാതനമായ ഈ ക്ഷേത്രത്തിലെ മഹാദേവചൈതന്യം ഇക്കണ്ടകാലം വരെയും പ്രകൃതിയോടിണങ്ങിത്തന്നെയാണ് ഇവിടെ നിലനിന്നിരുന്നത്; പുഴയിലെ ജലവിതാനം ഉയരുമ്പോൾ നീരാടിയും, പ്രകൃതിയിലെ മഹാഭൂതങ്ങളോട് നിരന്തരം സംവദിച്ചും, ഒരു മേലാപ്പിന്റെയും പുറം‌മോടിയുടേയും പിൻ‌ബലമില്ലാതെയും. പക്ഷെ, അൽ‌പജ്ഞാനിയായ ആധുനിക മനുഷ്യൻ തന്റെ പരാധീനതകൾ മുഴുവനും ദൈവങ്ങളുടേയും മേൽ കെട്ടിവെക്കുമ്പോൾ, ദൈവങ്ങൾക്ക് കോൺക്രീറ്റ് രമ്യഹർമ്യങ്ങൾ പണിയേണ്ടത് അവന്റെ
ആവശ്യമായി വരുന്നു. ദേശത്തുണ്ടായിരുന്ന കാവുകളൊക്കെ തൂർന്നുപോയിട്ടും ബാക്കിവന്ന അപൂർവം കാവുകളിലെ വൃക്ഷങ്ങളുടെ തണലിൽ ഒരു പരാതിയുമില്ലാതെ കഴിഞ്ഞുകൂടിയിരുന്ന കരിങ്കൽചീളുകളെ പോലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആധുനിക മനുഷ്യൻ കോൺക്രീറ്റ് കൂടുകൾക്കുള്ളിൽ തടവിലാക്കിക്കഴിഞ്ഞു. ഇവിടെ, ആലുവാ മഹാദേവക്ഷേത്രത്തിൽ ആധുനികമായ മേൽക്കൂരയും മറ്റേർപ്പാടുകളുമൊക്കെ കേമമായിട്ടുണ്ടെന്നു പുതിയ നൂറ്റാണ്ടിന്റെ കാഴ്ചപ്പാടിലൂടെ സമ്മതിക്കുമ്പോൾപ്പോലും, നാലടി താഴ്ചയിൽ ഈ കുഴിയെടുത്തതെന്തിനെന്ന് ഒരെത്തും‌പിടിയും കിട്ടുന്നില്ല - പ്രത്യേകിച്ചും ഇക്കഴിഞ്ഞ കർക്കിടകവാവിന്റെ തലേന്നാൾമാത്രം ഇവിടുത്തെ ചെളി കോരി മാറ്റാൻ അറുപതിനായിരം രൂപയോളം ചെലവായിയെന്നു കേൾക്കുമ്പോൾ; ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ സ്ഥിരമായി ഈഇനത്തിൽ അന്നുമുതൽ ചിലവാക്കുന്നുണ്ടെന്ന് കേൾക്കുമ്പോൾ!

4. ആലുവ ഫ്ലൈ-ഓവർ


ആലുവാ പട്ടണത്തിൽ നിന്നും വരുന്ന രണ്ട് പ്രധാന പാതകളും ദേശീയ പാതയുമായി സന്ധിക്കുന്നത് പുളിഞ്ചോട് കവലയിലും ബൈപ്പാസ് ജംഗ്ഷനിലുമാണ്. രണ്ടിടത്തും നിലവിൽ ട്രാഫിക്ക് സിഗ്നലുകളുമുണ്ട്. എറണാകുളത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ആദ്യം പുളിഞ്ചുവട് കവലയും പിന്നീട് ഒന്നുരണ്ട് കിലോമീറ്റർ അപ്പുറത്ത് ബൈ പാസ് ജംഗ്ഷനും, തുടർന്ന് മാർത്താണ്ഡവർമ്മ പാലവും കടന്നാണ് നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടാവുക. ഈ രണ്ട് ജങ്ഷനുകളിലേയും അതുവഴി ആലുവ പട്ടണത്തിലേയും വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും ഒഴിവാക്കുവാനത്രേ ആലുവായിൽ ഫ്ലൈ-ഓവർ പണിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ തമാശ ഇനി കേട്ടോളൂ. ഫ്ലൈ ഓവർ തുടങ്ങുന്നത് പുളിഞ്ചോട് ജം‌ഗ്ഷൻ കഴിഞ്ഞ്; അവസാനിക്കുന്നത് ബൈ പാസ് ജം‌ഗ്ഷനു മുമ്പും! ഇതിനിടയിൽ ഇതിനടിയിലൂടെ ക്രോസ് ചെയ്തു പോകുന്ന അണ്ടർ പാസുകളൊന്നും നിലവിലില്ലതാനും!

എന്തെങ്കിലുമാകട്ടെ, ഈ പണിയും പക്ഷെ, പാതി വഴിയിൽ അവസാനിച്ചിരിക്കുകയാണ്. ഇതിനു മുകളിലൂടെ പോകുന്ന ഹൈ ടെൻഷൻ ലൈനിന്റെ കാര്യത്തിൽ, വൈദ്യുതി ബോർഡുമായും ആലുവ മുനിസിപ്പാലിറ്റിയുമായും തർക്കമുണ്ടായതാണത്രെ നിർമാണസ്തംഭനത്തിനു ഹേതു. ഇക്കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി ശ്രീ. കെ.പി. ധനപാലൻ എം.പി ഇക്കാര്യം ചർച്ച ചെയ്യാൻ നാഷണൽ ഹൈവേ അഥോറിറ്റി ( NHAI ) യിലെ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും ഒരു യോഗം വിളിച്ചതായി പത്രത്തിൽ വായിക്കുകയുണ്ടായി. ഉദ്യോഗസ്ഥരുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ തയ്യാറാകാതിരുന്ന എം.പി. സൈറ്റും സന്ദർശിക്കുകയുണ്ടായെന്നാണ് വാർത്ത. ഒടുവിൽ ഫ്ലൈ ഓവർ വന്നു കഴിഞ്ഞാൽ നിലവിലുള്ളതിലും രൂക്ഷമായിരിക്കും ഗതാഗതക്കുരുക്കെന്ന് എം.പി ക്കു മുമ്പിൽ ഉദ്യോഗസ്ഥർ സമ്മതിച്ചുവത്രെ.

ആലുവാ നഗരത്തിൽ നിന്നു വരുന്ന വാഹനങ്ങളെ ചന്തക്കപ്പേളയുടെ അടുത്തുനിന്ന് ഇടത്തോട്ട് തിരിച്ചു വിട്ടാൽ, ഈ പുതിയ ഫ്ലൈ ഓവറിനടിയിലൂടെ സിഗ്നൽ ഒഴിവാക്കി ദേശീയ പാതയോടനുബന്ധിച്ചുള്ള സർവീസ് റോഡിൽ പ്രവേശിപ്പിക്കാൻ കഴിയും എന്നത് ഒരു വസ്തുതയാണ്. പക്ഷെ, കാരോത്തുകുഴി കവല മുതൽ അങ്ങേയറ്റം ഇടുങ്ങിയതാണീ റോഡ് (മാർക്കറ്റ് റോഡ്) എന്നതു തന്നെ ഈ നിർദ്ദേശം അപ്രായോഗികമാക്കുന്നു. മാർക്കറ്റ് റോഡ് വികസിപ്പിക്കണമെങ്കിൽ ഇപ്പോഴുള്ള അനേകം വ്യാപാരസ്ഥാപനങ്ങൾ പൊളിക്കേണ്ടി വരുമെന്നതും ഈ സാധ്യതയെ ദുഷ്കരമാക്കുന്നു.

എന്നാൽ, റെയിൽ‌വേ സ്റ്റേഷൻ - കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഭാഗത്തുനിന്നും ഗവ. ആശുപത്രി വഴി കാരോത്തുകുഴി ജം‌ഗ്ഷനിലെത്തുന്ന നിലവിലുള്ള വിസ്തൃതമായ പാത (മസ്ജിദ് റോഡ്) വെറും ഒരു നൂറു മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് ദീർഘിപ്പിച്ചാൽ, മാർക്കറ്റ് റോഡിലെ കുരുക്ക് ഒഴിവാക്കി വാഹനങ്ങൾക്ക് നേരിട്ട് ദേശീയ പാതയിലെ സർവീസ് റോഡിലെത്താൻ കഴിയും. ഇവിടെ നിലവിലുള്ള രണ്ടോ മൂന്നോ ഓടിട്ട ഗോഡൌണുകൾ മാത്രമേ പൊളിക്കേണ്ടിയും വരികയുള്ളു. പക്ഷെ, ഇങ്ങനെയൊരു പാത നിർമ്മിച്ചാലും, അതല്ല ചന്തയുടെ അടുത്തുനിന്ന് പടിഞ്ഞാറോട്ട് തിരിച്ചുവിട്ടാലും, വാഹനങ്ങൾക്ക് ചുരുങ്ങിയത് രണ്ട് 90 ഡിഗ്രി വളവുകളെങ്കിലും എടുത്ത് വേണ്ടിവരും ബൈപ്പാസ് ജം‌ഗ്ഷനിലെത്താൻ.

ഇങ്ങനെയൊക്കെയായാൽ‌പ്പോലും ഈ വാഹനങ്ങളും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളും, എല്ലാം കൂടി മാർത്താണ്ഡവർമ്മ പാലത്തിനടുത്തെത്തുമ്പോൾ വീണ്ടും കുപ്പിക്കഴുത്തിൽ പെടുമെന്നത് വേറേ കാര്യം!

5. എയർ പോർട്ട് റോഡ്



എയർ പോർട്ടിനു പത്തുപതിനഞ്ച് കിലോമീറ്റർ മുമ്പു തന്നെ, കളമശ്ശേരിയിൽവെച്ച് ‘കട്ടേം പടോം മടക്കിയ‘ സീപ്പോർട്ട് - എയർപ്പോർട്ട്  റോഡിന്റെ കാര്യം ഞാനൊന്നും പറയുന്നില്ല. ഇവിടെയും നൂറുകണക്കിന് ആൾക്കാരുടെയാണ് സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുത്തത്. ആ വിജ്ഞാപനം പോലും റദ്ദായിയെന്നാണ് അവസാനം പത്രത്തിൽ വായിച്ച ഓർമ്മ.

അതുപോട്ടെ, അത്താണിയിൽനിന്ന് എയർ പോർട്ടിലേയ്ക്കുള്ള റോഡിൽ എന്തിനാണിത്രയും കൊടും വളവുകളും തിരിവുകളും? ഇവിടെ സ്ഥലപരിമിതിയുടെ പ്രശ്നം പോലും ഉയരുന്നില്ല. കാരണം, എയർപോർട്ടിനും റോഡിനുമൊക്കെ ഭാവിയിലുണ്ടായേക്കാവുന്ന വികസനം പോലും മുന്നിൽ കണ്ടാണ് ഇവിടെ സ്ഥലം അക്വയർ ചെയ്തത്. വിദേശരാജ്യങ്ങളിലൊക്കെ കാണുന്ന പോലുള്ള വിശാലമായ നേർപാത ഇവിടെ ഒഴിവായത് എന്തിന്റെ പേരിലാണാവോ?

ശ്രീ. വി.ജെ. കുര്യനെ പോലുള്ള കാര്യക്ഷമത തെളിയിച്ച പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധ റോഡിന്റെ കാര്യത്തിൽ ഉണ്ടാവാതിരുന്നതല്ല, മറിച്ച് സാങ്കേതികവും യുക്തിഭദ്രവും സ്ഥിതിവിവര കണക്കുകളുടെ പിൻബലവുമുള്ള വസ്തുതകളാണതിനു പിന്നിലെന്ന് നമുക്ക് ആശിക്കാം - പ്രത്യേകിച്ച്, ഇന്നീ കൊടുംവളവുകളെ കുറച്ചെങ്കിലും ന്യായീകരിക്കാൻ പോന്നതരത്തിൽ ഗോൾഫ് കോഴ്സൊക്കെ വന്ന സ്ഥിതിയ്ക്ക്.

തലമണ്ടയ്ക്കകത്ത് കിഡ്നിയില്ലാത്തതോ പ്രശ്നം?

ഇതെന്താണിങ്ങനെ? ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നവയിൽ എയർപോർട്ടിനെ സംബന്ധിക്കുന്നത് നമുക്ക് തത്കാലം ഒഴിവാക്കാം. ബാക്കി നാല് ആഭാസങ്ങളുടേയും കാര്യമെടുത്താൽ ഏതെങ്കിലുമൊരു എഞ്ചിനീയരദ്ദ്യേം ഒറ്റയ്ക്ക് വിചാരിച്ചാൽ നടക്കുന്നവയല്ല ഇവയിലൊന്നുപോലും എന്നു കാണാം. പ്രൊപ്പോസൽ തുടങ്ങി അപ്രൂവൽ വരെയും, അതുകഴിഞ്ഞ് എക്സിക്യൂഷൻ തുടങ്ങി കമ്മീഷനിങ്ങ് വരെയുമുള്ള വിവിധ ഘട്ടങ്ങളിലായി ഒരുപാടൊരുപാട് അങ്ങത്തമാർ ഈ പദ്ധതികളിൽ ഭാഗഭാക്കാവുന്നുണ്ട്. അസിസ്റ്റന്റ് അങ്ങത്ത, അസിസ്റ്റന്റ് എക്സിക്യുട്ടീവ് അങ്ങത്ത, എക്സിക്യുട്ടീവ് അങ്ങത്ത, സൂപ്രണ്ടിങ് അങ്ങത്ത, ഡെപ്യൂട്ടി ചീഫ് അങ്ങത്ത, ചീഫ് അങ്ങത്ത...അങ്ങനെയങ്ങനെ പലപല അങ്ങത്തമാർ. ഇതിലൊരാളുടെ തലമണ്ടയ്ക്കകത്തെങ്കിലും അല്പം ചകിരിച്ചോറെങ്കിലുമുണ്ടായിരുന്നെങ്കിൽ ഇതെല്ലാം ഇന്നിങ്ങനെ അവസാനിക്കുമായിരുന്നോ എന്നു ചിന്തിക്കുമ്പോളാണ് കാര്യങ്ങൾ ഇവിടെ മാത്രമല്ല കിടക്കുന്നത് എന്ന് നാം സംശയിക്കാൻ തുടങ്ങുന്നത്. ചീഫ് അങ്ങത്ത്യ്ക്കു മുകളിൽ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ വല്യ വല്യ ഏമാന്മാരും അതുകഴിഞ്ഞ് സർക്കാർ എന്നൊരു സാധനവും അറിയാതെ ഈ അഭാസങ്ങളൊന്നും നടക്കില്ല എന്നു വ്യക്തം. അപ്പൊ, എഞ്ചിനീരദ്ദ്യങ്ങളുടെ മാത്രം തലയിൽ കിഡ്നി ഉണ്ടായാൽ‌ പോരാ, ഐ.എ.എസ്സുള്ളതും ഇല്ലാത്തതുമായ ഏമാന്മാരുടെ തലയിലും ഈ സാധനം വേണമെന്നു ചുരുക്കം. ഇതുങ്ങളുടെ തലയ്ക്കകത്തു പോലും, മരുന്നിന് പോലും ഈ സാധനം ഇല്ലെന്നോ? അപ്പൊ കാര്യങ്ങൾ അവിടെയും നിൽക്കുന്ന മട്ടില്ല. ആലുവയ്ക്ക് സ്വന്തമായി എം.പി ഇല്ലെന്നതു പോട്ടെ സ്വന്തമായി ഒരു എം.എൽ.എ -യും സ്വന്തമായി ഒരു മുനിസിപ്പൽ ചെയർമാനും പിന്നെ  കൌൺസിലർമാരുടെ ഒരു പടയും സ്വന്തമായി ഉണ്ടല്ലോ! ഇങ്ങനെ കുറേ ആഭാസങ്ങൾ തങ്ങളുടെ നെഞ്ചത്ത് കൊണ്ട് കുത്തിക്കേറ്റിയിട്ടും ഇവരും ആരും ഇതൊന്നും അറിഞ്ഞില്ലേ? അതോ, ഇതൊന്നും ഇവരറിയേണ്ട കാര്യങ്ങളല്ലെന്നോ? ഇപ്പൊ, കാര്യങ്ങളുടെ കിടപ്പ് നിങ്ങൾക്ക് ഏകദേശം വെളിപ്പെട്ടുകിട്ടിയോ? ഇല്ലെങ്കിൽ, എനിക്ക് തോന്നുന്നത് പറയാം: തലമണ്ടയ്ക്കകത്ത് കിഡ്നി ഇല്ലാത്തതോ ഉണ്ടായിട്ടും അതു വർക്ക് ചെയ്യാത്തതോ അല്ല പ്രശ്നം. അവർക്കൊക്കെ അതു കൂടുതലുണ്ടായതും നമുക്കൊന്നും അതില്ലാത്തതുമാണ് പ്രശ്നം.

ഇനി, ഇതൊന്നും നമ്മൾ പൊതുജനം ആലോചിക്കണ്ട കാര്യമല്ല എന്നുണ്ടോ? സുഹൃത്തേ, അൻപതു പൈസ കൊടുത്ത് ഒരു തീപ്പെട്ടി മേടിച്ചാൽ, അല്ലെങ്കിൽ നിങ്ങളുടെ ബൈക്കിൽ ഒരു ലിറ്റർ പെട്രോൾ ഒഴിച്ചാൽ, അതുമല്ലെങ്കിൽ ബിവറേജസ്സിൽ ചെന്ന് ക്യൂ നിന്ന് ഒരു കുപ്പി റം മേടിച്ചാൽ അതുമല്ലെങ്കിൽ, കുട്ടികളുമായി ഒരു സിനിമയ്ക്ക് പോയി ടിക്കറ്റെടുത്താൽ, വേണ്ട, ചാകാൻ കിടക്കുന്ന തള്ളയ്ക്ക് നാലുനേരത്തേക്കുള്ള ഗുളിക മേടിച്ചാൽ; ഒന്ന് ‘അയ്യോ’ എന്നു പറയാൻ പോലും സമ്മതിക്കാതെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ബലമായി കൈയ്യിട്ട് കുത്തിവാരി തട്ടിപ്പറിച്ചെടുക്കുന്ന നികുതിപ്പണത്തിൽനിന്നാണീ മാമാങ്കങ്ങൾ നടത്തുന്നത്. അതിൽനിന്നു തന്നെയാണീ ഈ അങ്ങത്തമാർക്കും ഏമാന്മാർക്കും ശമ്പളം കെട്ടിക്കോരി കൊടുക്കുന്നതും.

ഉപസംഹാരം

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലാണീ അക്വഡെക്റ്റ് പണിയുന്നത്. എൺപതുകളിൽത്തന്നെ ഈ പദ്ധതി പൂർണമായും ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഓർമ്മ. കോതമം‌ഗലത്തിനുമപ്പുറമുള്ള ഇടമലയാർ മുതൽ വടക്കൻ പറവൂർ വരെയുള്ള ആയിരക്കണക്കിന് ആൾക്കാരുടെ സ്ഥലം പൊന്നും വിലയ്ക്കെടുത്ത്, ഒരുപാടൊരുപാട് കോടികൾ തുലച്ച ഈ പദ്ധതിയുമായി ബന്ധപ്പെട്ടവരെല്ലാം ഇന്ന് പെൻഷനും ഗ്രാറ്റുവിറ്റിയും എല്ലാം മേടിച്ച് സുഖമായി കഴിയുന്നുണ്ടാവണം. ഒരു മീഡിയൻ പണിയാതിരിക്കാൻ ആയിരം ന്യായങ്ങൾ പറഞ്ഞ് നൂറു കണക്കിന് മനുഷ്യജന്മങ്ങളെ മഞ്ഞ വരകൾക്കുള്ളിൽ നിറുത്തി കാലപുരിക്കയച്ച ദേശീയപാതാ അധികൃതരും അതിന്റെ സംതൃപ്തിയിൽ ഇന്ന് വിശ്രമജീവിതം നയിക്കുന്നുണ്ടാകും - എല്ലാ അനുകൂല്യങ്ങളും പറ്റി. ദേവസ്വം ബോർഡിലെ അങ്ങത്തമാർ പരമശിവനെ വരെ വെള്ളത്തിലാക്കിയതിന്റെ നിർവൃതിയിലായിരിക്കും വിശ്രമജീവിതം നയിക്കുന്നുണ്ടാവുക. പക്ഷെ, ആലുവ ഫ്ലൈ ഓവർ ഇന്നത്തെ രീതിയിൽ പണിയാൻ കൂട്ടുനിന്ന എല്ലാവരും ഇപ്പോഴും ഇവിടെത്തന്നെ ഉണ്ടാവാനാണ് സാധ്യത. പത്രങ്ങളിൽ വായിക്കുന്നതും ബസ്സിൽ പോകുമ്പോൾ നേരിട്ടു കാണുന്നതുമെല്ലാം ശരിയാണെങ്കിൽ, ഇതൊരു ചതിയാണെങ്കിൽ, ഇതൊരു തീവെട്ടിക്കൊള്ളയാണെങ്കിൽ, ഇവരെയെങ്കിലും വെറുതെ വിടാതിരുന്നെങ്കിൽ എന്നാശിച്ചുപോവുകയാണ്.

പക്ഷെ, ഇവരെ മാത്രം വെറുതെവിടാതിരുന്നതുകൊണ്ട് എന്ത് കാര്യം? അദൃശ്യരായിരുന്ന്, എല്ലിൻ‌കഷണങ്ങൾ എറിഞ്ഞുകൊടുത്ത്, അങ്ങത്തമാരെയും ഏമാന്മാരെയും കൊണ്ട് ഈ പണിയൊക്കെ ചെയ്യിപ്പിക്കുന്ന, ഒരിയ്ക്കലും പിടിതരാത്ത വമ്പൻ സ്രാവുകൾ - അങ്ങനെ കുറെ വേതാളങ്ങളുണ്ടെങ്കിൽ അവർ - പരിപൂർണ്ണ സ്വതന്ത്രരായി വിലസുമ്പോൾ? ഇക്കഴിഞ്ഞ മാർച്ച് മുപ്പതാം തീയതിയിലെ പത്രത്തിൽ വന്ന ഈ വാർത്തയും കൂടി കൂട്ടി വായിച്ചിട്ട് തീരുമാനിക്കുക. ഇൻ‌കം ടാക്സ് വകുപ്പിനു മുമ്പിൽ സമർപ്പിച്ച കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ 2007-08 ലെ ‘വെളിപ്പെടുത്തപ്പെട്ട’ ആസ്തി:

ഇന്ത്യൻ നാഷണൽ കോൺ‌ഗ്രസ് - 340 കോടി
ഭാരതീയ ജനതാ പാർട്ടി - 120 കോടി
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി - 69 കോടി

നിങ്ങൾക്കു വല്ലതും മനസ്സിലായോ? എനിക്കൊന്നും മനസ്സിലായില്ല. അതാണു പറഞ്ഞത്, തലമണ്ടയ്ക്കകത്ത് കിഡ്നിയില്ലാത്തതും, അതുണ്ടായിട്ടും വർക്ക് ചെയ്യാത്തതും  അവർക്കല്ല, നമുക്കാണെന്ന്. വിഡ്ഢികുശ്മാണ്ഡങ്ങൾ! മണ്ടശ്ശിരോമണികൾ!

പിൻ‌കുറിപ്പ്

ഇക്കഴിഞ്ഞ ഏപ്രിൽ പത്തൊൻപതാം തീയതിയിലെ മാതൃഭൂമിയിൽ വായിച്ചത്: “ആലുവാ മണപ്പുറത്തേക്ക് തൂക്കുപാലം നിർമ്മിക്കുന്നു“

ഈശ്വരാ, ഇനിയെന്തൊക്കെ കണ്ടാൽ........!

For more Aluva / Alwaye pics try this link



3 comments:

അങ്കിള്‍ said...

ഒരേ ജോലിക്ക് രണ്ട് വെവ്വേറെ ജോലിയാണെന്നു ധരിച്ച് പോകുന്ന രീതിയിൽ ടെണ്ടർ വിളിച്ച് കോടിക്കണക്കിനുള്ള കരാർ ഉറപ്പിക്കുക. എന്നാൽ വിവരാവകാശപ്രകാരം ലഭിച്ച രേഖയിൽ നിന്നും ഇത് മനസ്സിലാക്കി വിവരം തിരക്കിയപ്പോൾ ഒരു ഉളുപ്പും കൂടാതെ രണ്ട് കരാറിൽ ഒന്നു റദ്ദാക്കി എന്ന് അറിയിക്കുക. ഇതെല്ലാം നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ ഒരു കുട്ടിക്കളിയല്ലേ. സർക്കാർ കാര്യത്തിലെ ഈ കഥയൊന്നു വായിക്കു, പൂർണ്ണ വിവരങ്ങൾ അറിയാം.

Jayan said...

സർ,
ലിങ്ക് കൊടുക്കുവാൻ മറന്നതാണോ? ഏതായാലും ഞാൻ ‘സർക്കാർ കാര്യ’ത്തിൽ ഒന്നു പോയി നോക്കി. Great, appreciable effort indeed. Please keep it up. Regards.

ലിജു ഉള്ളിയേരി said...

ഫോണ്ട് ഒന്ന് ചെറുതാക്കിയാല്‍ വായിക്കാന്‍ എളുപ്പമായിരുന്നു ..അഭിനന്ദനങ്ങള്‍....